- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അദ്ധ്യാപകരുടെ ജീവനെടുക്കുന്ന പ്രാദേശിക ലീഗ് നേതാക്കൾ; ഓശാന പാടാൻ വിദ്യാഭ്യാസ വകുപ്പ്
കേരളത്തിൽ സിപിഎമ്മിനെയും കേന്ദ്രത്തിൽ ബിജെപിയെയും വിമർശിക്കുന്നവരോടാണ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് മമത . കേരളത്തിലെ പട്ടിണി മരണങ്ങളോ തൊഴിൽ പ്രശ്‌നങ്ങളോ ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കലോ ഒന്നും ആരുടെയും ശ്രദ്ധയിൽ പെടുന്നില്ല. സോഷ്യൽ മീഡിയയും മറുനാടൻ മലയാളി പോലുള്ള ഓൺലൈൻ പത്രങ്ങളും കാണിക്കുന്ന ജാഗ്രതയാണ് ഇത്തരം വാ
കേരളത്തിൽ സിപിഎമ്മിനെയും കേന്ദ്രത്തിൽ ബിജെപിയെയും വിമർശിക്കുന്നവരോടാണ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് മമത . കേരളത്തിലെ പട്ടിണി മരണങ്ങളോ തൊഴിൽ പ്രശ്‌നങ്ങളോ ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കലോ ഒന്നും ആരുടെയും ശ്രദ്ധയിൽ പെടുന്നില്ല.
സോഷ്യൽ മീഡിയയും മറുനാടൻ മലയാളി പോലുള്ള ഓൺലൈൻ പത്രങ്ങളും കാണിക്കുന്ന ജാഗ്രതയാണ് ഇത്തരം വാർത്തകൾ തമസ്‌കരിക്കപെടാതെ പോകുവാനുള്ള കാരണം. മൂന്നാർ തൊഴിലാളി സമരം പോലും മുഖ്യ ധാര മാദ്ധ്യമങ്ങൾ ഏറ്റെടുത്തത് അവിടെ നിന്നും സി പി എം നേതാക്കളെ ഇറക്കി വിട്ടു എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു. അത് സി പി എമ്മിന് എതിരെ ഉള്ള സമരം ആയി പോലും വ്യാഖാനിച്ചു . സി പി എം മാത്രമേ അവിടെ പോയിരുന്നുള്ളൂ എന്നത് വസ്തുത ആയിരിക്കെ, മാദ്ധ്യമങ്ങളുടെ അന്തമായ ഈ സി പി എം വിരോധം സമരത്തിന് ഗുണമായി ഭവിച്ചു എന്നതാണ് വസ്തുത.
കേരളത്തിൽ ഇത്തരത്തിൽ മറ്റൊരു സമരം കുറച്ചു നാളായി നടക്കുന്നുണ്ട്. ഒരു വിഭാഗം സർക്കാർ സ്‌കൂൾ അദ്ധ്യാപകർ പഠന കാര്യങ്ങൾ മുടക്കാതെ മറ്റെല്ലാ കാര്യങ്ങളും ബഹിഷ്‌കരിച്ചു കൊണ്ട് സമരത്തിലാണ്. ഒരു മുഖ്യധാര മാദ്ധ്യമങ്ങളും ഈ സമരത്തെ ഗൗരവമായി കാണുന്നില്ല. കേരളത്തിൽ ഒരേ ഒരു മന്ത്രി മാത്രം എന്തുകൊണ്ട് എകെ 47 തോക്കുകളുടെ അകമ്പടിയോടു കൂടി സഞ്ചരിക്കുന്നു എന്നതിന്റെ അന്വേഷണം ആണ് വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന ലീഗ് പ്രാദേശിക