തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി നിയമനിർമ്മാണം നടത്തിയതിനെ സുപ്രീംകോടതി നിശിതമായി വിമർശിക്കുകയും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി നടപ്പാക്കിയ പ്രവേശനങ്ങൾ മുഴുവനായും റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ കേരള സർക്കാരിന് ഉണ്ടായിരിക്കുന്നത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ വർഷം രണ്ടു മെഡിക്കൽ കോളേജുകളിലും നടത്തിയ പ്രവേശനം ക്രമവിരുദ്ധമാണെന്ന് പരീക്ഷാ കമ്മിഷണർ കണ്ടെത്തുകയും ഇത് റദ്ദാക്കി. പിന്നീട് വിഷയം കോടതിയിലേക്കെത്തി. ഹൈക്കോടതിും കമ്മിഷണറുടെ തീരുമാനം ശരിവച്ചു. എന്നാൽ പ്രവേശനം ക്രമവൽക്കരിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തുകയായിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ മുൻകാലങ്ങളിൽ ശക്തമായി പ്രക്ഷോഭം നടത്തിയുള്ള പാരമ്പര്യമുണ്ട് സിപിഎമ്മിന്. കേരളംമുഴുവൻ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തിയ സിപിഎം ഭരണത്തിൽ ഉള്ളപ്പോൾ ആണ് അതേ സ്വാശ്രയക്കാരുടെ കോടികളുടെ കൊള്ളയ്ക്കും നിയമം കാറ്റിൽ പറത്തി നടത്തിയ പ്രവേശനത്തിനും കുടപിടിക്കാൻ നിയമനിർമ്മാണം നടത്തിയത്. പ്രതിപക്ഷവും ഇതിന് കൂട്ടുനിന്നപ്പോൾ തൃത്താല എംഎൽഎ വി ടി ബൽറാം മാത്രമാണ് തികച്ചും തെറ്റാണെന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യമുള്ള നിയമനിർമ്മാണത്തിന് എതിരെ സഭയിൽ നിലകൊണ്ടത്.

സംസ്ഥാന സർക്കാർ തന്നെ നിയോഗിച്ച ജെയിംസ് കമ്മിഷനും എൻട്രൻസ് കമ്മിഷണറും പിന്നീട് ഹൈക്കോടതിയും എല്ലാം റദ്ദാക്കിയ പ്രവേശന നടപടികൾ സാധൂകരിക്കാൻ 'കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ' ആണു നിയമസഭ പാസാക്കിയത്. സംസ്ഥാനത്തിന്റെ ഓർഡിനൻസ് സ്റ്റേ ചെയ്ത സുപ്രീംകോടതി, പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്നും നിർദ്ദേശിച്ചു. കോടതി വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുത്. ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യ ചരിത്രത്തിൽ തന്നെ തെറ്റായ നിയമനിർമ്മാണം നടത്തിയെന്ന ചീത്തപ്പേരും കേരളം നേരിടുകയാണ്.

സർക്കാരിന്റെ തീരുമാനങ്ങളെയും നടപടികളേയും ചോദ്യംചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചാണു ഇന്ന് കോടതിയുടെ വിധിയുണ്ടായത്. ഇത്തരമൊരു തിരിച്ചടി ഒഴിവാക്കാൻ ഇന്നലെ തിരക്കിട്ട് പ്രവേശനം സാധൂകരിക്കാൻ നിയമനിർമ്മാണം നടത്തുകയായിരുന്നു കേരള നിയമസഭ. തുടർന്ന് ഇന്നത്തെ വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തള്ളിയ സുപ്രീംകോടതി ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ലല്ലോയെന്നു ചോദിച്ചക്കുകയും ചെയ്തിരിക്കുകയാണ്. തുടർന്ന് മെഡിക്കൽ കൗൺസിൽ അഭിഭാഷകന്റെ വാദം കേട്ടായിരുന്നു 180 വിദ്യാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 150 വിദ്യാർത്ഥികളെയും കരുണയിലെ 30 വിദ്യാർത്ഥികളെയുമാണു പുറത്താക്കും. ഇത്തരമൊരു വിധി കോടതിയിൽ നിന്ന് വന്നതോടെ രണ്ട് സ്വാശ്രയ മുതലാളിമാരെ സഹായിക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരിടുകയാണ് സർക്കാർ.

