- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഗ വധക്കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധനകൾ; രക്തക്കറ ഫോറൻസിക് ലാബിൽ പരിശോധിച്ച് ഡി.എൻ.എ. വിശകലനം നടത്തിയതുകൊലപാതകം ഉറപ്പിക്കാൻ സഹായകമായി; അന്വേഷണത്തിലെ ശാസ്ത്രീയ വഴികൾ പറഞ്ഞ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ
കൊച്ചി: അടുത്തിടെ കൊച്ചിയിൽ വിവാദമായ വൈഗ കൊലക്കേസ് കേരളാ പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, പ്രതിസന്ധികൾക്ക് നടുവിലും ഈ കേസിലും അന്വേഷണം ഭംഗിയായി പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചു. കേസിലെ പ്രതികളെയും പിടികൂടാൻ സാധിച്ചു. ഈ കേസ് അടക്കം അടുത്തിടെ നിരവധി കേസുകളിലും നിർണായകമായത് ഫോറൻസിക് ഇടപെടൽ ആയിരുന്നു. ശാസ്ത്രീയമായ അന്വേഷണങ്ങളുടെ വഴിയേ നീങ്ങാനാണ് കേരളാ പൊലീസ് ഒരുങ്ങുന്നതും. ഈ കേസ് അന്വേഷണങ്ങളിലെ ശാസ്ത്രീയ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ രംഗത്തെത്തി.
വൈഗ കൊലക്കേസ് ഉൾപ്പെടെ കേരളത്തിൽ ഈയിടെ സമൂഹ ശ്രദ്ധ നേടിയ പല കേസുകളിലും വഴിത്തിരിവുണ്ടാക്കിയത് ശാസ്ത്രീയ ഫോറൻസിക് അന്വേഷണമാണെന്ന് ഐശ്വര്യ പറഞ്ഞു. കുറ്റവാളികളിലേക്ക് കൃത്യമായി എത്താൻ ഫോറൻസിക് അന്വേഷണം പൊലീസിനെ സഹായിച്ചു. കേരളം ഏറെ ചർച്ച ചെയ്ത വൈഗയുടെ കൊലപാതകം, എറണാകുളത്തെ ഷോപ്പിങ് മാളിൽനിന്ന് കൈത്തോക്ക് കണ്ടെത്തിയ കേസ് എന്നിവയിൽ ഫോറൻസിക് സഹായം കേസ് അന്വേഷണത്തിൽ നിർണായകമായിരുന്നെന്ന് ഐശ്വര്യ ഡോങ്റെ പറഞ്ഞു.
വൈഗയുടെ രക്തക്കറ ഫോറൻസിക് ലാബിൽ പരിശോധിച്ച് ഡി.എൻ.എ. വിശകലനം നടത്തിയതാണ് സംഭവം കൊലപാതകം തന്നെ എന്ന് ഉറപ്പിക്കാൻ സഹായിച്ചത്. 12 വയസ്സുകാരിയെയും അച്ഛനെയും കാണാനില്ലെന്ന് അറിയിച്ചായിരുന്നു വിവരം ലഭിച്ചത്. വൈഗയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി, പിന്നാലെ പിതാവിന്റെ മൃതദേഹത്തിനായി പുഴയിൽ പൊലീസ് തിരച്ചിൽ തുടർന്നു. എന്നാൽ, അന്വേഷണത്തിനിടെ ഇവരുടെ ഫ്‌ളാറ്റിന്റെ പുറത്തുനിന്ന് രക്തക്കറ കണ്ടെത്തി. ഇത് പൊലീസ് ഫോറൻസിക് പരിശോധന നടത്തി വൈഗയുടേതാണെന്ന് കണ്ടെത്തി. ഇതോടെ വൈഗ കൊല്ലപ്പെട്ടത് ഫ്‌ളാറ്റിലാണെന്നും മൃതദേഹം പുഴയിൽ വലിച്ചെറിഞ്ഞതാണെന്നും ഉറപ്പിക്കാനായി.
എറണാകുളത്തെ ഷോപ്പിങ് മാളിൽ കൈത്തോക്ക് കണ്ടെത്തിയ കേസിൽ രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രം പൊളിച്ചതും ഫോറൻസിക് സഹായത്തോടെയായിരുന്നു. ഷോപ്പിങ് മാളിലെ ട്രോളിയിൽ തോക്ക് അടങ്ങിയ സഞ്ചിയും ഒരു കുറിപ്പുമാണ് കണ്ടെത്തിയത്. 80 വയസ്സുള്ള ഒരാൾ ട്രോളിക്ക് സമീപത്തുനിന്ന് പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തി. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ ഇദ്ദേഹം കുറ്റം നിഷേധിച്ചു. വയോധികനെ കൊണ്ട് എഴുതിപ്പിച്ച് ഒത്തുനോക്കിയെങ്കിലും കൈയക്ഷരം വ്യത്യസ്തമായിരുന്നു. പിന്നാലെ പൊലീസ് വീട്ടിൽനിന്ന് ഒരു പഴയ ഡയറി കൈക്കലാക്കി. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കുറിപ്പിലെ കൈയക്ഷരവും ഡയറിയിലെ കൈയക്ഷരവും ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചു. ഇതോടെ പൊലീസിനു മുന്നിൽ കൈയക്ഷരം മാറ്റി എഴുതി നിരപരാധി ചമഞ്ഞ വയോധികന്റെ മുഖംമൂടി അഴിഞ്ഞുവീണു.
ചത്തീസ്ഗഢ് ബിലാസ്പുരിലെ ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെയാണ് സർവീസിലെ ചില കേസുകളിലെ അനുഭവങ്ങൾ ഡോങ്റെ പങ്കുവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