നേതാക്കളുടെ അനധികൃത ഇടപെടലുകളിലേക്കും അതെ തുടർന്ന് അദ്ധ്യാപകർ അനുഭവിക്കുന്ന പീഡനങ്ങളുടെയും വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അനേകം സർക്കാർ സ്‌കൂൾ അദ്ധ്യാപകരാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ നടപടികൾക്ക് വിധേയമായത്. അതിൽ നല്ല ഒരു പങ്കും ഒരു മാദ്ധ്യമങ്ങളും അറിഞ്ഞില്ല. അറിഞ്ഞതിന്റെ കാരണങ്ങളോ തികച്ചും ബാലിശം ആയിരുന്നു. ഏതെങ്കിലും ഒരു ലീഗ് നേതാവിന്റെ അനിഷ്ടം അല്ലെങ്കിൽ മുൻ വൈരാഗ്യം അതുമല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച. അതിനു ബലിയാടാകുന്നത് കേരളത്തിലെ സാധാരണക്കാരായ സർക്കാർ അദ്ധ്യാപകരാണ്. സർക്കാർ ജീവനക്കാർ എന്ന കൂട്ടത്തിൽ പെട്ടതു കൊണ്ടോ വകുപ്പ് ഭരിക്കുന്ന ലീഗിനെ പിണക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ടോ കേരളത്തിലെ പേര് കേട്ട സാമുദായിക നേതാക്കളോ മത മേലദ്ധ്യക്ഷന്മാരോ ഇവർക്ക് വേണ്ടി സംസാരിക്കാൻ എത്താറില്ല.
ഓണപ്പരീക്ഷ: ഒരു വശത്തു മലയാളം, മറു വശത്ത് ഹിന്ദി, സസ്‌പെൻഷൻ പാവപെട്ട അദ്ധ്യാപകർക്ക്
കഴിഞ്ഞ ദിവസം വയനാട്ടിൽ ആണ് ഈ സംഭവം നടന്നത്. പതിവ് പോലെ ചോദ്യ പേപ്പർ കയ്യിൽ കിട്ടിയ കുട്ടികൾ അമ്പരന്നു ഒരു വശത്ത് ഇന്ന് നടക്കേണ്ട മലയാളം പരീക്ഷയുടെ ചോദ്യങ്ങൾ മറു പുറത്തു രണ്ടു ദിവസം കഴിഞ്ഞു നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ചോദ്യങ്ങൾ. വിദ്യാഭ്യാസ വകുപ്പ് മാതൃഭാഷക്കും രാഷ്ട്രഭാഷക്കും ഒരേ പ്രാധാന്യം നല്കിയതൊന്നും അല്ല. സംഗതി അച്ചടി പിശകാണ്. കാര്യം അബ്ദുറബ്ബിന്റെ പതിവ് തമാശയായി കരുതിയ അദ്ധ്യാപകർ തൊട്ടടുത്ത ദിവസം സസ്‌പെൻഷൻ ഉത്തരവ് കയ്യിൽ കിട്ടിയപ്പോഴാണ് ഞെട്ടിയത്. പ്രധാന അദ്ധ്യാപിക മോളി സെബാസ്റ്റ്യൻ, അദ്ധ്യാപകനായ ഉണ്ണിക്കൃഷ്ണൻ കോട്ടൂർ എന്നിവരെ പൊതു വിദ്യാഭ്യാസ മേധാവി എം എസ് ജയ സസ്‌പെന്റു ചെയ്തു. കാരണവുമുണ്ട് ഒമ്പതാം തിയതി നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ചോദ്യ പേപ്പർ മാദ്ധ്യമങ്ങൾക്ക് ചോർത്തി നല്കിയെന്നരോപിച്ചാണ് നടപടി. സർക്കരിന്റയെയും DPI യുടെയും വീഴ്ച മറയ്ക്കാൻ ആണ് ഈ നടപടി എന്ന് വ്യക്തമാണ്.
