റ്റ ദൗത്യത്തിൽ പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം( ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ -ഐ.എസ്.ആർ.ഒ) ചരിത്രം രചിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചതിന്റെ റെക്കാർഡ് ഇതുവരെ റഷ്യയ്ക്കായിരുന്നു. ഡി.എൻ.ഇ.പി.ആറിൽ നിന്നും ഐ.സി.ബി.എം. ആയി രൂപാന്തരം വരുത്തിയ സ്വന്തം റോക്കറ്റിലൂടെ അവർ 2014 ജൂണിൽ 37 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചിട്ടുണ്ട്. അതിന് മുമ്പ് 2013ൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ 29 ഉപഗ്രഹങ്ങൾ ഒറ്റദൗത്യത്തിൽ വിക്ഷേപിച്ചിട്ടുണ്ട്.

ചാന്ദ്രയാനും ചൊവ്വാ ദൗത്യത്തിനും ഉപയോഗിച്ച തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ റോക്കറ്റാണ് ഐ.എസ്.ആർ.ഒ ഈ ദൗത്യത്തിനും ഉപയോഗിച്ചിരിക്കുന്നത്. 714 കിലോ ഭാരമുള്ള കാർട്ടോസാറ്റ്-2, ഐഎസ്ആർഒയുടെ രണ്ട് നാനോ ഉപഗ്രഹങ്ങളായ ഐ.എൻ.എസ്-എയും ഐ.എൻ.എസ്-ബിയും യു.എസ്, ഇസ്രയേൽ, യു.എ.ഇ എന്നീ വിദേശരാജ്യങ്ങളുടെ മൊത്തം 700 കിലോ തൂക്കം വരുന്ന 101 ഉപഗ്രഹങ്ങളാണ് ഒന്നിച്ച് വിക്ഷേപിച്ചിരിക്കുന്നത്. 320 ടൺ ഭാരം വരുന്ന പി.എസ്.എൽ.വി-സി-37 റോക്കറ്റിലൂടെയാണ് ഇവയെ ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യന് സമാന്തരമായി (പോളാർ സൺ സിക്രണൈസ്ഡ് ഓർബിറ്റ്) 520 കിലോ മീറ്റർ അകലെ എത്തിച്ചത്. ഉയർന്ന അപഗ്രഥനശേഷിയുള്ള കാർട്ടോസാറ്റ്-2ന് നമ്മുടെ സമീപത്ത് ഒരു മീറ്റർ നീളമുള്ള വാഹനങ്ങളുടെയും ചരക്കുകളുടേയും പോലും നീക്കം സൂക്ഷ്മമായ നിരീക്ഷിക്കാൻ കഴിയും. സാങ്കേതിക വിദ്യകളുടെ പരീക്ഷണ പ്രദർശനത്തിനുള്ളവയാണ് രണ്ടു നാനോ ഉപഗ്രഹങ്ങൾ. കാർട്ടോസാറ്റ്-2 അയക്കുന്ന ചിത്രങ്ങൾ തീരദേശത്തിന്റെ ആവശ്യങ്ങൾക്കും റോഡ് ശൃംഖലയുടെ നിരീക്ഷണത്തിനും ജലവിതരണത്തിനും ഭൂമിയുമായി ബന്ധപ്പെട്ട ഭൂപട രൂപീകരണത്തിനും മറ്റും ഉപയോഗിക്കാനാകും.

തങ്ങളുടെ ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒയ്ക്ക് രാഷ്ട്രപതി പ്രണാബ് മുഖർജിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാത്രമല്ല, അന്തർദ്ദേശീയ തലത്തിൽ പ്രമുഖരായ ബഹിരാകാശ വിദഗ്ധന്മാരുടേതുൾപ്പെടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ അണുശക്തി ബഹിരാകാശ ശാസ്ത്ര നയരൂപീകരണ പദ്ധതിയുടെ മേധാവി രാജേശ്വരി പിള്ള രാജഗോപാലൻ ഉപഗ്രഹ വിക്ഷേപണത്തിന്റെ തലേദിവസം തന്നെ ഇത് ഒരു വലിയ ദൗത്യമായിരിക്കണം എന്ന അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര പദ്ധതിയുടെ സങ്കീർണ്ണ സാങ്കേതികജ്ഞാനം വ്യക്തമാക്കുന്നതാണിതെന്നും അവർ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉപഗ്രഹ വിക്ഷേപണ റെക്കാർഡ് തകർത്ത് ചരിത്രത്തിൽ ഇടംപിടിക്കുന്നതിനുള്ള ദൗത്യമായാണ് യു.എസ്. നേവൽ വാർ കോളജിലെ പ്രൊഫസറും ബഹിരാകാശശാസ്ത്ര വിദഗ്ധനുമായ ജോവാൻ ജോൺസൺ ഫ്രേസർ ഇതിനെ വിലയിരുത്തുന്നത്.

