- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ ജോലിയെടുത്ത് ജീവൻ; ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അനിഷ്ടക്കാരെ മാനേജ്‌മെന്റ് പുറത്താക്കി; ന്യൂസ് വിഭാഗം തലവൻ പോലും അറിയുന്നത് വൈകി; ഒന്നും ചെയ്യാതെ പത്രപ്രവർത്തക യൂണിയനും
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവൻ ടിവിയിലും മാദ്ധ്യമപ്രവർത്തരെ പുറത്താക്കി. ജീവൻ ടിവിയിൽ നിന്ന് രാജിവെയ്ക്കാൻ വിസമ്മതിച്ച ജീവനക്കാരെ മാനേജ്‌മെന്റ് നിർബന്ധപൂർവ്വം പിരിച്ചുവിട്ടു. ന്യൂസ് വിഭാഗം മേധാവി ബാബു വളപ്പായയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചാനൽ എംഡി ബേബി മാത്യു സോമതീരം നേരിട്ട് നടപടി എടുത്തത്. സാമ്പത്തിക അച്ചടക്
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവൻ ടിവിയിലും മാദ്ധ്യമപ്രവർത്തരെ പുറത്താക്കി. ജീവൻ ടിവിയിൽ നിന്ന് രാജിവെയ്ക്കാൻ വിസമ്മതിച്ച ജീവനക്കാരെ മാനേജ്‌മെന്റ് നിർബന്ധപൂർവ്വം പിരിച്ചുവിട്ടു. ന്യൂസ് വിഭാഗം മേധാവി ബാബു വളപ്പായയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചാനൽ എംഡി ബേബി മാത്യു സോമതീരം നേരിട്ട് നടപടി എടുത്തത്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് ഇത്തരം കടുത്ത നടപടികൾ തുടരുമെന്നാണ് എംഡിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
വരവും ചെലവും തമ്മിൽ വലിയ പൊരുത്തക്കേട് ജീവൻ ടിവിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് എംഡിയുടെ നിലപാട്. അതുകൊണ്ട് ന്യൂസ് വിഭാഗത്തിന്റെ വരവ് ചെലവുകൾ എംഡി നേരിട്ട് പരിശോധിച്ചു. നഷ്ടത്തിലെന്ന് തോന്നിയ ബ്യൂറോകൾ പൂട്ടി. ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ന്യൂസ് വിഭാഗം മേധാവിയുടെ വിലയിരുത്തൽ ഇല്ലാതെ എങ്ങനെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ പ്രവർത്തനം എംഡി വിലയിരുത്തിയെന്നത് അജ്ഞാതമാണ്. ഇതിൽ ന്യൂസ് വിഭാഗത്തിലെ പ്രമുഖർ മാനേജ്‌മെന്റിനെ അതൃപ്തി അറിയിച്ചു. എന്നാൽ ജീവൻ ടിവിയെ ലാഭത്തിലെത്തിക്കാൻ ഇത്തരം നടപടികൾ തുടരുമെന്നാണ് എംഡിയുടെ നിലപാട്. ഇതോടെ ജീവനക്കാർക്കിടയിൽ അതൃപ്തി നിറയുകയാണ്. പ്രശ്‌നത്തിൽ കേരളാ പത്രപ്രവർത്തക യൂണിയനും ഇടപെടും.
കേരളാ പത്രപ്രവർത്തക യൂണിയന്റെ മുഖമാസികയിൽ ദൃശ്യമാദ്ധ്യമ രംഗത്തെ അരാജകത്വത്തിന് എതിരെ ജനറൽ സെക്രട്ടറി പത്മനാഭൻ തന്നെ ലേഖനം എഴുതിയിരുന്നു. ദൃശ്യമാദ്ധ്യമ മേഖലയിൽ ആർക്കും ഒരു തൊഴിൽ സുരക്ഷിതത്വം ഇല്ലെന്നായിരുന്നു ലേഖനം. കാര്യങ്ങൾ വിമർശന രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതിന് തൊട്ട് പിറകെയാണ് ജീവൻ ടിവിയിലെ ജീവനക്കാരുടെ പ്രശ്‌നവും യൂണിയന് തലവേദനയായി എത്തുന്നത്. മാനേജ്‌മെന്റുമായി ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് പത്രപ്രവർത്തക യൂണിയൻ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ ജീവനിൽ ജീവനക്കാർക്കുണ്ടായിരുന്നു. എന്നാൽ അത് പ്രതീക്ഷ മാത്രമായി. തൊഴിലാളി പ്രശ്‌നങ്ങളിൽ ഇടപെടാനാകാത്ത തൊഴിലാളി സംഘടനയായി പത്രപ്രവർത്തക യൂണിയനും മാറുകയാണ്.
