- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറി നമ്പി നാരായണൻ ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ചെന്ന് എസ്.വിജയൻ; അട്ടിമറി അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി; നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

-തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് സ്വകാര്യ ഹർജി സമർപ്പിച്ചത്.
ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജിയായിരുന്ന രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും നമ്പി നാരായണനും ഉൾപ്പെടുന്ന ഭൂമി ഇടപാടുകൾ നടന്നതായി വിജയൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, ഹർജി നിയമപരമായി നിലനിൽക്കില്ലെന്നു സിബിഐ കോടതിയിൽ വാദിച്ചു.
കേരള പൊലീസിലെയും ഐബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണന്റെ പക്കൽ അനധികൃത സ്വത്തുണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിക്കാനാണെന്നുമാണ് വിജയന്റെ ആരോപണം.
അതേസമയം, ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരാകുമെന്ന് സിബിഐ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, ഡിവൈഎസ്‌പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുമ്പോഴാണ് ഇക്കാര്യം സിബിഐ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസിൽ ഒന്നാം പ്രതി എസ്.വിജയനും രണ്ടാം പ്രതി തമ്പി.എസ്. ദുർഗദത്തിനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഐഎസ്ആർഒ ഗൂഢാലോചന കേസിൽ സിബിഐയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന സുപ്രധാന നിരീക്ഷണം സുപ്രിംകോടതി ഇന്നലെ മുന്നോട്ടുവെച്ചിരുന്നു. നിയമപരമായ നടപടികൾക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐയ്ക്ക് കൂടുതൽ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് നീങ്ങാമെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി സിബിഐ അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും നിർദ്ദേശിച്ചിരുന്നു.
ഡികെ ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. സിബിഐയ്ക്ക് അതിന്മേൽ അന്വേഷണവുമായി മുന്നോട്ടുപോകുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യാം. ഡികെ ജയിൻ സമിതി റിപ്പോർട്ടിൽ മാത്രമാകരുത് സിബിഐ അന്വേഷണമെന്നും സുപ്രിംകോടതി ഊന്നിപ്പറഞ്ഞു. ഡികെ ജയിൻ സമിതി ഇനിയും തുടരേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കും അവകാശമുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുപ്രിംകോടതി സൂചിപ്പിച്ചു. കേസിലെ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സിബിഐ സുപ്രിംകോടതിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രമായ അന്വേഷണത്തിന് കോടതി പച്ചക്കൊടി വീശിയത്.
ഇതിനിടെ ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, 11-ാം പ്രതി ജയപ്രകാശ് എന്നിവർക്കാണ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളോട് കേസന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.