വിദ്യാർത്ഥികൾക്ക് വേണ്ടി എന്നു പറഞ്ഞ് നടത്തിയ തട്ടിപ്പ്

ഈ കോളേജുകളുടെ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാണ് ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ബിൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിട്ടുള്ളത്. എന്നാൽ അർഹതയില്ലാത്ത കുട്ടികളുടെ പ്രവേശനം ന്യായമാക്കാൻ വേണ്ടി ആരോഗ്യ മന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് സെക്രട്ടറി ബിജി ഹരീന്ദ്രനാഥും ചേർന്ന് നടത്തിയ കള്ളക്കളിയാണ് സഭയിൽ ഉണ്ടായതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.

കുട്ടികൾ അപേക്ഷ നൽകിയത് എങ്ങനെയാണെന്നോ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് കാര്യമാക്കേണ്ടതില്ല എന്നുൾപ്പെടെ ഓർഡിനൻസിൽ എഴുതി ചേർത്തു എന്നിടത്താണ് സർക്കാരിന്റെ വാദങ്ങളുടെ തട്ടിപ്പ് വ്യക്തമാകുന്നത്. കോടതിക്കു മുന്നിൽ ഇത് പകൽപോലെ വ്യക്തമായതോടെ ആണ് ഇന്ന് സർക്കാരിന് നിശിത വിമർശനം നേരിടേണ്ടി വന്നതും. തങ്ങളുടേതല്ലാത്ത പിഴവ് കൊണ്ട് പ്രവേശനം നഷ്ടമാകുന്ന കുട്ടികളുടെ ലിസ്റ്റ് കോംപീറ്റന്റ് അഥോറിറ്റി തയ്യാറാക്കുകയും ഇത് അംഗീകരിക്കാതെ നിയമവകുപ്പിൽ നിന്ന് പുതിയ ശുപാർശ വാങ്ങി എല്ലാ അപേക്ഷകളും അംഗീകരിക്കുകയുമായിരുന്നു. ഈ വർഷത്തേയ്ക്ക് രണ്ട് കോളേജുകളിലേയും പ്രവേശനം സുപ്രീം കോടതി നേരത്തെ തടയുകയും ഇതിനെതിരായി കോളേജുകൾ സമർപ്പിച്ച പുനപരിശോധന ഹർജി തള്ളുകയും ചെയ്്തിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ സർക്കാർ നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇന്ന് സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിധി ഉണ്ടായത്.

പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ മെറിറ്റിനും സുതാര്യതയ്ക്കും വേണ്ടിയും കച്ചവടവൽക്കരണത്തിനെതിരെയും കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളെ മറക്കുന്ന നിയമമാണ് പാസ്സാക്കപ്പെട്ടത്. കോളേജുകൾ നടത്തിയ തട്ടിപ്പുകളും വ്യാജരേഖ ചമയ്ക്കലുമെല്ലാം തെളിവുസഹിതം കണ്ടെത്തിയിട്ടും അതെല്ലാം മറയ്ക്കാൻ കുട്ടികളുടെ ഭാവി എന്ന പേരുപറഞ്ഞ് സർക്കാർ നീക്കം നടത്തി. ഇതിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയും ചെയ്തു.

