മുംബൈ: പാക്കിസ്ഥാൻ നടൻ അലി സഫറിനെതിരെ കൂടുതൽ ലൈംഗിക ആരോപണവുമായി യുവതികൾ. മീഷ ഷാഫിയുടെ ട്വീറ്റിന് പിറകെയാണ് നടനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ രംഗത്തെത്തിയത്. നടനും ഗായകനുമായ അലി സഫർ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് പാക്കിസ്ഥാനി നടിയായ മീഷ ഷാഫി ആയിരുന്നു.

ഇനി ആർക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്നു പറയുന്നതെന്നും മീഷ ഷാഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. പറയാതിരിക്കാൻ മന:സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ് എല്ലാം വെളിപ്പെടുത്തുന്നത്. സഹപ്രവർത്തകനായ അലി സഫറിൽ നിന്നും ഒന്നിലധികം തവണ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിലോ, കലാരംഗത്തേക്ക് കടന്നുവന്നപ്പോഴോ അല്ല ഇതുണ്ടായത്. എനിക്കും എന്റെ കുടുംബത്തിനും വളരെ ആഘാതം ഉണ്ടാക്കിയ സന്ദർഭമായിരുന്നു അത്.

വർഷങ്ങളായി അറിയുന്ന ആളാണ് അലി സഫർ. ഒരുമിച്ച് പല പരിപാടികളും നടത്തിയിട്ടുണ്ട്. എന്നാൽ അലിയുടെ പെരുമാറ്റം എനിക്ക് നാണക്കേടുണ്ടാക്കി. പ്രശസ്തയും, രണ്ട് കുട്ടികളുടെ അമ്മയുമായ എനിക്ക് ഇതാണ് അനുഭവമെങ്കിൽ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്നതാണ് സത്യം. മീഷ ട്വിറ്ററിൽ കുറിച്ചു. പ്രതികരണശേഷിയില്ലാതെ നിശബ്ദമായിരിക്കുന്ന സംസ്‌കാരം വെടിഞ്ഞാൽ മാത്രമേ ഇവിടുത്തെ യുവതികൾ സുരക്ഷിതരാകൂ എന്നും മീഷ പറഞ്ഞു. എന്നാൽ മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫറും രംഗത്തെത്തി.

മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫർ ട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിവൈരാഗ്യം തീർക്കാൻ മീ ടു കാംപയിനിനെ ദുരുപയോഗം ചെയ്യരുതെന്നും അലി സഫർ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചിത്രം ഭാഗ് മിൽക ഭാഗിൽ മീഷ അഭിനയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായകനായ അലി സഫർ 'തേരെ ബിൻലാദൻ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.