ബ്രിട്ടനിലും അമേരിക്കയിലുമുള്ള ഐഫോൺ, ഐപാഡ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ പരാതി പറയുന്നത് ക്രാഷ് മെസ്സേജിനെക്കുറിച്ചാണ്. സഫാരിയിൽ ബ്രൗസ് ചെയ്യുമ്പോൾ ക്രാഷ് മെസ്സേജ് പ്രത്യക്ഷപ്പെടുകയും അത് പരിഹരിക്കാൻ 5000 രൂപ മതിയെന്ന അറിയിപ്പ് കിട്ടുകയും ചെയ്യും. പലരും ഈ നമ്പരിൽ വിളിച്ച് പണം മുടക്കി പ്രശ്‌നം പരിഹരിക്കാറുണ്ട്. എന്നാൽ, പ്രശ്‌നപരിഹാരം ഒരു ചെലവുമില്ലാതെ നടത്താനാകും എന്നതാണ് യാഥാർഥ്യം.

സഫാരി ഇന്റർനെറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴാണ് ഈ തകരാറ് കാണാറുള്ളത്. ഫോണിൽ അജ്ഞാതമായ ഇടപെടലിനെത്തുടർന്ന് ഐഒഎസ് തകർന്നുവെന്നും അത് പരിഹരിക്കാൻ ഉടൻതന്നെ ഒരു ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാനുമാണ് സന്ദേശം. ഈ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പ്രശ്‌നം പരിഹരിക്കുമ്പോൾ, ബ്രിട്ടനിൽ 50 പൗണ്ടും അമേരിക്കയിൽ 80 ഡോളറും കൈയിൽനിന്ന് പോകും.

ഏതാനും നമ്പരുകളാണ് ഈ സന്ദേശത്തോടൊപ്പം ഉണ്ടാവുക. അതിൽ വിളിച്ചാൽ ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങളും നൽകേണ്ടിവരും. അജ്ഞാതർക്ക് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുന്നുവെന്ന അപകടവും ഇതോടൊപ്പമുണ്ട്.

എന്നാൽ, നിസ്സാരമായി പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനൊരു നമ്പരിലേക്കും വിളിക്കേണ്ട. പൈസയും മുടക്കേണ്ട. ഈ പ്രശ്‌നം വരുമ്പോൾ ആദ്യം ഹോം ബട്ടണിൽ ഞെക്കി സഫാരിയിൽനിന്ന് പുറത്തുവരിക. സെറ്റിങ്‌സിൽ എയർപ്ലേൻ മോഡ് കൊടുക്കുക. സഫാരി സെറ്റിങ്‌സിൽ പോയി ഇന്റർനെറ്റ് ബ്രൗസിങ് ഹിസ്റ്ററിയും കുക്കീസും നീക്കുക. ഇതിനുശേഷം സഫാരി തുറന്നാൽ, നേരത്തെ കണ്ട മെസ്സേജ് ഉണ്ടാവുകയില്ല. വീണ്ടും കാണുകയാണെങ്കിൽ ഫോണിന്റെ എയർപ്ലേൻ മോഡ് മാറ്റിയാൽ മതി.