ഐ.എസ്.ആർ.ഒയ്ക്ക് ഒറ്റദൗത്യത്തിൽ 23 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് അയച്ച 2015 ജൂൺ മുതൽ തന്നെ ആ ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്്ഞർക്ക് പ്രൗഢോജ്ജ്വലമായ ഈ ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

ഈ ഉപഗ്രഹങ്ങളെ എങ്ങനെയായിരിക്കും ഭ്രമണപഥത്തിൽ എത്തിക്കുകയെന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ: കെ. ശിവൻ ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ വിശദീകരിച്ചിരുന്നു. പരസ്പരമുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഓരോ ഉപഗ്രഹത്തേയും വ്യത്യസ്ത കോണുകളിലായി വേർതിരിക്കും, അതോടൊപ്പം വ്യത്യസ്ത സമയത്തായിരിക്കും ഓരോന്നും വിക്ഷേപണവാഹനത്തിൽ നിന്നും പുറത്തുവരുന്നതും. ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം പീന്നീട് വിക്ഷേപിക്കുന്നവയെ അപേക്ഷിച്ച് കൂടുതൽ പ്രവേഗത്തിലായിരിക്കും സഞ്ചരിക്കുക. ഒരോന്നിന്റെയും പ്രവേഗത്തിലുള്ള ഈ വ്യത്യാസം കൊണ്ടുതന്നെ അവ തമ്മിലുള്ള അകലം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കും, അതേസമയം എല്ലാ ഉപഗ്രഹങ്ങളുടെയും ലക്ഷ്യം ഒരേ ഭ്രമണപഥം തന്നെയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും ഈ മഹത്തായ യാത്ര ഐ.എസ്.ആർ.ഒ ആരംഭിച്ചത് എപ്പോഴാണ് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. 2013 ൽ ആരംഭിച്ച ഇന്ത്യയുടെ മംഗൾയാൻ ദൗത്യത്തോടെയാണ് ഇതിലേക്കുള്ള ചുവടുവയ്പുകൾ തുടങ്ങുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള ഏഷ്യയിലെ ആദ്യത്തെ വിജയകരമായ ദൗത്യമായിരുന്നു അത്. അതാണ് സത്യത്തിൽ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതിയിലേക്ക് ശ്രദ്ധതിരിക്കാൻ ലോകരാഷ്ട്രങ്ങളെ നിർബന്ധിതരാക്കിയതും. ബഹിരാകാശ ത്രില്ലർ സിനിമയായ ''ഗ്രാവിറ്റി''യുടെ നിർമ്മാണത്തിനുപോലും 100 മില്യൺ ഡോളർ ഹോളിവുഡ് വിനിയോഗിച്ചപ്പോൾ ഇന്ത്യയുടെ ചുവന്ന ഗ്രഹ പരീക്ഷണത്തിന് ചെലവായത് വെറും 75 മില്യൺ ഡോളർ മാത്രമാണ്. ആ ദൗത്യ വിജയം ഇന്ത്യയുടെ പുതിയ 2000 രൂപ നോട്ടുകളിൽ പോലും മംഗൾയാനിന് അഭിമാനാർഹമായ സ്ഥാനം നേടിക്കൊടുത്തു. ശ്രീമതി രാജേശ്വരിപിള്ള രാജഗോപാലിന്റെ അഭിപ്രായത്തിൽ ചൊവ്വാദൗത്യം എന്നത് വെറുമൊരു ''ലൈറ്റ് ആൻഡ് സൗണ്ട്'' ഷോ മാത്രമല്ല. ഇത് ഒരു ബഹിരാകാശ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വിശ്വസ്തത വർദ്ധിപ്പിക്കും. ഉപഗ്രഹവിക്ഷേപണമെന്ന വലിയ വിപണിയിലെത്തുമ്പോൾ ഈ വിശ്വാസ്യത തീർച്ചയായും സുവ്യക്തമായ സാമ്പത്തിക നേട്ടത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും.

