കൊച്ചി: ദിലീപ്-കാവ്യാമാധവൻ വിവാഹത്തിൽ മോഹൻലാലും ഇന്നസെന്റും ഇടവേള ബാബുവും ഉദയകൃഷ്ണയും എന്തുകൊണ്ട് വന്നില്ല. മഞ്ജുവാര്യരോട് ഐക്യം പ്രഖ്യാപിച്ചാണ് വിട്ടുനിൽക്കലെന്നായിരുന്നു പ്രചരണം. എന്നാൽ സിനിമാ തിരക്കുകളാണ് എല്ലാത്തനും കാരണമെന്ന് ദിലീപിനോട് അടുപ്പമുള്ളവരും പറയുന്നു. ലാലും ദിലീപും തമ്മിൽ പ്രശ്‌നമൊന്നുമില്ലെന്നാണ് അവരുടെ വാദം. ഇതിനിടെയാണ് അഭ്യൂഹങ്ങൾക്ക് കരുത്ത് പകർന്ന് സിനിമാ മംഗളത്തിലെ പുതിയ റിപ്പോർട്ട്. ചില സിനിമാ സുഹൃത്തുക്കളെ ഉദ്ദരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം ലാലും ദിലീപും തമ്മിൽ പ്രശ്‌നമുണ്ടെന്നാണ് വ്യക്തമാകുന്നത്. അതും മഞ്ജുവാര്യരുടെ പേരിൽ.

മോഹൻലാൽ വരാതിരുന്നതിന്റെ യഥാർത്ഥ കാരണം മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും മാത്രമേ അറിയൂ. എന്നാൽ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരെ തീരുമാനിച്ചപ്പോൾ ലാലിനെ വിളിച്ച് മഞ്ജു വാര്യരെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞെന്നും എന്നാൽ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിർമ്മാതാവും തീരുമാനിക്കുന്ന നായകയോടൊപ്പം അഭിനയിക്കുമെന്നും മോഹൻ ലാൽ മറുപടി കൊടുത്ത് അന്തസ് നിലനിർത്തി. അന്നുമുതൽ ദിപീലിന് മോഹൻലാലിനോടും സത്യൻ അന്തിക്കാടിനോടും സംവിധായകൻ രഞ്ജിത്തിനോടും അത്ര താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയതെന്ന് മംഗളം സിനിമയിൽ പല്ലിശ്ശേരി കുറിക്കുന്നു.

വിവാഹത്തിന് ദിലീപിന് പ്രിയപ്പെട്ട ഇന്നസെന്റും ഇടവേള ബാബുവും വരാത്തത് ദിലീപിന്റെ സമീപനത്തോടുള്ള താൽപ്പര്യക്കുറവാണെന്നും എഴുതുന്നു. ദിലീപിന്റെ എഴുത്തുകാരനായ ഉദയകൃഷ്ണ വരാത്തതും സിനിമാ മംഗളം ഉയർത്തിക്കാട്ടുന്നു. മോഹൻലാലിന്റെ പുലി മുരകന്റെ സ്‌ക്രിപ്റ്റ് റൈറ്ററായതോടെ ഉദയകൃഷ്ണൻ പോലും ദിലീപിനെ കൈവിട്ടുവെന്ന സൂചനയാണ് ഇതിലൂള്ളത്. മീനാക്ഷിയെ മഞ്ജു വാര്യർ കൊണ്ടു പോകുമോ എന്ന ചോദ്യവും സിനിമാ മംഗളം ഉയർത്തുന്നു. മഞ്ജുവിന്റെ വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് കൂട്ടുകാരിൽ ഒരാൾ തന്നോട് പറഞ്ഞെന്ന വാദത്തിലും പല്ലിശ്ശേരി ഉറച്ചു നിൽക്കുന്നു.

വിവാഹവും വിവാഹേതര ബന്ധവും വേർപിരിയിലും വ്യക്തിപരമായി കാണേണ്ടതാണ്. അത് മൂന്നാമതൊരാൾക്കോ അല്ലെങ്കിൽ സമൂഹത്തിനോ ദോഷമാണെന്ന് തോന്നുമ്പോൾ മാത്രം എതിർക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കൈയു വീശി ഉടുവസ്ത്രത്തോടെ മാത്രം മഞ്ജു വാര്യർ ഭർത്താവിന്റെ വീടു വിട്ടിറങ്ങിയത്. പിന്നീട് നടന്ന ചില സംഭവങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ യഥാർത്ഥ സംഭവങ്ങൾ ഇരുവരും ബോധപൂർവ്വം ഒളിപ്പിച്ചു വച്ചു. അത് മകൾ മീനാക്ഷിക്ക് വേണ്ടി മാത്രമായിരുന്നു-പല്ലിശേരി എഴുതുന്നു.

ദിലീപ്-കാവ്യാ വിവാഹത്തിന്റെ അനുരണനങ്ങൾ ഇപ്പോഴും സിനിമാ മേഖലയിൽ സജീവമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കല്ല്യാണത്തിന്റെ ഉത്തരവാദിത്തം മകൾ മീനാക്ഷിയുടെ തലയിൽ ദിലീപ് വച്ചുകൊടുത്തതിൽ രണ്ടഭിപ്രായം സിനിമാ മേഖലയിൽ സജീവമാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയെ നിയമപരമായി നേടാൻ മഞ്ജു തയ്യാറകണമെന്ന പ്രേക്ഷക പ്രതികരങ്ങളുമായി ചർച്ച കൊഴുപ്പിക്കുകയാണ് സിനിമാ മംഗളം. മഞ്ജുവിന്റെ എല്ലാ നീക്കങ്ങൾക്കും ലാൽ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്ന വിലയിരുത്തലുകളും സജീവമാക്കുന്നു.

റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് വിവാഹ ശേഷം മഞ്ജു അഭിനയ രംഗത്ത് എത്തിയത്. ഇത് സൂപ്പർ ഹിറ്റായി. ഇതിനിടെയായിരുന്നു വിവാഹ മോചനം. പിന്നീട് എന്നും എപ്പോഴും എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ലാലിന്റെ നായികയായി. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ്, ലാലിനൊപ്പമായിരിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. സംവിധായകൻ രഞ്ജിത് ചില പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. എന്നാൽ അത് പല കാരണങ്ങളാൽ നടന്നില്ല.