- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അളവെടുക്കാൻ നിർമ്മിത ബുദ്ധി; മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ആപ്പ് തന്നെ വസ്ത്രത്തിന് അളവെടുക്കും; തയ്യൽക്കാർക്കും വസ്ത്ര വ്യാപാരികൾക്കും ആപ്പ് ഒരുക്കി കോഴിക്കോട്ടെ ഐടി കമ്പനി; തയ്യൽകാർക്ക് സേവനം സൗജന്യം
കോഴിക്കോട്: വസ്ത്രങ്ങൾ ഓൺലൈനായി വിൽക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവയിൽ നിന്ന് വ്യത്യസ്തമായി വൻകിട ഫാഷൻ ബ്രാൻഡുകൾക്കൊപ്പം സാധാരണക്കാരായ തയ്യൽകാർക്കും വസ്ത്രങ്ങൾ തയ്‌പ്പിച്ചു വിൽക്കാവുന്ന വേറിട്ടൊരു ഓൺലൈൻ ഫാഷൻ മാൾ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഗവ. സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ്.
ലീഐ ടി ടെക്‌നോ ഹബ് ആണ് ഓപാക്‌സ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളുടേയും വിൽപ്പനയാണ് ഓപാക്‌സിൽ നടക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കു പുറമെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം അളവുകളും മെറ്റീരിയലുകളും തെരഞ്ഞെടുത്ത് വസ്ത്രങ്ങൾ തയ്‌പ്പിച്ചെടുക്കാൻ ഓപാക്‌സിൽ സാധ്യമാണ്. ഇതിനായി ടെയ്‌ലർ ഒപ്ഷൻ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ഏതെങ്കിലുമൊരു തയ്യൽക്കാരനെ നമുക്ക് ആപ്പിലൂടെ കണ്ടെത്താം. ശേഷം നമ്മുടെ ഫോണിലെ കാമറ ഉപയോഗിച്ച് ആപ്പ് തന്നെ വസ്ത്രത്തിന് അളവെടുക്കും.
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൊബൈൽ കാമറ കൃത്യമായി ശരീരത്തിന്റെ അളവെടുക്കുന്നത്. വേണമെങ്കിൽ ഈ അളവുകൾ മാറ്റം വരുത്താനും ഉപഭോക്താവിനു കഴിയും. ഓർഡർ സമർപ്പിച്ചു കഴിഞ്ഞാൽ ടെയ്‌ലർ വസ്ത്രം തയ്ച്ച് ഉപഭോക്താക്കൾക്ക് അയച്ചു കൊടുക്കും. തയ്യൽക്കാരിൽ നിന്നുള്ള ഈ വസ്ത്രങ്ങൾ ഓപാക്‌സ് കുറിയർ വഴിയാണ് ഉപഭോക്താക്കളിലെത്തിക്കുക. പ്രമുഖ കുറിയർ കമ്പനിയുമായി ചേർന്ന് ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലിഐ ടി ടെക്‌നോ ഹബ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു.
പരമ്പരാഗത വിപണിക്കു പുറമെ ചെറുകിട തയ്യൽക്കാർക്കു കൂടി വിശാല വിപണി തുറന്നിടുന്ന നവീനമായ ഓൺലൈൻ പ്ലാറ്റഫോം ഒരുക്കിയ ഓപാക്‌സ് കോഴിക്കോടിന്റെ ഐടി വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു. സൈബർ പാർക്ക് കേന്ദ്രീകരിച്ചുള്ള ഈ സംരംഭത്തിന് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ആശംസകൾ അറിയിച്ചു.
പൂർണമായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഓപാക്‌സിന്റെ പ്രവർത്തനം. കേരളത്തിലുടനീളം നിരവധി തയ്യൽക്കാർ ഓപാക്‌സിന്റെ ഭാഗമാകാനും തയാറായിട്ടുണ്ടെന്ന് ഷഫീഖ് പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും പ്രവർത്തനം വിപുലപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുന്നേറ്റത്തിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്ന തയ്യൽക്കാർക്ക് ഓപാക്‌സ് മികച്ച വിപണി സാധ്യതയും വരുമാന മാർഗവുമാണ് തുറന്നിടുന്നത്. ഓപാക്‌സിൽ രജിസ്റ്റർ ചെയ്ത് ഇ-കൊമേഴ്‌സ് ചെയ്യുന്നതിന് തയ്യൽക്കാരിൽ നിന്നും ഫീസോ വാടകയോ ഒന്നും ഈടാക്കുന്നില്ല, പൂർണമായും സൗജന്യമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ കണ്ടെത്താൻ ഇതുവഴി അവർക്കു കഴിയും- ഷഫീഖ് പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.