ന്യൂയോർക്ക്: ജീവനക്കാരെ മുഴുവൻ സമയവും ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ എന്താണ് മാർഗമെന്ന ചിന്തയിലാണ് ഓരോ കോർപറേറ്റ് സ്ഥാപനവും. ഫേസ്‌ബുക്ക്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ഐടി ഭീമന്മാരെല്ലാം പല വഴികളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമൊടുവിലായിതാ ജീവനക്കാരുടെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനും കമ്പനികൾ ആലോചിക്കുന്നു.

തങ്ങളുടെ തൊഴിലാളികളെ മുഴുവൻ സമയവും സ്ഥാപനത്തിന് ലഭ്യമാക്കാനുള്ള കമ്പനികളുടെ പുതിയ വഴിയാണിത്. ജീവനക്കാരുടെ വന്ധ്യതാ ചികിത്സയ്ക്കായി 12 ലക്ഷത്തിലധികം രൂപയാണ് ഫേസ്‌ബുക്കും ആപ്പിളും മാറ്റിവച്ചിരിക്കുന്നത്.

അണ്ഡവും ബീജവും ശീതികരിച്ച് സൂക്ഷിക്കാനാവശ്യമായ ചെലവും കമ്പനി വഹിക്കും. സ്ത്രീകൾക്കാണ് ഇക്കാര്യത്തിൽ തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് ഐടി കമ്പനികൾ പറയുന്നത്. കാരണം ഗർഭധാരണവും പ്രസവവും ബാധിക്കുന്നത് സ്ത്രീകളുടെ ജോലിയെയും കരിയറിനെയുമാണ്.

പല സ്ഥാപനങ്ങളിലും പുരുഷന്മാർ ഉന്നത സ്ഥാനങ്ങളിലെത്തുന്നുണ്ട്. ഗർഭധാരണത്തെ തുടർന്ന് സ്ത്രീകൾക്ക് കരിയറിൽ തടസമുണ്ടാകുകയോ കരിയർ അവസാനിപ്പിക്കേണ്ട അവസ്ഥ വരികയോ ചെയ്യാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് ഐടി കമ്പനികളുടെ പുതിയ നീക്കം.

കരിയറിന്റെ വളർച്ചയും പ്രത്യുൽപ്പാദനപരമായ ബയോളജിക്കൽ ക്ലോക്കും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏകദേശം ഒരേ കാലത്താണ് വരുന്നത്. അണ്ഡം ശീതികരിച്ച് സൂക്ഷിച്ചാൽ ജോലിയിൽ ഉയർന്ന സ്ഥാനങ്ങളിലെത്തുമ്പോൾ ഗർഭധാരണത്തിനും പ്രസവത്തിനും പ്രായമോ ആർത്തവ വിരാമമോ സ്ത്രീകൾക്ക് തടസ്സമാാില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.

കുട്ടികൾക്കുവേണ്ടി ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്ന് ചുരുക്കം. ഭക്ഷണം, വസ്ത്രമലക്കൽ, മസാജിങ് എല്ലാം കമ്പനി ചെലവിൽ നടത്തിയിരുന്ന കാലത്തുനിന്ന് പുതിയ നീക്കങ്ങളിലേക്കുള്ള മാറ്റം ജീവനക്കാർ ഏതു തരത്തിൽ ഉൾക്കൊള്ളും എന്നത് കണ്ടറിയേണ്ടി വരും. ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങളെല്ലാം അതത് ദിവസത്തെ ആനന്ദം മാത്രമേ തൊഴിലാളികൾക്ക് നൽകുന്നുള്ളുവെന്ന തിരിച്ചറിവിലാണ് ആപ്പിളും, ഫേസ്‌ബുക്കും പുതിയ വാഗ്ദാനവുമായി എത്തിയത്.

എന്നാൽ, ആപ്പിളിന്റെയും ഫേസ്‌ബുക്കിന്റെയും ഈ തീരുമാനം സ്വവർഗാനുരാഗികളെ സഹായിക്കുന്നതാകുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്വവർഗാനുരാഗികളായവർക്ക് ഒരു കുഞ്ഞിനുവേണ്ടി വാടക ഗർഭപാത്രത്തെയോ ബീജ ദാതാവിനെയൊ സമീപിക്കാം. ദത്തെടുക്കാനുള്ള ചെലവുകളും കമ്പനി നൽകുമെന്നും സൂചനയുണ്ട്.