പല തലങ്ങളിൽ നടന്ന തട്ടിപ്പാണ് അരങ്ങേറിയത്. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ അർഹരായ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വാദം ഉയർത്തിയാണ് കാര്യങ്ങൾ ശരിയാക്കാൻ സർക്കാർ നീക്കം നടന്നത്. ഓൺലൈനിൽ വേണം അപേക്ഷകൾ സ്വീകരിക്കാൻ എന്ന് അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിബന്ധന പാലിക്കപ്പെട്ടില്ല. കണ്ണൂർ മെഡിക്കൽ കോളേജ് സൈറ്റ് പോലും തുറന്നിരുന്നില്ല. അപ്പോൾ കമ്മിറ്റി തന്നെ ഇടപെട്ടു സൈറ്റ് തുറപ്പിച്ച് ലിങ്ക് കമ്മിറ്റിയുടെ സൈറ്റിൽ ഇട്ടടുകയും ചെയ്തു. കമ്മിറ്റിയുടെ സൈറ്റിൽ വന്നതുകൊണ്ട് കോളേജിന് ആധികാരികത ഉണ്ടെന്ന നിലയിൽ വിലയിരുത്തലും ഉണ്ടായി. ആദ്യം കമ്മിറ്റി അംഗീകരിച്ച ഫീസ് 4.4 ലക്ഷം രൂപയായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കൂടുതൽ കുട്ടികൾ ഇവിടെ ആകൃഷ്ടരാകുന്നതും വൻ തുകകൾ നൽകി അഡ്‌മിഷൻ നേടുന്നതും.

ഈ കുട്ടികളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് തങ്ങൾക്ക് ഉള്ളത് എന്ന് സർക്കാർ പറയുമ്പോഴും ഓർഡിനൻസിൽ പറയുന്ന കാര്യങ്ങൾ ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുന്നതാണ്. അഡ്‌മിഷൻ റദ്ദാക്കിയ കമ്മിറ്റിയുടെ മുൻപിൽ സർക്കാരിന് റിവ്യൂ പെറ്റിഷൻ നൽകാതെയാണ് സർക്കാർ മുന്നോട്ടു നീങ്ങിയത്. അതിനായി മാത്രം ഓർഡിനൻസ് ഇറക്കാതെ കുട്ടികൾ അപേക്ഷ നൽകിയതു എങ്ങിനെയാണ് എന്നോ രേഖകൾ ഹാജരാക്കിയിരുന്നോ എന്നോ കണക്കിലെടുക്കെണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഓൺലൈൻ അപേക്ഷ കൊടുത്തിരുന്നോ, അത് സമയത്ത് നൽകിയോ ആവശ്യമായ രേഖകൾ കൊടുത്തിരുന്നോ എന്നൊന്നും പരിഗണിക്കേണ്ടതില്ല എന്ന് പറയുന്നതിൽ നിന്നുതന്നെ ഈ ഓർഡിൻസിന് പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാകും. ബാക്കി എല്ലാ കോളേജിലും എല്ലാ വിദ്യാർത്ഥികൾക്കും ബാധകമായ നിയമങ്ങൾ ഈ കോളേജിന്റെ കാര്യത്തിൽ മാത്രം പരിഗണിക്കേണ്ടതില്ല എന്ന് വാദിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന ചോദ്യമാണ് ഉയരുന്നത്.

