ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്‌ച്ച വെക്കുന്ന കോൺഗ്രസിന് ആശ്വസമായി അഭിപ്രായ സർവേ. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്നു വ്യക്തമാക്കുന്നതാണ് സർവേ റിപ്പോർട്ട്. ഇരുപാർട്ടികൾക്കും 43 ശതമാനം വോട്ട് വീതം ലഭിക്കുമെന്നാണ് എ.ബി.പി. ന്യൂസും സെന്റർ ഫോർ ദ സ്റ്റഡി ഓഫ് െഡവലപ്പിങ് സൊസൈറ്റീസും ( സി.എസ്.ഡി.എസ്.) ചേർന്ന് നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

ആകെയുള്ള 182 സീറ്റിൽ ബിജെപി.ക്ക് 91-99 സീറ്റ് ലഭിക്കാനിടയുണ്ട്. കോൺഗ്രസിന് 78-86 സീറ്റുകളിലും വിജയം പ്രവചിക്കുന്നു. വടക്കൻ ഗുജറാത്തിലും തെക്കൻ ഗുജറാത്തിലുമുള്ള വോട്ടർമാർ കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ മധ്യ ഗുജറാത്തിലും പട്ടിദാർ സമുദായത്തിന് മുൻതൂക്കമുള്ള സൗരാഷ്ട്രയിലും ബിജെപി. മുൻകൈ നേടും. ഇപ്പോഴത്തെ നിലയിൽ നിന്നും കോൺഗ്രസ് ഒരുപാടെ മെച്ചപ്പെടുമെന്നാണ് സർവേഫലം നൽകുന്ന റിസൽട്ട്.

തെക്കൻ ഗുജറാത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് 11 ശതമാനം വോട്ട് അധികം നേടും. 42 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിക്കുക. 40 ശതമാനം വോട്ട് കിട്ടുന്ന ബിജെപി.ക്ക് ഒമ്പത് ശതമാനം വോട്ടിന്റെ കുറവുണ്ടാകും. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന വടക്കൻ ഗുജറാത്തിൽ പാർട്ടിക്ക് 49 ശതമാനം വോട്ടും ബിജെപി.ക്ക് 45 ശതമാനം വോട്ടും പ്രവചിക്കുന്നു. ഇവിടെ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. മധ്യഗുജറാത്തിൽ കോൺഗ്രസിന് 40 ശതമാനവും ബിജെപി.ക്ക് 41 ശതമാനവും വോട്ട് ലഭിച്ചേക്കും. ഇവിടെ ബിജെപി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 13 ശതമാനം വോട്ട് നഷ്ടമുണ്ടാകുമ്പോൾ കോൺഗ്രസിന് രണ്ട് ശതമാനം വോട്ട് അധികം ലഭിക്കും.

ലോകമെമ്പാടുമുള്ള പട്ടേൽമാർ മോദിയുടെ കേന്ദ്രഭരണത്തെ ഒരു ദുരന്തമായായാണ് കാണുന്നത്. ഹാർദ്ദിക് പട്ടേലിന്റെറാലികളിലുള്ള വൻ ജനസഞ്ചയം വോട്ടായി മാറിയാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്നത് ഉറപ്പാണ്. ഗുജറാത്തിലെ വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിയ്്ക്ക് ദോഷമാകും. കൂടാതെ ബിജെപിക്ക് എതിരായ ദളിത് മുന്നേറ്റവും. അതും നിസ്സാരമല്ല. കോൺഗ്രസിന്റെ തിരിച്ചുവരവും ദളിത്- പട്ടേൽ ശക്തികളുടെ സമ്മർദ്ദവും വലിയ വെല്ലുവിളിയായിരിക്കും ബിജെപിക്ക് ഉയർത്തുക.

ഇത്തവണയും അധികാരം പിടിച്ചേക്കാമെങ്കിലും ബിജെപിക്ക് പഴയ ഭൂരിപക്ഷം അസാദ്ധ്യമാണ് എന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ തവണ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയുടെ ഭൂരിപക്ഷത്തിൽ ഉണ്ടാകുന്ന കുറവുകൾ പോലും പാർട്ടിയുടെ പരാജയമായി വിലയിരുത്തപ്പെടും. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് എത്തുന്ന ഈ സമയത്തുണ്ടാകുന്ന ഈ വിജയം അദ്ദേഹത്തിന് രാജ്യവ്യാപകമായ ഒരു സ്വീകാര്യതതയും കോൺഗ്രസ് അനുകൂല തരംഗം ഉണ്ടാക്കാനും കാരണമാകും.

പാട്ടീദർ റാലികളിൽ ലഭിച്ച വലിയ ജനപങ്കാളിത്തം വെറുതെയാവില്ലെന്നും ഡിസംബർ 9, 14 തീയതികളിൽ വരുന്ന തെരഞ്ഞെടുപ്പിൽ അവരുടെ വിശ്വസ്തതയും അധികാരവും ശരിയായ പാർട്ടിക്ക് വേണ്ടി അവർ പ്രയോഗിക്കുമെന്നും ഹാർദ്ദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളുടെ തെരഞ്ഞെടുപ്പ് കാലത്തെ ഭീകരതയെക്കുറിച്ചും പട്ടേൽ പറഞ്ഞു. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിൽ ബിജെപി.ക്ക് അനുകൂലമായി ആരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്നും പട്ടേൽ വ്യക്തമാക്കിയിരുന്നു.

ഹാർദ്ദികിനെ കൂടാതെ ജഗ്നേഷ് മേവാനിക്കും വലിയ പിന്തുണയാണ് ഗുജറാത്തിൽ ലഭിക്കുന്നത്. ഗുജറാത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ തെരുവിലിറങ്ങി ആശയപ്രചരണം നടത്തുകയാണ് ദളിത് നേതാവ്. ബനസ്‌കന്ത ജില്ലയിലെ വാദ്ഗാം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജിഗ്‌നേഷ് മത്സരിക്കുന്നത്. വാദ്ഗാം മണ്ഡലത്തിലെ 15 ഗ്രാമങ്ങളാണ് ഇന്ന് ജിഗ്‌നേഷ് സന്ദർശിച്ചത്. പടക്കം പൊട്ടിച്ചും പൂമാലയണിയിച്ചും യുവാക്കളും സ്ത്രീകളും ജിഗ്‌നേഷിനെ സ്വാഗതം ചെയ്തു. ദളിതരും മുസ്ലീങ്ങളുമായ ആയിരങ്ങളാണ് ജിഗ്‌നേഷിന് പിന്തുണയറിയിക്കാനെത്തിയത്.