സമ്പൂർണ്ണ ബജറ്റായിട്ടും എക്കണോമിക് റിവ്യൂ തലേദിവസം വച്ചില്ല; തെറ്റിക്കുന്നത് കാൽനൂറ്റാണ്ടി തുടർന്ന കീഴ് വഴക്കം; കോവിഡു കാലത്തെ ഇരിപ്പിട നിയന്ത്രണവും മാറ്റി; മാസ്ക് ഊരി ധനമന്ത്രിയുടെ ബജറ്റ് അവതരണം; കവിതയും നോവലുമില്ലാതെ ഐസക് ശൈലി ഒഴിവാക്കി പിൻഗാമി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപും: 25 വർഷമായുള്ള ആ കീഴ് വഴക്കവും ഇത്തവണ ലംഘിക്കപ്പെട്ടു. ബജറ്റിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ സമർപ്പിച്ചില്ല. ഇത് പ്രതിപക്ഷ നേതാവ് ക്രമ പ്രശ്നമായി ഉന്നയിച്ചു. എന്നാൽ ഇതിൽ ഭരണഘടനാ പ്രശ്നമോ ചട്ട ലംഘനമോ ഇല്ലെന്ന് സ്പീക്കർ എംബി രാജേഷ് റൂളിങ് നൽകി. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ക്രമപ്രശ്നമായി ഇത് അവതരിപ്പിച്ചത്. ഭാവിയിൽ ഈ കീഴ് വഴക്കം ലംഘിക്കരുതെന്നും സ്പീക്കർ നിർദ്ദേശിച്ചു.
ബജറ്റ് പ്രസംഗത്തിന് മുമ്പാണ് ഈ വിഷയം ക്രമ പ്രശ്നമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന് സഭയിൽ അവതരിപ്പിക്കുകയാണ്. കേരള നിയമസഭയിലും പാർലമെന്റിലും പിന്തുടർന്നു വരുന്ന കീഴ്വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ/സർവ്വേ ബജറ്റ് അവതരണത്തിന് മുൻപായി അംഗങ്ങൾക്ക് വിതരണം ചെയ്യേണ്ടതാണ്. എന്നാൽ ഈ വർഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല എന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
എന്നാൽ രണ്ടാഴ്ച സഭ ചേരാത്തതു കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും പുറത്ത് വിതരണം ചെയ്യുന്നത് സഭയിൽ വച്ചിട്ടാണമെന്നുമുള്ളതു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സ്പീക്കർ പറഞ്ഞു. ഈ രേഖ നേരത്തെ തയ്യാറായിരുന്നു. ബജറ്റിനൊപ്പം അംഗങ്ങൾക്ക് വിതരണം ചെയ്യുമെന്നും സ്പീക്കർ വിശദീകരിച്ചു. ഈ വിഷയത്തിൽ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയില്ല. കോവിഡ് കഴിഞ്ഞതിനാൽ അംഗങ്ങളുടെ ഇരിപ്പിടത്തിലെ നിയന്ത്രണങ്ങൾ മാറ്റി. അടുത്തിരിക്കാൻ എംഎൽഎമാർക്ക് കഴിയും. എന്നാൽ മാസ്ക് ഉൾപ്പെടെ ധരിക്കണം.
ബജറ്റ് പ്രസംഗത്തിന് നീളക്കുടുതൽ ഉള്ളതിനാൽ മാസ്ക് ഊരി പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ധനമന്ത്രിയും ആവശ്യപ്പെട്ടു. അതും സ്പീക്കർ അംഗീകരിച്ചു. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തികസ്ഥിതിയും സാമൂഹ്യ വികസനവും സംബന്ധിച്ച സൂചകങ്ങളും ശാസ്ത്രീയ അപഗ്രഥനങ്ങളും ഉൾപ്പെടുത്തി ആസൂത്രണ ബോർഡ് തയ്യാറാക്കുന്ന ഇക്കണോമിക് റിവ്യൂ സ്റ്റേറ്റിന്റെ സാമ്പത്തികവും സാമൂഹികവുമായ മുന്നോട്ടുപോക്കിൽ പ്രത്യേക ഊന്നൽ നൽകേണ്ട മേഖലകളിലേക്കുള്ള കൃത്യമായ ദിശാ സൂചകമാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ സ്പീക്കറും അംഗീകരിച്ചു.
മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ രീതികളെ ബാലാഗോപാൽ മാറ്റി മറിക്കുകയാണ്. കവിതയോ നോവലോ ഒന്നും ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ ഇല്ല. നേരിട്ട് കാര്യത്തിലേക്ക് കടന്നു. എല്ലാ പ്രശ്നത്തിനും കാരണം ആഗോള വൽക്കരണമാണെന്നും പറഞ്ഞു വച്ചു. കേന്ദ്ര സർക്കാരിനേയും വെറുതെ വിട്ടില്ല. കേരളത്തെ വികസന കുതിപ്പിലേക്ക് എത്തിക്കുമെന്നാണ് ബാലഗോപാൽ സഭയ്ക്ക് നൽകുന്ന ഉറപ്പ്.
ഇക്കണോമിക് റിവ്യൂവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ വിശകലനം ചെയ്യുമ്പോളാണ് ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കുന്ന നയസമീപനങ്ങളും മുൻഗണനകളും സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് അനുഗുണമാണോ എന്ന് അംഗങ്ങൾക്ക് വിലയിരുത്തുവാൻ സാധിക്കുന്നതെന്ന് ക്രമ പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു. ബജറ്റ് അവതരണത്തിന് മുൻപുതന്നെ സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെപ്പറ്റി അംഗങ്ങൾക്ക് വ്യക്തമായ ഒരു ബോധം ലഭിക്കുന്നതിനായി ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിനു മുൻപ് ഇക്കണോമിക് റിവ്യൂ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു കൊണ്ട് 1996 ജൂലൈ 19ന് ബഹുമാനപ്പെട്ട ചെയർ റൂളിങ് നൽകിയിട്ടുള്ളതാണ്. തുടർന്ന് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ഈ രീതി നമ്മുടെ നിയമസഭ പിന്തുടർന്നു വരികയുമാണ്. ബജറ്റിന് മുൻപുള്ള ദിവസം ഇക്കണോമിക് റിവ്യൂ സഭയിൽ വെക്കുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 2003, 2004, 2012 വർഷങ്ങളിൽ ആയതു മുൻകൂട്ടി അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ കലണ്ടർ പ്രകാരം ബജറ്റ് അവതരണത്തിനു തൊട്ടുമുമ്പുള്ള ദിവസം സഭാസമ്മേളനം ചേരുന്നില്ല എന്ന കാര്യം സർക്കാരിന് മുൻകൂട്ടി ബോധ്യം ഉണ്ടായിട്ടും ഇക്കണോമിക് റിവ്യൂ നേരത്തെ സഭയിൽ സമർപ്പിക്കുന്നതിനോ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതിരുന്നത് ഉചിതമായില്ല. ഈ നടപടിയിലൂടെ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ചും ബജറ്റിലെ നയസമീപനങ്ങളുടെയും പരിപാടികളുടെയും മുൻഗണനകളെ കുറിച്ചും ആരോഗ്യകരമായ ഒരു പ്രീ ബജറ്റ് ചർച്ച പൊതുസമൂഹത്തിൽ ഉണ്ടാകാതിരുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ആയതിനാൽ ബജറ്റ് അവതരണത്തിനു മുൻപ് ഇക്കണോമിക് റിവ്യൂ സഭയിൽ സമർപ്പിച്ച് അംഗങ്ങൾക്ക് ലഭ്യമാക്കുന്ന രീതി കർശനമായി പിന്തുടരണമെന്ന് സർക്കാരിന് നിർദ്ദേശം നൽകണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