തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളുടെ സ്വഭാവം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ശീഘ്രഗതിയിലാണ് മാറിയത്. കാമ്പസുകളിലെ രാഷ്ട്രീയ നിരോധനമാണ് അതിനു പ്രധാന കാരണമായത്. കൂണുപോലെ മുളച്ചു പൊന്തിയ സ്വാശ്രയ - സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ കാമ്പസുകളുടെ സ്വഭാവം പാടേ മാറ്റി. സ്വകാര്യ കുത്തകകൾ പത്രങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നതോടെ എന്തു തോന്ന്യാസം ചെയ്താലും ആരും ചോദിക്കില്ല എന്നതായി സ്ഥിതി.

ഇന്റേണൽ എന്ന ഉമ്മാക്കിയാണ് ഇവരുടെ പ്രധാന ആയുധം. മിക്ക കോഴ്സുകൾക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 20 ശതമാനം മാർക്ക് ഇന്റേണൽ അസ്സെസ്്മെന്റ് ആണ്. കൂടാതെ എല്ലാ കോഴ്സിനും ഒന്നും രണ്ടും പേപ്പറുകളിൽ മുക്കാൽ ശതമാനം മാർക്കും ഇന്റേണൽ ആണ്. ഇത് നൽകിയില്ലെങ്കിൽ എത്ര മിടുക്കനും തോൽക്കാം. അതുകൊണ്ട് തന്നെ ഇന്റേർണൽ കാട്ടി കോളേജിൽ തോന്ന്യാസങ്ങൾ കാട്ടുകയാണ് മാനേജ്മെന്റ്. വസ്ത്രധാരണം, വിശ്വാസം, ഭക്ഷണം തുടങ്ങിയ തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ പോലും മാനേജ്മെന്റുകൾ വലിയ ഇടപെടൽ ആണ് നടത്തുന്നത്.

ഇടക്കിടെ ചില പ്രതിഷേധങ്ങൾ പൊന്തി വന്നാലും അതാരും അറിയാതെ പോവും. പ്രതികാര നടപടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്രൂശിക്കപ്പെടും. പാമ്പാടി നെഹ്റു കോളേജിൽ നടന്നത് ഇത്തരം ഒരു സംഭവം മാത്രമാണ്. അതു ഒരു മരണത്തിലേക്ക് നയിച്ചതോടെ വിഷയം പൊതുസമൂഹം അറിഞ്ഞു. സോഷ്യൽ മീഡിയായും ഓൺലൈൻ പത്രങ്ങളും സജീവമായതോടെ മുഖ്യധാര മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും നോക്കി നിൽക്കാനാവാതെയായി.

ഇനിയെങ്കിലും അത്തരം ഒരു തുറന്നു പറച്ചിലിന് വിദ്യാർത്ഥികൾ തയ്യാറാവേണ്ടതാണ്. സ്വാശ്രയ സ്വകാര്യ മാനേജ്മെന്റിന്റെ പീഡനങ്ങൾ പൊതു സമൂഹം അറിയട്ടെ. നിങ്ങൾ ഇപ്പോൾ ഇതനുഭവിക്കുന്ന ഒരു വിദ്യാർത്ഥിയാവാം, അല്ലെങ്കിൽ ഈ പീഡനം പർവ്വം കടന്നു പോയ വിദ്യാർത്ഥി. എങ്കിൽ നിങ്ങൾ ഇതു തുറന്നെഴുതുക. ആ കോളേജുകളുടെ തനിനിറം ഇനിയെങ്കിലും നാട്ടുകാർ അറിയട്ടെ. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

കാമ്പസുകളിൽ രാഷ്ട്രീയം കടന്നുവരുന്നതാണ് പ്രശ്നമെന്ന് പറയുന്നവർ തന്നെയാണ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഈ പീഡനങ്ങളെ കണ്ടില്ലെന്ന് നടക്കുന്നത്. അടുത്തകാലത്ത് മൃഗീയമായ വിധത്തിൽ റാഗിങ് നടന്നതും സ്വാശ്രയ സ്ഥാപനങ്ങളിൽ ആണെന്ന പ്രത്യേകതയുമുണ്ട്. പലപ്പോഴും മാനേജ്മെന്റുകളുടെ തിട്ടൂരത്തിന് വഴങ്ങി ആരും പ്രതികരിക്കാറില്ല. പണം കൊടുത്ത് പഠിക്കുമ്പോൾ മാനേജ്മെന്റ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു എന്നതാണ് ഇവിടങ്ങളിലെ അവസ്ഥ. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ കൈക്കൊള്ള അനീതികളെ കുറിച്ചും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെ മൂന്നാർ കാറ്ററിങ് കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥി സംഘട്ടനവും ഉണ്ടായത്.

ഇത്തരം സംഭവങ്ങളുടെ തുടർച്ചയായാണ് പാമ്പാടി നെഹ്രു കോളേജിൽ കോപ്പിയടി ആരോപിച്ച വിദ്യാർത്ഥി ആത്മഹത്യചെയ്ത സംഭവം ഉണ്ടായത്. ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഈ സംഭവത്തിൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ക്രൂരമായ നടപടികൾ ഉണ്ടായെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച വീഡിയോയും വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലും പുറത്തുവരികയുണ്ടായി. അതിഭീകരമായ വിധത്തിൽ സമ്മർദ്ദങ്ങൾ ജിഷ്ണു അനുഭവിക്കേണ്ടി വന്നുവെന്നാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.

പൊലീസ് സ്റ്റേഷനുകളിലെ മൂന്നാം മുറയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മർദ്ദന സംഭവങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം പല സംഭവങ്ങളും പുറത്തുവരികയും ചെയ്യുന്നു. കാമ്പസുകളെ കലുഷിതമാക്കുന്ന മാനേജ്മെന്റ് ക്രൂരതയുടെ ഉള്ളറ തേടുകയാണ് മറുനാടന്റെ ലക്ഷ്യം. കാമ്പസുകളുമായി ബന്ധപ്പെട്ട പരാതികളോ വീഡിയോകളോ സോഷ്യൽ മീഡിയ ലിങ്കുകളോ editor@marunadanmalayali.com  എന്ന വിലസത്തിൽ ഇമെയ്ൽ ചെയ്യുക. നിങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന സംഭവങ്ങൾ വിശദമായി അന്വേഷിച്ച് മറുനാടൻ വീണ്ടും വാർത്തയാക്കുന്നതാണ്.