യോഗ്യതയുണ്ടോ എന്നുപോലും നോക്കാതെ തോന്നിയതുപോലെ പ്രവേശനം

കോളേജ് തോന്നിയതുപോലെ പ്രവേശനം നടത്തുന്നു കണ്ടപ്പോൾ അന്നുവരെ ഏതെങ്കിലും പ്രവേശനം നടത്തിയെങ്കിൽ അത് റദ്ദുചെയ്ത് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു സുതാര്യമായി പ്രവേശനം നടത്തണം എന്ന് പ്രവേശന സമിതി സെപ്റ്റംബർ 15ന്് കണ്ണൂർ മെഡിക്കൽ കോളേജിന് നിർദ്ദേശം നൽകി. ഏതൊക്കെ കുട്ടികൾക്കാണ് മാനേജ്മെന്റിന്റെ പിഴകൊണ്ട് അഡ്‌മിഷൻ ലഭിക്കാതെ പോയത് എന്ന് കണ്ടുപിടിക്കാൻ എൻട്രൻസ് കമ്മീഷണറെക്കൊണ്ട് കോംപീറ്റന്റ് അഥോറിറ്റി ഒരു വെർച്വൽ അലോട്ട്‌മെന്റ് നടത്തിച്ചു. അപ്പോഴും കുട്ടികൾ എങ്ങിനെ അപേക്ഷിച്ചു, രേഖകൾ സമർപ്പിച്ചിരുന്നോ എന്ന കാര്യങ്ങൾ പരിഗണിച്ചില്ല. എന്നിട്ടാണ് 44 പേരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിന് പിന്നാലെ നിയമവകുപ്പിനെക്കൊണ്ട് മറ്റൊരു ശുപാർശ സർക്കാർ എഴുതി വാങ്ങി എഴുതിവാങ്ങി. എന്നിട്ട് എല്ലാ അപേക്ഷകളും അംഗീകരിച്ചു. ഇതോടെ തന്നെ മെറിറ്റുള്ള കുട്ടികളെ രക്ഷിക്കുക എന്നതല്ല മറിച്ച് എല്ലാ കുട്ടികളുടേയും പ്രവേശനം സാധുവാക്കി കൊടുക്കുക എന്നതായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നു.

ഈ കേസ് പലപ്രാവശ്യം കോടതികളിലും പ്രവേശന സമിതിയുടെ മുൻപിലും വന്നു. കേരള ഹൈക്കോടതി പല ഘട്ടങ്ങളിലായി ഈ കേസ് പരിഗണിച്ചു സുപ്രീം കോടതിയും നാലുതവണയെങ്കിലും ഈ കേസ് പരിഗണിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ ജൂലൈ 10ന്. മാനുഷിക പരിഗണയുടെ പേരിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. എന്നാൽ അന്നും സർക്കാർ അഭിഭാഷകൻ കുട്ടികളുടെ വാദത്തെ എതിർത്തു. എന്നിട്ട് ഇതിൽ എന്തു മാറ്റമാണ് ഇപ്പോൾ ഉണ്ടായതെന്ന ചോദ്യം ഉയരുമ്പോൾ സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈകോർക്കുകയായിരുന്നു സഭയിൽ.

ക്യാപ്പിറ്റേഷൻ ഫീ വാങ്ങി എന്ന് അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റിയും കോംപീറ്റന്റ് അഥോറിറ്റിയും അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല. അഡ്‌മിഷൻ ക്രമീകരിക്കുന്നതിന് മുൻപ് ഇവർക്കെതിരെ നടപടി ഉണ്ടാവണമെന്ന ശുപാർശയും മുങ്ങിപ്പോയി. എന്നാൽ കോളേജ് ക്രമക്കേട് നടത്തിയെന്ന് വാദിച്ചുകൊണ്ടുതന്നെ കോളേജിലെ പ്രവേശനം ക്രമപ്പെടുത്തി നൽകുകയായിരുന്നു സർക്കാർ. അർഹരായ കുട്ടികൾക്ക് പ്രവേശനം ലഭിക്കാതെ പോയത് കോളേജ് അവരുടെ അപേക്ഷകൾ എന്ന മട്ടിൽ വ്യാജ രേഖകൾ സമർപ്പിച്ചതുകൊണ്ടാണെന്ന വാദവും ഉയർന്നു. അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ കണ്ടെത്തലായിരുന്നു.

കുട്ടികളുടെ പ്രവേശനം താറുമാറാക്കി, സ്വന്തക്കാരെ തിരുകിക്കയറ്റാൻ വ്യാജരേഖകൾ തയാറാക്കി എന്ന് മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിട്ടുപോലും കോളേജിന്റെ പേരിൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. ഇതെല്ലാം സ്വാശ്രയ മുതലാളിമാരെ രക്ഷിക്കാൻ സർക്കാർ നടത്തിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ് ദേശീയ തലത്തിൽ തന്നെ.