തുടർന്ന് ഉത്തരവ് നടപ്പാക്കാൻ എത്തിയ DD ഓഫീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പൊലീസ് എത്തി മോചിപ്പിക്കുകയും ആണ് ഉണ്ടായത്. സർക്കാർ പ്രസ്സിൽ DPI യുടെ മേൽനോട്ടത്തിൽ രഹസ്യ സ്വഭാവത്തിൽ അച്ചടിക്കേണ്ട ചോദ്യ പേപ്പറുകൾ കമ്മിഷൻ മാത്രം ലക്ഷ്യം വച്ച് സ്വകാര്യ പ്രസ്സുകളെ ഏൽപിച്ചതിന്റെ ഫലമായി ഉണ്ടായ പിഴവ് ഒന്നുമറിയാത്ത അദ്ധ്യാപകരുടെ മേൽ കെട്ടി വച്ച് കൈ കഴുകുക ആണ് വിദ്യാഭ്യാസ വകുപ്പ്. മറ്റൊരു ഉദ്യോഗസ്ഥനും പ്രസ്സിനും എതിരെ നടപടി എടുക്കാതെ അദ്ധ്യാപകർക്ക് എതിരെ മാത്രം നടപടി എടുത്തത്തിനെതിരെ .വിദ്യാർത്ഥികളുടെ സഹകരണത്തോടെ പി ടി എ സമരം ആരംഭിച്ചു കഴിഞ്ഞു.
ലീഗ് നേതാവിന്റെ കണ്ണിലെ കരടായി; പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ
ഒരു പ്രാദേശിക ലീഗ് നേതാവിന് ഒരു അദ്ധ്യാപകനെ എന്ത് ചെയ്യാൻ കഴിയും എന്നത് മലപ്പുറത്തെ മുന്നിയൂർ സ്‌കൂളിലെ കെ കെ അനീഷ് എന്ന അദ്ധ്യാപകന്റെ ആത്മഹത്യോടെ സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞതാണ് . ഒരു വർഷം തികയും മുൻപേ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിലെ കൈതപ്പോയിൽ സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപിക വി ടി ഇന്ദിരക്കാണ് ഈ ദുര്യോഗം.
കഴിഞ്ഞ 25 വർഷമായി ഈ സ്‌കൂളിലെ അദ്ധ്യാപിക ആയി ജോലി ചെയ്യുന്ന ഇവരെക്കുറിച്ച് കുട്ടികൾക്കും നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. പാതയോരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്‌കൂൾ ഇന്നു കാണുന്ന നിലവാരത്തിൽ എത്തിക്കാൻ ഇവർ വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും സംശയവുമില്ല. ലീഗിന്റെ പ്രാദേശിക നേതാവും പഞ്ചായത്ത് മെമ്പറും ആയ C A മുഹമ്മദ് സ്‌കൂളിന്റെ പി ടി എ പ്രസിഡന്റ് ആയി ചാർജ് എടുക്കുന്നതോട് കൂടി ആണ് ഈ അദ്ധ്യാപികയുടെ കഷ്ടകാലം തുടങ്ങുന്നത്.
സർക്കാർ സ്‌കൂൾ ആയിട്ടും ഒരു മുതലാളിയെ പോലെ ആയിരുന്നു ഇയാളുടെ പെരുമാറ്റം അദ്ധ്യാപകരുടെ രജിസ്റ്റർ പരിശോധിക്കുക, ക്ലാസ്സ് നടക്കുന്ന സമയത്ത് ക്ലാസ്സിൽ കയറി അധ്യപകരോട് അപമര്യാദയായി പെരുമാറുക, അവരെയും അവരുടെ ബാഗ് തുടങ്ങിയവ പരിശോധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കെതിരെ ടീച്ചർ കർശനമായി നിലകൊണ്ടപ്പോൾ അവർ ലീഗ് നേതാവിന്റെ കണ്ണിലെ കരടായി. അതോടുകൂടിയാണ് പഞ്ചായത്തിലെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇയാൾ പഞ്ചായത്ത് പ്രസിഡന്റ് മുഖേനെ ടീച്ചർക്കെതിരെ പരാതി കൊടുക്കുന്നത്.
പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രോജക്ടുകളുടെ നടത്തിപ്പ് ചുമതല കൂടി പ്രതിഫലമില്ലാതെ വഹിക്കുന്ന ടീച്ചറുടെ പിഴവ് മൂലം അഞ്ചു ലക്ഷം രൂപ നഷ്ടമായി എന്നതായിരുന്നു പരാതി. എന്നാൽ വിദ്യാഭ്യാസവുമായി ബന്ധപെട്ട മൂന്നു പ്രോജക്ടുകൾ ടീച്ചർ തയ്യാറാക്കി നല്കിയതായിരുന്നു. ഇവ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന ജോലി പതിവായി പഞ്ചായത്ത് ജീവനക്കാർ ആയിരുന്നു ചെയ്തു വന്നിരുന്നത്. എന്നാൽ ശിക്ഷാനടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ഓർഡർ ലഭിച്ചപ്പോൾ ആണ് അവ മനപ്പൂർവം വച്ച് താമസിപ്പിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ടീച്ചർക്ക് മനസിലാക്കിയത്. മാത്രവുമല്ല പദ്ധതികളുടെ നടത്തിപ്പിനായി എട്ടു മാസം ബാക്കിയിരിക്കെ ഒരു രൂപ പോലും പാഴായിപ്പോകില്ല എന്ന് വ്യക്തമാണെങ്കിലും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഈ അദ്ധ്യാപികയെ ബലിയാടാക്കുകയായിരുന്നു. പഞ്ചായത്തിലെ ഒരു ജീവനക്കാരന് എതിരെ പോലും ഈ വിഷയവുമായി ബന്ധപെട്ടു ഒരു നടപടി പോലും ഉണ്ടായില്ല എന്നത് ഈ വിഷയത്തിലെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ഇതേ സമയത്ത് തന്നെയാണ് വി ജെ അബ്രഹാം എന്ന അദ്ധ്യാപകന് എതിരെയും നടപടി വരുന്നത്. കോഴിക്കോട് ജില്ലയിലെ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ സ്വകാര്യ സ്‌കൂളുകളെ ഞെട്ടിച്ചു കൊണ്ട് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ വിജയം കൊയ്തപ്പോൾ അതിന്റെ അണിയറയിൽ പ്രവർത്തിച്ച പ്രഗത്ഭനായ അദ്ധ്യാപകൻ ആയിരുന്നു വി ജെ അബ്രഹാം.
കഴിഞ്ഞ ജൂൺ ഒന്നിനാണ് അദ്ദേഹം കോഴിക്കോട് കൊടുവള്ളി പടനിലം സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ആയി ചുമതലയേൽക്കുന്നത്. സ്ഥല പരിമിതി കൊണ്ടും കട ബാധ്യത കൊണ്ടും അവസാന ശ്വാസം വലിച്ചിരുന്ന ഈ സ്‌കൂളിനു പ്രതീക്ഷ നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരവ്. പ്രഗത്ഭനായ ഈ അദ്ധ്യാപകന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന നാട്ടുകാർ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സർവ പിന്തുണയും കൊടുത്തു. പഞ്ചായത്ത് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൂടി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് വരെ തുടങ്ങി സ്‌കൂളിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഫണ്ട് പിരിവും തുടങ്ങിയപ്പോൾ ആണ് അന്യായമായി സ്ഥലം മാറ്റികൊണ്ട് ഉത്തരവ് ഇറങ്ങുന്നത്. അന്യായമായ ഈ സ്ഥലം മാറ്റത്തിനെതിരെ പി ടി എയും പഞ്ചായത്തും രംഗത്ത് വരുകയും സ്ഥലം മാറ്റം നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡന്റ് DDEക്ക് രേഖാമൂലം കത്തും നല്കിയിരുന്നു.
