കോഴിക്കോട്: പതിനെട്ട്കാരി നാൽപത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി എന്ന വാർത്തയ്ക്കും ഫോട്ടോയ്ക്കും വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. വലിയ രീതിയിൽ സംഭവം ചർച്ചയായി. ഇതിന് പിന്നാലെ സംഭവത്തിന്റെ ചുരളഴിച്ച് ശ്രീനാഥിന്റെ സുഹൃത്തുക്കളും സോഷ്യൽ മീഡിയിയൽ സജീവമാകുകയാണ്. തീർത്തും അസത്യപ്രചരണമാണ് നടന്നതെന്ന് ശ്രീനാഥിന്റേയും ഭാര്യയുടേയും ഫോട്ടോ സഹിതം വിശദീകരിക്കുകയാണ് അവർ. ശ്രീനാഥിന് ഇരുപത്തിയെട്ട് വയസ്സേ ആയിട്ടുള്ളൂവെന്നാണ് വെളിപ്പെടുത്തൽ.

ശ്രീനാഥിന്റെ നിറവും മറ്റും കണ്ട് തെറ്റിധരിച്ച ആരോ ആണ് വ്യാജ പ്രചരണം നടത്തിയത്. ഏതായാലും ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ എത്തിയിരുന്നു. പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയതാകാം എന്നതുൾപ്പെടെയുള്ള കമന്റുകൾ. വിവാഹത്തിന് പ്രായം തടസ്സമാണോ എന്ന ചോദ്യവുമായി. ഈ പോസ്റ്റ് വൈറലായി. തൊട്ടു പിറകെ വാട്‌സ് ആപ്പിലും ചർച്ചാ വിഷയമായി. ഇതിന് പ ിന്നാലെയാണ് ജിതീഷ് ചാത്തോത്ത് ഇതിലെ സത്യാവസ്ഥ വിശദീകരിച്ച പോസ്റ്റിടുന്നത്. ഇതും വൈറലാവുകയാണ്. ആദ്യം വാർത്ത ഷെയർ ചെയ്തവരുടെ ക്ഷമാപണവും എത്തുന്നു. ഏതായാലും ശ്രീനാഥിന്റെ പ്രണയവിവാഹം സോഷ്യൽ മീഡിയിയിൽ പുതിയ ചർച്ചകൾക്ക വഴി തുറക്കുന്നു. കാണുന്നതെല്ലാം ഷെയർ ചെയ്യമോ എന്നതാണ് ഉയരുന്ന ചോദ്യം.

സംഭവത്തെ ജിതേഷ് വിശദീകരിച്ചത് ഇങ്ങനെ-ഇത് എന്റെ കൂട്ടുകാരൻ ശ്രീനാഥും ഭാര്യയും. രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന്ന് ഇവിടെ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാൽ രണ്ട് ദിവസമായി ഫേസ്‌ബുക്കിലും വാട്ട്‌സ്ആപ്പിലും ഒരു വാർത്ത പ്രചരിക്കുന്നു. പതിനെട്ട്കാരി നാൽപത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി എന്ന രീതിയിൽ. ഏതോ ഒരു ഞരമ്പ് രോഗി എഴുതി പ്രചരിപ്പിച്ച കഥ പലരും വിശ്വസിച്ചു. എന്നാൽ സത്യാവസ്ഥ ഇതൊന്നുമല്ല. എനിക്ക് ശ്രീനാഥിനെ നന്നായി അറിയാം, കാരണം ഞാനും ശ്രീനാഥും കൊളവല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്. അവന് കൂടി വന്നാൽ ഇരുപത്തിയെട്ടോ ഇരുപത്തി ഒൻപതോ വയസ്സ് കാണും.

എന്ത് ഉദ്ദേശത്തിലാണ് ഈ വാർത്ത സൃഷ്ടിച്ച 'മഹാകവി'ഇത്തരം ഒരു അപവാദം ഉന്നയിച്ചത് എന്നെനിക്കറിയില്ല. പക്ഷേ അവനെക്കാളും നന്നായി അവന്റെ ഫോട്ടോയും മോർഫ് ചെയ്ത് അപവാദം പ്രചരിപ്പിക്കാൻ ഞങ്ങൾക്കും അറിയാം പക്ഷെ അത് ഞങ്ങൾ ചെയ്യുന്നില്ല കാരണം ഈ വൃത്തികേട് ചെയ്തവന് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതുമായ ഒന്നുണ്ട്. ഉളുപ്പും മാനവും. ഇനി അവന്റെ നിറമോ മുടിയോ കണ്ടിട്ടാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരാണിന് അത്യാവശ്യമായി വേണ്ടത് സൗന്ദര്യമോ പണമോ വിദ്യാഭ്യാസമോ ഒന്നുമല്ല തന്റെ ജീവിതപങ്കാളിയെ സ്‌നേഹിക്കാനുള്ള മനസ്സാണ്. അത് എന്റെ കൂട്ടുകാരന് മറ്റാരേക്കാളും കൂടുതലുണ്ട് എന്നെനിക്കുറപ്പുണ്ട്. സത്യാവസ്ഥ അറിയാതെ പലരും ഈ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്.ഏതൊരു വർത്തയുടെയും സത്യാവസ്ഥ അറിഞ്ഞുമാത്രം ദയവ് ചെയ്ത് വാർത്തകൾ ഷെയർ ചെയ്യുക

പ്രത്യേകിച്ചും മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം വാർത്തകൾ.ഫേസ്‌ബുക്കിൽ ഒരു അക്കൗണ്ട് ഉണ്ടായാൽ ആർക്കും ആരെക്കുറിച്ചും എന്തും എഴുതാം എന്ന അവസ്ഥയാണിപ്പോൾ നിങ്ങളും അവരുടെ കയ്യിലെ ചട്ടുകമായി മാറാതിരിക്കുക. നവദമ്പതികൾക്ക് മംഗളാശംസകൾ നേർന്നുകൊണ്ടാണ് ദുബായിൽ നിന്നു ജിതേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത് ശരിവച്ച് നിരവധി കമന്റുകളും നിറയുന്നു. ഇതോടെ ശ്രീനാഥിനെ തെറ്റിധരിച്ചവരും വാർത്ത ഷെയർ ചെയ്തവരുമെല്ലാം തെറ്റ് ഏറ്റുപറയുകയാണ്.