ന്യൂഡൽഹി: ആറു വർഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന ഹർജിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഹൈക്കോടതി രജിസ്ട്രാർമാർക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദേശിച്ചു. 2005ൽ റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നുണ്ടെന്നു ചൂ്ണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.

പൊലീസ് സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാനങ്ങളെ കക്ഷിചേർക്കുകയാണെന്ന് ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ വശങ്ങളും പരിഗണിച്ച് സമഗ്രമായ ഉത്തരവായിരിക്കും കോടതി പുറപ്പെടുവിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി.

വിഷയത്തിന് രണ്ടു വശങ്ങളുണ്ടെന്ന്, ഹർജി നൽകിയ പിയുസിഎല്ലിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി. ഒന്നു പൊലീസ് ആണ്. മറ്റൊന്ന് റദ്ദാക്കിയ വകുപ്പ് അനുസരിച്ചുള്ള കേസുകളിൽ വിചാരണ നടത്തുന്ന കോടതികളുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർമാർക്കു നോട്ടീസ് അയക്കാനുള്ള കോടതി നിർദ്ദേശം. കേസ് നല് ആഴ്ചയ്ക്കു ശേഷം കോടതി പരിഗണിക്കും.

കോടതി റദ്ദാക്കിയ 66എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകൾ എടുക്കുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.