കേരളത്തിലെ IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേളയുടെ അവാർഡുകൾ ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ  ജയരാജ് ഡിസംബർ 8 നു വിതരണം ചെയ്തു. തന്റെ സിനിമാ അനുഭവങ്ങളും കാഴ്ചപ്പാടുകളും വിശദീകരിച്ച അദ്ദേഹം ആധുനിക ടെക്‌നൊളജിസ് നെ പറ്റിയും വാചാലനായി . ജീവിതത്തെ ടെക്‌നൊളജിയുമായി ബന്ധിപ്പിക്കുമ്പോഴാണ് നല്ല സിനിമയാകുന്നതെന്നു അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും തന്നെ സമീപിച്ചോളാനുള്ള തകർപ്പൻ വാഗ്ദാനവും ടെക്നോപാർക്കിലെ സംവിധായകർക്ക് നൽകി.തോമസ് , പ്രതിധ്വനി പ്രസിഡന്റ് ബിജുമോൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ ഫെസ്റ്റിവൽ ജനറൽ കൺവീനർ ശ്യാഗിന് കുമാർ അതിഥികൾക്കും അവാർഡ് ജേതാക്കൾക്കും ഫെസ്റ്റിവലുമായി സഹകരിച്ച എല്ലാപേർക്കും നന്ദി പറഞ്ഞു.

ജയരാജിന് പ്രതിധ്വനിയുടെ ഉപഹാരം ശ്രീജിത്ത് കെനോത്തും എം എഫ് തോമസിന് പ്രതിധ്വനിയുടെ ഉപഹാരം വിനീഷ് ടി യും നൽകി. അവാർഡ് ദാനത്തിനു ശേഷം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ 'ചതുരം' കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു .

ഫെസ്റ്റിവലിന് അയച്ചതിൽ നിന്നും 32 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് 2016 ഡിസംബർ 3ന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു. സ്‌ക്രീനിങ്ങിനു ശേഷം ജൂറി ചെയർമാൻ പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ , ശ്രീബാല കെ. മേനോൻ എന്നിവരും ജൂറിയിൽ അംഗങ്ങൾ ആയിരുന്നു.