കണ്ണൂർ: കണ്ണൂർ കോൺഗ്രസ്സിൽ വിമതയുദ്ധം തുടങ്ങി. കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രനുമെതിരെ അങ്കം കുറിച്ചു കൊണ്ട് കഴിഞ്ഞ വർഷം വരെ സുധാകരന്റെ വിശ്വസ്തനായ പി.കെ.രാഗേഷ് രംഗത്തിറങ്ങിയിരിക്കയാണ്.

പുതിയതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷനിൽ ഏഴു സ്ഥാനാർത്ഥികളെ ഇറക്കിയാണ് രാഗേഷ് ജില്ലാ നേതൃത്വത്തിനെതിരെ പടനീക്കം നടത്തുന്നത്. പള്ളിക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ രാഗേഷിന് പഞ്ചായത്തിനകത്തും പുറത്തും കാര്യമായ സ്വാധീനമുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരുടെ ജില്ലാ നേതാവുകൂടിയാണ് രാഗേഷ്. സുധാകരന്റെ ഗ്രൂപ്പ് വിട്ട് എ വിഭാഗത്തിൽ ചേർന്നതോടെ സുധാകരന്റേയും ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രന്റേയും കണ്ണിലെ കരടാണ് രാഗേഷ്. കോർപ്പറേഷനിലെ പഞ്ഞിക്കൽ വാർഡിൽ മത്സരിക്കാൻ ആദ്യം ഡി.സി.സി. അനുമതി നൽകിയെങ്കിലും പിന്നീട് മുസ്ലിം ലീഗിനെക്കൊണ്ട് പത്രിക നൽകിക്കുകയായിരുന്നു. രാഗേഷിനെ അട്ടിമറിക്കാൻ ഡി.സി.സി. നേതൃത്വത്തിന്റെ കുതന്ത്രമായിരുന്നു ഇതിനു പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്.

പി.കെ. രാഗേഷ് അടക്കമുള്ള എ വിഭാഗക്കാർ ഏഴു വാർഡുകളിലായിരുന്നു ആദ്യം പത്രിക നൽകിയിരുന്നത്. കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടും ഒടുവിൽ ചതിക്കും എന്ന വിശ്വാസത്തിൽ ഉറച്ചു നിന്നാണ് പത്രികാ സമർപ്പണം നടത്തിയത്. ഒടുവിൽ സംഭവിക്കേണ്ടത് സംഭവിച്ചു. ഒരു വാർഡിലെ പത്രിക ഡി.സി.സി. അംഗീകരിച്ചു. മറ്റ് ആറു വാർഡുകളിൽ നിന്നും പിൻവലിക്കാൻ അന്ത്യശാസനവും നൽകി. എന്നാൽ ഡി.സി.സി. നേതൃത്വം ബോധപൂർവ്വം വഞ്ചിക്കുകയാണ് ചെയ്തതെന്ന് രാഗേഷ് അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഡിവിഷൻ തലത്തിൽ കോൺഗ്രസ്സ് യോഗം അംഗീകരിച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് ഡി.സി.സി. നേതൃത്വം അട്ടിമറിച്ചത്. പാർട്ടി തീരുമാനം ലംഘിച്ചുവെന്നതിന്റെ പേരിൽ ഡി.സി.സി. വിമതർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ രാത്രി ഡി.സി.സി. യുടെ നടപടി കെപിസിസി.അംഗീകരിക്കുകയും പി.കെ രാഗേഷിനേയും മറ്റ് വിമതരേയും പുറത്താക്കുകയും ചെയ്തതായി ഡി.സി.സി.അറിയിച്ചു. പഞ്ഞിക്കൽ, പള്ളിയാംമൂല, കുന്നാവ്, പള്ളിക്കുന്ന്, തളാപ്പ്, ചാലാട്, വാർഡുകളിലാണ് വിമതർ മത്സരിക്കുന്നത്. പി.കെ.രാഗേഷിന് കാര്യമായ പിൻതുണയുള്ള ഈ വാർഡുകളിൽ ഔദ്യോഗിക കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ വെള്ളം കുടിക്കുമെന്ന് ഉറപ്പാണ്. തന്നെയും ഒപ്പം നിൽക്കുന്നവരേയും രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ കെ.സുധാകരൻ നടത്തുന്ന നീക്കത്തെ പിൻതുണക്കുകയാണ് ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രൻ. പ്രാദേശിക ഘടകം അംഗീകരിച്ച പ്രകാരമുള്ള സ്ഥാനാർത്ഥികളെ വെട്ടിനിരത്തുകയാണ് ഡി.സി.സി. ചെയ്തത്. ആന്തൂർ മുനിസിപ്പാലിറ്റിയിലെ 14 വാർഡുകളിൽ സ്ഥാനാർത്ഥിയെ നിർത്താത്ത കെ.സുധാകരനും ഡി.സി.സി.യും ജന പിൻതുണയുള്ളവരുടെ നേരെ കുതിര കയറുകയാണെന്ന് രാഗേഷ് ആരോപിച്ചു.

ആന്തൂർ വിഷയവും കണ്ണൂർ കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക അട്ടിമറിച്ചതും കെപിസിസി. നേതൃത്വം അന്വേഷിക്കണമെന്നും രാഗേഷിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസ്സിന് നഷ്ടപ്പെട്ടാൽ അതിനുത്തരവാദി കെ.സുധാകരനും ഡി.സി.സി.യുമായിരിക്കുമെന്ന് വിമത വിഭാഗം അറിയിച്ചു. കോർപ്പറേഷൻ ഇരു മുന്നണികൾക്കും ബിജെപിക്കും മുമ്പ് വാശിയോടെ പ്രചാരണ പ്രവർത്തനവും ആരംഭിച്ചിരിക്കയാണ് വിമത വിഭാഗം.