ഈ രണ്ടു അദ്ധ്യാപകരുടെ നേരെ നടന്ന അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ഇടത് അദ്ധ്യാപക സംഘടനകൾ DDE ഓഫീസിനു മുൻപിൽ സമരം നടത്തുകയും തുടർന്ന് നടന്ന ചർച്ചയിൽ ഈ ഉത്തരവ് ഓഗസ്റ്റ് ഒന്ന് വരെ മരവിപ്പിക്കുകയും അന്നേ ദിവസം തന്നെ ഇതുമായി ബന്ധപെട്ട എല്ലാവരുടെയും ഭാഗം കേട്ട് തീർപ്പു കൽപ്പിക്കാം എന്നു വാക്കു കൊടുക്കുകയും ഉണ്ടായി. എന്നാൽ അതേ ദിവസം തന്നെ ലീഗിന്റെ പ്രാദേശിക നേതാക്കൾ ഇടപെട്ടു നേരിട്ട് വകുപ്പിൽ നിന്ന് ഈ രണ്ടു അദ്ധ്യാപകർക്കെതിരെയും സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു .
ഇതേതുടർന്ന് രോഷാകുലരായ അദ്ധ്യാപകർ പഠന പ്രവർത്തങ്ങൾ ഒഴികെ ഉള്ള മറ്റെല്ലാ പ്രവർത്തങ്ങളും ബഹിഷ്‌കരിച്ച് സമരമുഖത്തിറങ്ങി. മുഖ്യധാര മാദ്ധ്യമങ്ങളൊന്നും ഇത് കാര്യമായി ഗൗനിച്ചിട്ടില്ല . കഴിഞ്ഞ ദിവസം അദ്ധ്യാപക ദിനത്തിൽ ഈ അദ്ധ്യാപകരെ പേടിച്ചാണ് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് എകെ 47 പിടിച്ച കരിംപൂച്ചകളുടെ അകമ്പടിയോടു കൂടി കാസർകോട്ട് പരിപാടിക്കെത്തിയത്. പൊലീസിനെ വകവയ്ക്കാതെ അവിടേക്ക് തള്ളിക്കയറിയ അദ്ധ്യാപകരോട് എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന് പറഞ്ഞ മന്ത്രി തുടർന്ന് നടന്ന പ്രസംഗത്തിൽ അദ്ധ്യാപകരെ ശിക്ഷിക്കാൻ ഭരിക്കുന്ന സർക്കാരിന് അധികാരം ഉണ്ട് എന്ന് പ്രഖ്യാപിക്കുക ആയിരുന്നു. ഒരു ഗുണ്ടയെ പോലെയാണ് മന്ത്രി പെരുമാറിയത് എന്ന ആരോപണവുമായി അദ്ധ്യാപകരും രംഗത്ത് വന്നിരുന്നു.
ജയിംസ് അഗസ്റ്റിൻ, കെ കെ അനീഷ്, പുഷ്പലത ടീച്ചർ; അടുത്തതാര് ???
ജയിംസ് അഗസ്റ്റിൻ എന്ന അദ്ധ്യാപകൻ മലപ്പുറത്ത് ക്ലസ്റ്റർ സമരത്തിനിടെ മരണപ്പെട്ടത് വൻ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു. ഹൃദയസ്തംഭനമാണ് കാരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ആ മരണം അദ്ധ്യാപകർക്കിടയിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഇനി ഒരു ജയിംസ് അഗസ്റ്റിൻ ഉണ്ടാകരുത് എന്ന് സമൂഹം ആഗ്രഹിച്ചെങ്കിലും പിന്നീടും അദ്ധ്യാപകരുടെ ജീവൻ നഷ്ട്ടപെട്ട വാർത്തകൾ കേരളം കണ്ടു.