സദ്വാർത്ത, പുണ്യഭൂമി, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്,തുടങ്ങി ഇന്ത്യാവിഷൻ, മംഗളം, സിറാജ് എന്നിവിടങ്ങളിലും ടിവി ന്യൂവിലും കടുത്ത തൊഴിൽ പ്രശ്‌നം ഉണ്ടായപ്പോൾ ഒന്നും ചെയ്യാൻ പത്രപ്രവർത്തക യൂണിയന് കഴിഞ്ഞിരുന്നില്ല. അതു തന്നെയാണ് ജീവനിലും സംഭവിച്ചത്. യൂണിയന് കീഴിലുള്ള പ്രസ്‌ക്ലബ്ബുകൾക്ക് (തിരുവനന്തപരും മാറ്റി നിറുത്തി) കിട്ടുന്ന കോടികളുടെ സർക്കർ വിഹിതം, പിആർഡ് നൽകുന്ന അഖിലേന്ത്യ ടൂർ, യാത്രാസൗജന്യങ്ങൾ, വീട് നിർമ്മാണത്തിനുള്ള സബ്‌സിഡി, വിവിധ പരിപാടികൾക്ക് സർക്കാരും വ്യവസായികളും നൽകുന്ന കൂറ്റൻ സംഭാവനകൾ, വിവിധ കമ്മറ്റികളിലെ അംഗത്വം ഇതിലൊക്കെ മാത്രമാണ് യൂണിയന്റെ കണ്ണ്. ആനുകൂല്യം ഇതിൽ ഏതെങ്കിലും ഇല്ലാതായാൽ മാത്രമാണ് പത്രപ്രവർത്തക യൂണിയൻ ഗൗവമായി പരിഗണിക്കൂ എന്നാണ് കഷ്ടപ്പെടുന്ന ജീവനക്കാരുടെ ആരോപണം.
2002 ആഗസ്റ്റിൽ ജീവൻ ടിവിയുടെ തുടക്കം മുതൽ കൂടെ നിന്നവരെ എറണാകുളത്തെ ഹെഡ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതാണ് പ്രതിഷേധത്തിന് കാരണം. കമ്പനി വൻ നഷ്ടത്തിലാണെന്നും തുടർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ധരിപ്പിച്ച ശേഷമാണ് നോട്ടീസ നൽകിയിരിക്കുന്നത്. ന്യൂസ് എഡിറ്റർ അടക്കമുള്ളവരെ വിവരമറിയിക്കാതെ കമ്പനി മേധാവി നേരിട്ടാണ് പിരിച്ചുവിടൽ നടപ്പിലാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പേരിന് ചില റിപ്പോർട്ടർമാരെ നിലനിർത്തിയിട്ടുണ്ട്. ബാക്കി എല്ലാ ബ്യൂറോയും പൂട്ടി. ലേഖകന്മാരെ പിരിച്ചുവിട്ട് സ്ട്രിങ്ങർമാരെ നിയമിക്കാനാണ് പരിപാടി.
മാർ ജേക്കബ് തുങ്കുഴിയുടെ നേതൃത്വത്തിലാണ് ചാനൽ തുടങ്ങിയതെങ്കിലും ഇപ്പോൾ സോമതീരം ഗ്രൂപ്പിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് ജീവൻ പ്രവർത്തിക്കുന്നത്. നേരത്തെ ജോയ് ആലുക്കാസ് ചാനൽ ഏറ്റെടുത്തിരുന്നുവെങ്കിലും അധികം വൈകാതെ ഉപേക്ഷിച്ചു. പിന്നീടാണ് സോമതീരം കയ്യടക്കുന്നത്. വൻ റിസോർട്ടുകളും മറ്റുമാണ് സോമതീരത്തിന്റ പ്രധാന ബിസിനസ്. മറ്റ് പല മാദ്ധ്യമസ്ഥാപനങ്ങളേയും പോലെ സ്വകാര്യ ബിസിനസ് സാമ്രാജ്യത്തിന്റെ മറയായി മാറുകയാണ് ജീവൻ ടിവിയും. ദീപിക ഫാരിസ് അബൂബേക്കറിൽ എത്തിയപ്പോഴെന്ന പോലെ ജീവന്റെ പ്രതിസന്ധി തുടങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലും ഇതിന്റെ നടത്തിപ്പിൽ പങ്കാളിത്തമുണ്ട് എന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണെന്ന് ജീവനക്കാർ പറയുന്നു.
ദീപികയിലെപോലെ മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ സമീപനം എടുക്കുകയാണെന്നാണ് ആക്ഷേപം. യാഥാർത്ഥ്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തിൽ ഇടപെടാമെന്നും തൊഴിൽ സംരക്ഷിക്കാമെന്നും പത്രപ്രവർത്തക യൂണിയൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ബന്ധപ്പെട്ടവർക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ജീവനക്കാർ പലരും രാജിവയ്ക്കുകയായിരുന്നുവെന്നും പിരിച്ചുവിട്ടവർക്ക് ആനുകൂല്യം നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആനുകൂല്യം എന്ന പേരിൽ കുറേ ചെക്കുകയാണ് ലഭിച്ചിരിക്കുന്നതെന്നാണ് പിരിച്ചുവിടപ്പെട്ടവർ പറയുന്നത്. പത്രപ്രവർത്തക യൂണിയൻ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിച്ചു.