കൊച്ചി: ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി അഴിമതിക്കാരനാണെന്ന് വിശ്വാസികളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. സീറോ മലബാർ സഭയിലെ ഭൂമി കച്ചവടത്തിൽ കള്ളനെ കണ്ടുപിടിച്ചെന്ന് വിശ്വാസികൾ. ആലഞ്ചേരി പിതാവിനെ നോക്കുകുത്തിയാക്കിയായിരുന്നു ഇടപാടുകൾ. കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ. അതിനിടെ സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയുടെ അധികാരങ്ങൾ സഭ പരിമിതപ്പെടുത്തി. രേഖകളിൽ ഒപ്പിടാനുള്ള അധികാരമുണ്ടാകില്ല. ഭൂമിയിടപാടിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ആലഞ്ചേരി ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഈ അടുത്ത കാലത്ത് നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് ആളി കത്തിക്കുന്നത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. എന്നാൽ ഉദ്ദേശിച്ച തുക കിട്ടിയില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. ആലഞ്ചേരിയെ എതിർക്കുന്നവരുടെ നേതൃത്വത്തിലാണ് ചരട് വലികൾ നടന്നത്. ഇതിനിടെ ആർച്ച് ബിഷപ്പിന് ഹൃദ്രോഗം പിടിപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയുടെ ഇടപെടലുകൾ വ്യക്തമായത്. ഇതോടെ നടപടി എടുക്കുകയായിരുന്നു.  ആലഞ്ചേരിയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്നത്തിലാക്കുന്നത്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ. എന്നാൽ ആലഞ്ചേരിയെ കള്ളക്കളിയിൽ പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കോുന്ന സൂചന.

സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫാ. ജോഷി പുതുവയ്‌ക്കെതിരായ നടപടി. അന്വേഷണം നടക്കുമ്പോൾ ഇദ്ദേഹം സാമ്പത്തിക ഇടപാടുകളിൽ ഒപ്പിടുന്നത് ആശാസ്യമല്ലെന്ന് വിലയിരുത്തലുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന വൈദിക സമിതി യോഗത്തിൽ സ്ഥലമിടപാടിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ആൻജിയോപ്ലാസ്റ്റിക്കു ശേഷം വിശ്രമിക്കുന്ന മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യോഗത്തിൽ പങ്കെടുത്തില്ല. സ്ഥലമിടപാടിൽ വേണ്ടത്ര സുതാര്യതയുണ്ടായില്ലെന്നും ഇതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിലൂടെ യോഗത്തെ അറിയിച്ചു. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവർ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചു. അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ട് ജനുവരി 31-നു മുമ്പ് ലഭിക്കും. ഇതിനുശേഷം കൂടുതൽ നടപടികളുണ്ടായേക്കും.

കടം തീർക്കാനാണ് സ്ഥലം വിറ്റത്. അത് കൂടുതൽ കടത്തിലേക്ക് എത്തിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. എറണാകുളം നഗരപരിസരത്ത് രണ്ടര ഏക്കറോളം സ്ഥലം വിറ്റതിൽ 28 കോടിയോളം രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഒമ്പതരക്കോടിയോളമേ കിട്ടിയുള്ളൂ. നോട്ട് നിരോധനം വന്നതിനാൽ കുറച്ചുകൂടി സാവകാശം വേണമെന്ന് വാങ്ങിയവർ ആവശ്യപ്പെട്ടു. ഇതിനു പകരമായി ദേവികുളത്തും പെരുമ്പാവൂർ കോട്ടപ്പടിയിലുമായി 42 ഏക്കർ നൽകി. ഇതു വാങ്ങാനായി 15 കോടി രൂപ കൂടി വീണ്ടും മുടക്കേണ്ടി വന്നു. അങ്ങനെ ആകെ 34.50 കോടിയോളം രൂപ അതിരൂപതയ്ക്ക് കിട്ടാനുണ്ടെന്ന് പി.ആർ.ഒ. ഫാ. പോൾ കരേടൻ പറഞ്ഞു. രൂപതയ്ക്കുണ്ടായ ഈ കനത്ത നഷ്ടം തീർക്കാൻ എല്ലാവരും ചേർന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ. ബെന്നി മാരാംപറമ്പിലാണ് അന്വേഷണ കമ്മിഷന്റെ കൺവീനർ. അന്വേഷണ സമിതിയുടെ റിപ്പോർട്ട് വത്തിക്കാനിലേക്കും അയയ്ക്കും.

വടക്കൻ - തെക്കൻ വിഭാഗമായി തിരിഞ്ഞുള്ള സഭാതർക്കം നാളുകളായി സീറോമലബാർ സഭയിൽ ഉണ്ട്. വടക്കൻ വിഭാഗത്തിന്റെ എതിർപ്പോടെയാണ് തെക്കൻ വിഭാഗത്തിൽ നിന്നുള്ള മാർ ആലഞ്ചേരി സഭാതലവനാകുന്നത്. ഇങ്ങനെ സഭാതലവനാകുന്ന ആളാണ് വടക്കൻ വിഭാഗത്തിന്റെ ആസ്ഥാനമായ എറണാകുളം - അങ്കമാലി രൂപതയുടെ മെത്രാനാകുന്നത്. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിക്കാരനായ മാർ ആലഞ്ചേരിക്കെതിരെ വടക്കൻ വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങൾ തുടക്കം മുതലെ ഉണ്ടായിരുന്നു. ഈ യുദ്ധത്തിനാണ് ഇപ്പോൾ അഴിമതി ആരോപണങ്ങൾ പുതിയ തലം നൽകിയത്. അപ്പോഴും സഭയിലെ ബഹുഭൂരിഭാഗവും ആലഞ്ചേരി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വിശ്വസിക്കുന്നില്ല.