കെ കെ അനീഷ് എന്ന മലപ്പുറത്തെ മുന്നിയൂർ സ്‌കൂൾ അദ്ധ്യാപകന്റെ ആതമഹത്യ നടന്നിട്ട് അധികം കാലം ആയില്ല. പ്രാദേശിക ലീഗ് നേതാവും സ്‌കൂൾ മാനേജരുമായ പി പി സൈതലവിയുടെ വ്യക്തി വിരോധത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപെടുകയും അതെ തുടർന്ന് ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായത്. മനുഷ്യാവകാശ കമ്മിഷൻ അന്വോഷിക്കുന്ന ഈ കേസ് ഇപ്പോൾ വഴിത്തിരിവിൽ ആണ്. അദ്ധ്യാപകനെ പുറത്താക്കാൻ സ്‌കൂൾ മാനേജർക്ക് അധികാരം കൊടുത്തുകൊണ്ട് തന്റെ വിരമിക്കലിന് ഒരു ദിവസം മുൻപ് DDE കെ സി ഗോപി പുറപ്പെടുവിച്ച ഉത്തരവ് DDE ഓഫീസിന്റെ പുറത്തു വച്ച് തയ്യാറാക്കിയതാണ് എന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസം ആണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
കഴിഞ്ഞ ദിവസം DDE ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരു ഉത്തരവ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തതായ ഒരു വിവരവും അവിടെ ഇല്ല എന്ന് വ്യക്തമായി. അത് പോലെ മുൻപ് മാനേജുമെന്റിന് അനുകൂലമായി മൊഴി കൊടുത്തിരുന്ന ഭൂരിഭാഗം അദ്ധ്യാപകരും മനുഷ്യാവകാശ കമ്മിഷനു മുൻപിൽ മൊഴി മാറ്റി. മാനേജ്‌മെന്റിനെ ഭയന്നാണ് തങ്ങൾ മുൻപ് അത്തരമൊരു മൊഴി നല്കിയത് എന്നാണ് ഇപ്പോൾ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ ആയതു കൊണ്ടാവും കെ കെ അനീഷിന്റെ മരണത്തെ അപലപിക്കാനോ സഹതപിക്കാനോ അധികം ആരെയും കണ്ടില്ല. (അദ്ധ്യാപന്റെ മരണത്തെയും അതെ തുടർന്നുള്ള വാർത്തകളും മറുനാടൻ വിശദമായി നല്കിയിരുന്നു). അതുപോലെ തന്നെ ഇടുക്കി DDE ഓഫീസ് ജീവനക്കാരുടെ മാനസിക പീഡനം താങ്ങാനാകാതെ മരണപ്പെട്ട പുഷ്പലത ടീച്ചറും ഈ ദുരന്തങ്ങളിലെ അവസാന കണ്ണികൾ ആണ്. മന്ത്രി വന്നപ്പോൾ ഗേറ്റ് തുറക്കാൻ താമസിച്ചതിനു പ്രധാന അദ്ധ്യാപിക സ്ഥലം മാറ്റപ്പെട്ട ഈ നാട്ടിൽ ഇനി എന്ത് നടക്കും എന്ന അങ്കലാപ്പിലാണ് അദ്ധ്യാപകർ.
ഏതായാലും ലീഗിന്റെ പ്രാദേശിക നേതാക്കളുടെ താല്പര്യങ്ങൾക്ക് ഓശാന പാടുന്ന വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുടെയും നടപടിക്കെതിരെ നിരാഹാര സമരം അടക്കമുള്ള സമര പരിപാടികളും ആയി സംഘടനകൾ മുൻപോട്ടു പോകുകയാണ്. യുവജനോത്സവങ്ങളും കായിക മത്സരങ്ങളും പ്രവൃത്തിപരിചയ മേളകൾക്കും തുടക്കം കുറിക്കേണ്ട ഈ സമയത്ത് അദ്ധ്യാപകർ നടത്തുന്ന ഈ നിസ്സഹകരണ സമരം സർക്കാരിന് തലവേദന ആകും എന്ന കാര്യത്തിൽ സംശയം ഇല്ല.