കൊച്ചി: ദിലീപ്-കാവ്യ മാധവൻ വിവാഹത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്നും അതു കൊണ്ടാണ് പോകാതിരുന്നതെന്നും നടി ഭാവന. വിവാഹം അവരിരുവരുടെയും വ്യക്തിപരമായ കാര്യമാണെന്നും വിളിച്ചിട്ടും താൻ അവിടെ പോകാത്തതാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഭാവന പറഞ്ഞു. മനോരമ ഓൺലൈനിനോടിനാണ് ഭാവനയുടെ പ്രതികരണം.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം, ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.-ഭാവന കൂട്ടിച്ചേർത്തു.

എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവർക്ക് അടുപ്പമുള്ളവരെ അവർ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതിൽ ഒരു പരിഭവവുമില്ല. ഭാവന പറഞ്ഞു. ദിലീപ് - മഞ്ജു വിവാഹബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണം ഭാവനയാണെന്നും, ദിലീപ് - കാവ്യ വിവാഹത്തിന് ക്ഷണം ഉണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നുമൊക്കെ തുടങ്ങി പല വാർത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം. ഹണി ബീ 2-വിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്.

കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ദിലീപിന് ഭാവനയോടുള്ള പിണക്കത്തിന്റെ കാരണമായിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തിൽ ഭാവനയുടെ അസാന്നിധ്യമായിരുന്നു ഇതിന് കാരണം. ഇരുവരും തമ്മിലുള്ള കലഹത്തിന്റെ തുടക്കം വിദേശത്തു നടന്ന് ആ സ്‌റ്റേജ് ഷോയായിരുന്നത്രെ. തുടർച്ചയായി ഭാവന ദിലീപിന്റെ 5 സിനിമകളിൽ നായികയായതോടെ മഞ്ജുവുമായി ഭാവനയ്ക്കു മികച്ച സൗഹൃദം ഉണ്ടായി. വൈകാതെ തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മഞ്ജുവിനെ സ്വന്തം ചേച്ചിയെ പോലെ ഭാവന കണ്ടു തുടങ്ങിയതോടെ ദിലീപിന് അവർ കണ്ണിലെ കരടായി. തന്റെ കുടുംബ ജീവിതം താളം തെറ്റിച്ചത് ഭാവനയാണെന്ന് ദിലീപ് തിരിച്ചറിഞ്ഞു.

വിദേശത്തു വച്ച് ഒരു സ്‌റ്റേജ് പ്രോഗ്രാം നടന്നത് ഈ പോരിന് പുതിയ തലം നൽകി. ഭാവനയും കാവ്യയും ദിലീപും പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അവിടെ വച്ച് ദിലീപ് കാവ്യയുമായി അടുത്തിടപഴകുന്നതു കണ്ട ഭാവന ഇക്കാര്യം മഞ്ജുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതാണു കലഹങ്ങൾ പുതുഭാവം നൽകിയത്. ഇതറിഞ്ഞ ദിലീപ് ദേഷ്യപ്പെട്ടു. എന്നാൽ ഭാവന തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ ദിലീപിന്റെ ശത്രുത വർധിച്ചു. പിന്നീടു ഭാവനയ്ക്കു വന്ന അവസരങ്ങൾ എല്ലാം നഷ്ടപ്പെടുകയായിരുന്നു. ഭാവനയോടു ദീലീപ് പ്രതികാരം ചെയ്തു എന്നാണു പരക്കെ പറയുന്നത്. മഞ്ജുവും ദിലീപും തമ്മിലെ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ തർക്കമായിരുന്നു.

വൈശാഖിന്റെ കസിൻസ് എന്ന് ചിത്രത്തിൽ ഭാവന കരാറൊപ്പിട്ടു എങ്കിലും അവസാന നിമിഷം നടിയെ പുറത്താക്കി. ഭാവന അമ്മയിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നീടു നടിക്ക് തുടരേ തുടരേ അവസരങ്ങൾ നഷ്ടപ്പെടുകയായിരുന്നു. 2011 ശേഷം ഭാവനയ്ക്ക് മലയാളത്തിൽ കാര്യമായ അവസരങ്ങൾ ഉണ്ടായില്ല. ഇതിന് പിന്നിൽ ദിലീപാണെന്നായിരുന്നു ഗോസിപ്പുകൾ.