അബുദാബി: സാങ്കേതിക തകരാർ വില്ലനായതോടെ അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം വൈകിയത് പതിനാറര മണിക്കൂർ. ഇവിടെ നിന്നും കോഴിക്കോട്ടേക്ക് വെള്ളിയാഴ്‌ച്ച വെളുപ്പിന് 12.20ന് പുറപ്പെടേണ്ട വിമാനമായ ഐഎക്‌സ് 348 ആണ് യാത്രക്കാരെ വലച്ചത്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം പ്രാദേശിക സമയം വൈകുന്നേരം 4.45നാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. വിമാനം വൈകിയത് ഏകദേശം 173 യാത്രക്കാരെയാണ് വലച്ചത്. ഇവരിൽ ഭൂരിഭാഗവും പ്രവാസി മലയാളികളാണ്. യാത്രക്കാർ ക്ഷമ നശിച്ച് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്നിട്ടും അധികാരികളിൽ നിന്നും കൃത്യമായ മറുപടിയോ നിർദ്ദേശമോ ലഭിച്ചില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിൽ വച്ച് യാത്രക്കാരുടെ ഭാഗത്ത് നിന്നും പ്രതിഷേധവുമുണ്ടായി.

രംഗം വഷളാകുന്നതിന് മുൻപ് തന്നെ നാലു മണിയോടെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. പത്തു മണിക്ക് വിമാനം പുറപ്പെടുമെന്നും എട്ടു മണിക്ക് വിമാനത്താവളത്തിൽ എത്തണമെന്നും പറഞ്ഞിട്ടും ഇതിന് ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനം പുറപ്പെട്ടില്ല. ഈ സമയത്ത് യാത്രക്കാരുടെ ഭാഗത്ത് നിന്നും വീണ്ടും പ്രതിഷേധം ഉയർന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം തീർന്നതോടെ യാത്ര വീണ്ടും നീണ്ടു.പ്രതിഷേധം ശക്തമായതോടെ പ്രാദേശികമായി ക്രൂവിനെ ഏർപ്പാടാക്കി വിമാനം പുറപ്പെടാനിരിക്കെ 25ഓളം പേർ യാത്ര റദ്ദാക്കി. തുടർന്ന് ഇവരെയും ഇവരുടെ ലഗേജും ഓഫ് ലോഡ് ചെയ്യാനായി കാത്തുനിന്നതോടെ അൽപംകൂടി വൈകി.

ഒടുവിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് 145 യാത്രക്കാരുമായി അബുദാബിയിൽനിന്ന് വിമാനം പുറപ്പെടുമ്പോൾ 4.45 ആയി. അപ്പോഴേക്കും യാത്രക്കാരെല്ലാം അവശരായിരുന്നു. ഇവരെ കാത്ത് നാട്ടിലെ വിമാനത്താവളത്തിലെത്തിയവരും കുടുങ്ങി. സാങ്കേതിക പ്രശ്‌നം മുൻകൂട്ടി പ്രവചിക്കാനാകാത്തതു മനസ്സിലാക്കാമെങ്കിലും ഇവ പരിഹരിക്കുന്നതിനു വേണ്ട സമയം കണക്കാക്കി കൃത്യസമയം യാത്രക്കാരെ അറിയിച്ചിരുന്നെങ്കിൽ അതവർക്കും കുടുംബത്തിനും ആശ്വാസമാകുമായിരുന്നുവെന്ന് കോഴിക്കോട് സ്വദേശി കെ.കെ മൊയ്തീൻ കോയ പറഞ്ഞു.

യാത്രക്കാർക്കു വേണ്ട സൗകര്യം ലഭിച്ചെങ്കിലും കൃത്യമായ വിവരം ലഭിക്കാത്തതിലുള്ള രോഷം മറച്ചുവച്ചില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും രോഗികളും ഉൾപെടെയുള്ളവരാണ് ഏറെ പ്രയാസത്തിലായത്. വീസ റദ്ദാക്കി മടങ്ങുന്നവർക്ക് പതിനാറ് മണിക്കൂർ വിമാനത്താവളത്തിൽതന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. അടിയന്തരമായി നാട്ടിലെത്തേണ്ടവരാണ് ശരിക്കും കുടുങ്ങിയത്.

സാങ്കേതിക കാരണങ്ങളാൽ എയർഇന്ത്യാ എക്സ്‌പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യാ എക്സ്‌പ്രസ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. പ്രശ്‌നം പ്രാദേശികമായി പരിഹരിക്കാൻ സാധിക്കാത്തതിനാൽ തിരുവനന്തപുരത്തുനിന്ന് സ്‌പെയർപാട്‌സ് വരുത്തിയാണ് വിമാനം പ്രവർത്തനക്ഷമമാക്കിയത്. അപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം തീർന്നതാണ് അൽപംകൂടി വൈകാനിടയായത്. പിന്നീട് മറ്റൊരു ക്രൂവിനെ ശരിപ്പെടുത്തുകയായിരുന്നു.

ഹോട്ടലിൽ താമസവും ഭക്ഷണവും ഏർപ്പാടാക്കിയിരുന്നതായും അറിയിച്ചു. വീസാ കാലാവധി കഴിഞ്ഞവർക്ക് ലോഞ്ചിൽതന്നെ ഭക്ഷണം നൽകി. യാത്ര റദ്ദാക്കിയവരെയും ലഗേജും ഓഫ് ലോഡ് ചെയ്യാനും അൽപം സമയം എടുത്തു. ഇവർക്ക് ടിക്കറ്റ് തുക മടക്കി നൽകി. തിരിച്ചുപോകാനുള്ള ടാക്‌സിക്കൂലിയും നൽകിയതായും യാത്രക്കാർക്കു സാധ്യമായതെല്ലാം ചെയ്തുകൊടുത്തതായും എയർലൈൻ അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വിമാനം വൈകിട്ട് 4.45ന് പുറപ്പെട്ടതായി വിമാനകമ്പനി അധികൃതർ വ്യക്തമാക്കി.