- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന; ട്രഷറി സേവിങ്‌സ് ബാങ്കിനേയും തകർക്കാൻ ശ്രമം; കേന്ദ്രത്തിന്റെ കാർഷിക ബില്ലിനും വിമർശനം; ക്ഷേമ പെൻഷൻ 1600 രൂപ; റബ്ബറിന്റെ തറവില 170 രൂപ. നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32 രൂപ ആയി ഉയർത്തി; ജനപ്രിയ പ്രഖ്യാപനങ്ങൾക്കിടെ മോദി സർക്കാരിനും വിമർശനം; ഐസക്കിന്റെ ബജറ്റിലുള്ളത് വ്യക്തമായ രാഷ്ട്രീയ കാഴ്ച
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം. കോവിഡ് അനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ൽ 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി.
എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർധിപ്പിക്കുമെന്നും 2021-22 ൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കർഷക നിയമങ്ങളേയും ബജറ്റിൽ വിമർശിച്ചു. തറവില സമ്പ്രാദയം തകർക്കുന്നത് കുത്തകൾക്ക് വേണ്ടിയാണെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. റബ്ബറിന്റെ തറവില 170 രൂപ. നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32ഉം ആയി ഉയർത്തി-അങ്ങനെ ജനപ്രിയ കർഷകാനുകൂല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിഷേധങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ലക്ഷ്യമാണ് ഐസക്ക് ബജറ്റിൽ മുമ്പോട്ട് വയ്ക്കുന്നത്.
കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി സേവിങ്‌സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കും. 8 ലക്ഷം തൊഴിൽ അവസരം ഈ വർഷത്തിലുണ്ടാവും
ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് ധനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ട് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനം. ക്ഷേമപെൻഷൻ തുക 1600 ആയി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിലെ നിർണായക പ്രഖ്യാപനം. പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത ചൊല്ലി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.
2019-20 -ൽ കേരളത്തിന്റെ വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളർച്ച മുൻവർഷത്തെ 6.49 ശതമാനത്തിൽനിന്ന് 3.45 ശതമാനമായി. ഇതേകാലയളവിൽ രാജ്യത്തെ വളർച്ചനിരക്ക് 6.1-ൽനിന്ന് 4.2 ശതമാനമായിരുന്നു.
അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