മഞ്ചേശ്വരം: പാർട്ടിയിലെ തർക്കങ്ങളെ തുടർന്ന് മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് കോട്ടയിൽ വിള്ളൽ വീഴുന്നു. മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയെ ജയിപ്പിക്കാനുറച്ച് പ്രവർത്തിച്ച കാലം മുതൽ മഞ്ചേശ്വരം പിടിച്ചടക്കാൻ തീവ്ര ശ്രമം നടത്തിയ മുൻ ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുള്ള കുഞ്ഞിയും അനുയായികളും കടുത്ത പിണക്കത്തിലാണ്. സിപിഎമ്മിലേക്ക് ചേക്കേറുമെന്നും മെയ് അവസാനം താനും അനുയായികളും ചെങ്കൊടിയേന്തുമെന്നും അബ്ദുള്ള കുഞ്ഞി വ്യക്തമാക്കി.

സി.പി.എം കാസർഗോഡ് ജില്ലാ നേതാക്കളുമായി ആദ്യവട്ട ചർച്ച നടത്തിക്കഴിഞ്ഞു. പാർട്ടിയിലേക്ക് ചേരുന്ന വിവരം വാർത്താ സമ്മേളനത്തിലറിയിക്കുമെന്ന് അബ്ദുള്ള കുഞ്ഞി. അബ്ദുള്ളക്കുഞ്ഞിക്കൊപ്പം അഞ്ഞൂറിലേറെ പ്രധാന പ്രവർത്തകരും അതിനു പുറമേ അനുയായികളും മുസ്ലിം ലീഗ് വിടും.

പന്ത്രണ്ട് വർഷത്തോളം മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും നാല് വർഷക്കാലം ജില്ലാ സെക്രട്ടറിയുമായ കെ.കെ. അബ്ദുള്ളക്കുഞ്ഞി മുസ്ലിം ലീഗിന്റേയും യു.ഡി.എഫിന്റേയും വിജയത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാവായിരുന്നു.
സിപിഎമ്മിന്റേയും സിപിഐയുടേയും കയ്യിലിരുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയതിനു പിന്നിൽ അബ്ദുള്ളക്കുഞ്ഞിയുടെ പങ്ക് വളരെ വലുതാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നു.

ചെർക്കളം അബ്ദുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മത്സര രംഗത്തിറങ്ങിയപ്പോഴാണ് കെ.കെ. എന്നു വിളിക്കപ്പെടുന്ന അബ്ദുള്ളക്കുഞ്ഞി തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കപ്പെട്ടത്. സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തത് അബ്ദുള്ളക്കുഞ്ഞിയുടെ വിജയമായാണ് അക്കാലത്ത് വിലയിരുത്തപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനുവേണ്ടി മത്സരിച്ച പി.ബി. അബ്ദുൾ റസാഖ് ജയിച്ചത് വെറും 89 വോട്ടിനായിരുന്നു. കെ.കെ.യെ തെരഞ്ഞെടുപ്പു ചുമതലയിൽ നിന്നും മാറ്റിയപ്പോഴാണ് 5000 ത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ അബ്ദുൾ റസാഖ് കഷ്ടിച്ച് ജയിച്ചത്. മഞ്ചേശ്വരത്തെ 167 ബൂത്തുകളിലും രാഷ്ട്രീയ കരുക്കൾ നീക്കാൻ അറിയുന്ന കെ.കെ.യെ നേതൃത്വം അവഗണിക്കുകയായിരുന്നു.

'ഇല്ലാത്ത കുറ്റത്തിന്റെ പേരിലാണ് എനിക്കെതിരെ ആരോപണമുയരുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നൽകുന്നതിന്റെ ചുമതല എനിക്കായിരുന്നു. സ്വീകരണം ഗംഭീരമായെന്ന് എല്ലാവർക്കും ബോധ്യമായെങ്കിലും അതിനിടെ ചില അനിഷ്ട സംഭവങ്ങൾ നടന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. അതിനു കാരണക്കാരനായ ജില്ലാ പൊലീസ് ചീഫ് രാം ദാസ് പോത്തന് തന്റെ വീട്ടിൽ സ്വീകരണം നൽകിയെന്ന ആരോപണമാണ് തന്റെ പേരിൽ ചിലർ പടച്ചുണ്ടാക്കിയത്.' - അബ്ദുള്ളക്കുഞ്ഞി പറയുന്നു.

ഇക്കാര്യം മക്കയെ പിടിച്ച് സത്യം ചെയ്യാമെന്ന് പറഞ്ഞിട്ടും ചിലർ ഒറ്റപ്പെടുത്തുകയായിരുന്നു. പാർട്ടി കമ്മീഷനും എന്റെ ഭാഗത്തുനിന്ന് തെറ്റില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും തന്നെ ഒതുക്കന്നതിനുള്ള കളിയാണ് നടക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നൽകിയെങ്കിലും എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ. ഒഴിച്ച് മറ്റൊരാളും വിശദീകരണം ചോദിച്ചിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ സിപിഎമ്മിന് മാത്രമേ കഴിയൂ. അതുകൊണ്ട് ഞാനും അണികളും ചെങ്കൊടി പിടിക്കാൻ തീരുമാനിച്ചിരിക്കയാണ് - ലീഗ് നേതാവ് നിലപാട് വ്യക്തമാക്കി.

മുസ്ലിം ലീഗിന് നില നിൽക്കണമെങ്കിൽ സിപിഎമ്മിന്റെ സഹായം വേണമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കയാണ്. പതിമൂന്നാം വയസ്സിൽ എം.എസ്.എഫിലൂടെ ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് ഒടുവിൽ സംസ്ഥാന കൗൺസിലിൽ വരെ എത്തിയ തനിക്ക് ലീഗിൽ അള്ളിപ്പിടിച്ചിരിക്കേണ്ട ആവശ്യമില്ല. ഉൾപ്പാർട്ടി ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്നവരുടെ ഏറാന്മൂളിയായി ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നും കെ.കെ. പറയുന്നു.