- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധന
കോഴിക്കോട്: കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മലബാർ കേന്ദ്രീകരിച്ചുള്ള പ്രധാന സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്. കോഴിക്കോട് ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതിയിൽ ഇരട്ടിയോളമാണ് വർധന ഉണ്ടായത്. 2019-20 വർഷം 14.76 കോടി രൂപയായിരുന്ന കയറ്റുമതി 2020-21 വർഷം 26.16 കോടി രൂപ ആയാണ് വർധിച്ചത്. നാലു കമ്പനികളുമായി 2014-15ൽ ആരംഭിച്ച പാർക്കിൽ ഇപ്പോൾ 64 ഐടി, ഐടി അനുബന്ധ കമ്പനികളും ആയിരത്തോളം ജീവനക്കാരുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വർഷത്തിലേറെയായി ഏറെ ജീവനക്കാരും നേരിട്ട് ഓഫീസിൽ എത്താതെ വർക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും കമ്പനികളുടെ പ്രവർത്തനങ്ങളെ ഇതു സാരമായി ബാധിച്ചിട്ടില്ലെന്ന് കയറ്റുമതി കണക്കുകൾ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കമ്പനികൾ ജീവനക്കാരെ ഓഫീസിൽ തിരിച്ചെത്തിച്ച് പ്രവർത്തനം പൂർവ്വസ്ഥിതിയിലേക്കു തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
'കയറ്റുമതി വളർച്ചയ്ക്കു പുറമെ സൈബർ പാർക്കിൽ മുപ്പതോളം പുതിയ കമ്പനികളും കോവിഡ് കാലയളവിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ഗവ. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. ഇതോടൊപ്പം ഇടത്തരം കമ്പനികൾക്ക് സൗകര്യപ്രദമായ രീതിയിൽ 42,744 ചതുരശ്ര അടി ഓഫീസ് എല്ലാ സൗകര്യങ്ങളോടും കൂടി തുറന്നു. ശക്തമായി തിരിച്ചുവരുന്ന വിപണിക്കൊപ്പം ഐടി രംഗത്തും പുത്തനുണർവ് ഉണ്ടാകുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കമ്പനികൾക്കും നേട്ടമാകും. ആഗോള ടെക്നോളജി മേളയായ ദുബായ് ജൈടെക്സിൽ ഇത്തവണ കേരളത്തിൽ നിന്ന് പങ്കെടുത്ത കമ്പനികൾ ഏറിയ പങ്കും കോഴിക്കോട്ട് നിന്നുള്ളവരായിരുന്നു. ഇത് മലബാർ കേന്ദ്രീകരിച്ചുള്ള കമ്പനികൾക്ക് വലിയ അവസരങ്ങളാണ് തുറന്നു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമായും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസിലേക്കുമാണ് കോഴിക്കോട് നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതി. കോഴിക്കോട്ടെ പ്രധാന ഐടി കമ്പനികളിൽ മിക്കതിനും വിദേശ രാജ്യങ്ങളിലും ഓഫീസുകൾ ഉണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മറ്റൊരു പ്രധാന ഐടി പാർക്കായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സ് സൊസൈറ്റിയുടെ കീഴിലുള്ള യുഎൽ സൈബർപാർക്കിനും മികച്ച കയറ്റുമതി നേട്ടം കൈവരിക്കാനായി.
2020-21 സാമ്പത്തിക വർഷത്തെ കയറ്റുമതി നേട്ടം 37.66 കോടി രൂപയാണ്. മുൻ വർഷം ഇത് 37 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മാത്രം 21.33 കോടി രൂപയാണ് ഇവിടെ നിന്നുള്ള കയറ്റുമതി. രണ്ടാം പകുതിയോടെ ഇത് 40 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 84 കമ്പനികളും രണ്ടായിരത്തോളം ജീവനക്കാരും ഇവിടെയുണ്ട്.