ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പരമോന്നത നീതി പീഠത്തിന്റെ നീതി. ചാരക്കേസിൽ കുടുങ്ങി സ്വന്തം ജീവിതവും കരിയറും വരെ നഷ്ടമായ നമ്പിനാരാണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ ജയിൻ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചു. കേന്ദ്ര സർക്കാരായിരിക്കും ഈ കമ്മീഷന്റെ ചെലവ് വഹിക്കുക. അതായത് സംസ്ഥാന സർക്കാരിന് ഈ കേസിൽ യാതൊരു ഇടപെടലും നടത്താൻ കഴിയാത്തക്ക വിധമാണ് സുപ്രീം കോടതി വധി പുറപ്പെടുവിച്ചിരിക്കുന്നത്. അനേഷണ ചുമതല മുൻ ജഡ്ജി നയിക്കുന്ന കമ്മീഷനെ ഏൽപ്പിച്ചതിലൂടെ നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയ എല്ലാവരേയും കുടുക്കണമെന്ന് തന്നെയാണ് സുപ്രീംകോടതി ഉദ്ദേശിക്കുന്നതും 

മുൻ ഡിജിപി സിബി മാത്യൂസ്, കെ.കെ ജ്വോഷ്വ, എസ് വിജയൻ എന്നിവർ ചേർന്ന് ഈ നഷ്ടപരിഹാര തുക നൽകണം എന്ന് നമ്പി നാരായണന്റെ അഭിഭാഷകൻ കോടതിയിൽ വാധിച്ചു. ഈ വാദവും കോടതി അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പാളിച്ചയാണ് കേസിൽ ഉണ്ടായത്. അതിനാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനില്ല. അതിനാൽ ഈ പണം അന്വേഷണ ഉദ്യോഗസ്ഥർ തന്നെ നൽകണമെന്നും കോടതി വിധിക്കുക ആയിരുന്നു. മൂന്നുവർഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 

നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം. കേസിൽ തന്നെ കുടുക്കിയ ഈ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നതായിരുന്നു നീതി തേടി സുപ്രീം കോടതി വരെ പോയ നമ്പി നാരായണന്റെ ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം. അദ്ദേഹത്തിന്റെ ഈ വാദവും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. 24 വർഷമായി തുടരുന്ന നിയമ യുദ്ധത്തിൽ വിധിപ്രസ്താവും തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തുന്നത്. എന്നാൽ സുപ്രീം കോടതി വിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് വ്യക്തമാക്കി.

1994 നവംബർ 30-നാണ് ചാരക്കേസിൽ നമ്പി നാരായണൻ അറസ്റ്റിലായത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ. നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ. ശുപാർശചെയ്തിരുന്നു. എന്നാൽ, കേസ് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നമ്പിനാരായണനെ മനഃപൂർവം കേസിൽപ്പെടുത്തിയെന്നും കസ്റ്റഡിയിൽ മർദിച്ചുവെന്നും തങ്ങളുെട അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സിബിഐ അന്വേഷണത്തിന് തയാറാണെന്നും പറഞ്ഞു. എന്നാൽ, സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ അന്വേഷണം പോരേയെന്നും ആരാഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന്റെ ആവശ്യമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്.

കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ രജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു.

അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകൾ പ്രവഹിക്കുകയായിരുന്നു.

ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു.

കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്ഞന്മാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി.

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ 'മംഗൾയാൻ' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതിൽ അമേരിക്കാൻ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം ഇപ്പോൾ നിയമ നടപടികൾ നടക്കുമ്പോഴും വ്യക്തമായിട്ടില്ല.