ബഹിരാകാശ പര്യവേക്ഷണത്തിൽ നിന്നുള്ള ബഹുമുഖനേട്ടങ്ങൾ അപ്പോളോ പദ്ധതിയുടെ കാലം മുതൽ തന്നെ ഏവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫസർ ജോൺസൺ ഫ്രേസർ ചൂണ്ടിക്കാട്ടുന്നു. അന്നുമുതൽ ഏഷ്യൻ രാജ്യങ്ങൾ ആ മാതൃക പിന്തുടർന്ന് അതിൽ നിന്നുള്ള നേട്ടങ്ങൾ തേടുന്നുണ്ട്. ഗൂഗിൾ, എയർബസ് തുടങ്ങിയ വമ്പൻ കമ്പനികളുടേതുൾപ്പെടെ 21 രാജ്യങ്ങളുടെ 79 ഉപഗ്രഹങ്ങളാണ് ഇതുവരെ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. ഗവൺമെന്റ് കണക്കുകൾ പ്രകാരം തന്നെ ഈ വിക്ഷേപണങ്ങളിലൂടെ ഇന്ത്യ ഇതുവരെ കുറഞ്ഞത് 157 മില്യൺ ഡോളർ നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ഏഷ്യൻ ഭീമന്മാരും 2017ലും തുടർന്നുമുള്ള ബഹിരാകാശ പര്യവേഷണത്തിന് വളരെ ധീരമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. 2018 മദ്ധ്യത്തോടെ ചാന്ദ്രപര്യവേഷണത്തിലെ ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് പദ്ധതി ആസൂത്രണം ചെയ്യുകയാണ്. യു.എസ്, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ സ്വന്തം രാഷ്ട്രപതാക ചന്ദ്രനിൽ സ്ഥാപിച്ച നാലാമത്തെ രാജ്യമായി 2008 ൽ ഇന്ത്യ മാറിക്കഴിഞ്ഞു. ചാന്ദ്രയാൻ-2ന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് വീൽഡ് റോവർ അയച്ച് അവിടുത്തെ പാറകളും മണ്ണും മറ്റും ശേഖരിക്കുകയാണ്. അതോടൊപ്പം സൂര്യനെക്കുറിച്ചുള്ള പഠനത്തിനുള്ള ഒരു ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന് പുറമെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ തുടർച്ചയായി ഒരു ശുക്രദൗത്യവും പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷം യു.എസ്. ബഹിരാകാശവാഹനത്തിന് തുല്യമാകുന്ന തരത്തിൽ പുനരുപയോഗം സാദ്ധ്യമാകുന്ന വിക്ഷേപണവാഹനവും ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു.

ബഹിരാകാശ ശക്തികളിൽ അതിവേഗം വികാസം പ്രാപിച്ചുവരുന്ന ചൈന തങ്ങളുടെ ചരക്ക്-പുനർവിതരണ ബഹിരാകാശ പേടകമായ ടിയാൻസു-1 ഈ വർഷം ഏപ്രിലിൽ തന്നെ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ്. 2022 ഓടെ രൂപീകൃതമാകുന്ന രാജ്യത്തിന്റെ ബഹിരാകാശ കേന്ദ്രത്തി ലേക്ക് ആവശ്യമായ സാധാന സാമഗ്രികൾ എത്തിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ചന്ദ്രനിലെ മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു പരീക്ഷണ സംവിധാനത്തെ ഈ വർഷം അവസാനം ചൈന അവിടേയ്ക്ക് അയക്കുന്നുണ്ട്. ഈ ദശകത്തിന്റെ അവസാനത്തോടെ ചന്ദ്രന്റെ അകന്നഭാഗത്ത് ഇറങ്ങുകയും അതോടൊപ്പം ചൊവ്വയിൽ ആദ്യമായി ഒരു വാഹനത്തെ ഇറക്കുകയും ചെയ്യുക എന്ന നേട്ടം തങ്ങൾ കൈവരിക്കുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്. ജപ്പാനും ഇക്കാര്യത്തിൽ വളരെ പിന്നിലല്ല. അടുത്തവർഷം തന്നെ മുനഷ്യനില്ലാത്ത ഒരു വാഹനത്തെ ചന്ദ്രപ്രതലത്തിലേക്ക് അയക്കുന്നതിനുള്ള പരിശ്രമത്തിലാണ് അവരും.

(ശാസ്ത്ര സാങ്കേതികമേഖലയിലെ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന വ്യക്തിയാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകന്റെ സ്വന്തമാണ്.)