- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സഖാക്കൾ ഇനിയെങ്കിലും കുറച്ചുകൂടെ വിശ്വാസയോഗ്യമായ കളവുകൾ പറയണം'; മൂലധനശക്തികൾക്കു മുൻപിൽ സമ്പൂർണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ്; വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സർക്കാർ ഇടതുപക്ഷ മൂല്യങ്ങളിൽ നിന്നും പൂർണമായും വ്യതിചലിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂലധനശക്തികൾക്കു മുൻപിൽ സമ്പൂർണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു..
മൂലധനശക്തികൾക്കൊപ്പം നിലനിൽക്കുന്നു എന്ന ഗോവിന്ദന്റെ വിമർശനം പിണറായി വിജയന് നേരെയുള്ള വിമർശനമാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി അടിക്കുകയും അവിടെ മസാല ബോണ്ട് വിൽക്കുകയും ചെയ്ത പിണറായി വിജയന് മൂലധനശക്തികൾക്കു മുൻപിൽ സമ്പൂർണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വിമർശിച്ചു. അമേരിക്കൻ മുതലാളിത്ത കമ്പനിയായ സ്പ്രിങ്ലറുമായി പാർട്ടി അഭിപ്രായം ധിക്കരിച്ച് നടത്തിയ ഇടപാട് ഇതുമായി ചേർത്തു വായിക്കേണ്ട കാര്യമാണ്. ശതകോടീശ്വരന്മാരുടെയും മൂലധനശക്തികളുടെയും വക്താക്കളായി മാറിയിരിക്കുകയാണ് കേരളത്തിലെ സിപിഎം. വിശ്വാസികളെ മാറ്റിനിർത്തിക്കൊണ്ട് മുന്നോട്ടുപോകാനാവില്ല എന്നും ഗോവിന്ദൻ പറയുന്നു. അങ്ങനെയെങ്കിൽ ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ ഗോവിന്ദന്മാസ്റ്റർ മുൻകൈ എടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി ഗവൺമെന്റിനെക്കുറിച്ചുള്ള വിലയിരുത്തലാണ്. മൂലധനശക്തികൾക്കൊപ്പം നിലനിൽക്കുന്നു എന്ന എം വി ഗോവിന്ദന്റെ വിമർശനം പിണറായി വിജയന് നേരെയുള്ള വിമർശനമാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി അടിക്കുകയും അവിടെ മസാല ബോണ്ട് വിൽക്കുകയും ചെയ്ത പിണറായി വിജയന് മൂലധനശക്തികൾക്കു മുൻപിൽ സമ്പൂർണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്. അത് ഗോവിന്ദന്മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകും.
അമേരിക്കൻ മുതലാളിത്ത കമ്പനിയായ സ്പ്രിങ്ലറുമായി പാർട്ടി അഭിപ്രായം ധിക്കരിച്ച് നടത്തിയ ഇടപാട് ഇതുമായി ചേർത്തു വായിക്കേണ്ട കാര്യമാണ്. ബഹുരാഷ്ട്ര കുത്തകയായ പി ഡബ്ല്യു സി സെക്രട്ടറിയേറ്റിൽ, ഞങ്ങൾ എതിർത്തില്ലായിരുന്നു എങ്കിൽ, ഇന്ന് ഓഫീസ് തുറന്നേനെ. സ്വന്തം പാർട്ടി അഞ്ചുവർഷം കൊണ്ട് ഇതാണ് ചെയ്തതെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദം എങ്ങനെ നടപ്പിലാക്കുമെന്ന് ഗോവിന്ദൻ മാഷ് ആശങ്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല. ശതകോടീശ്വരന്മാരുടെയും മൂലധനശക്തികളുടെയും വക്താക്കളായി മാറിയിരിക്കുകയാണ് കേരളത്തിലെ സിപിഎം.
വിശ്വാസികളെ മാറ്റിനിർത്തിക്കൊണ്ട് മുന്നോട്ടുപോകാനാവില്ല എന്നും ഗോവിന്ദന്മാസ്റ്റർ പറയുന്നു. അതാണ് പാർട്ടി നയം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അങ്ങനെയെങ്കിൽ ശബരിമല വിഷയത്തിൽ യുഡിഎഫ് ഗവൺമെന്റ് നൽകിയ സത്യവാങ്മൂലം പിൻവലിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ ഗോവിന്ദന്മാസ്റ്റർ മുൻകൈ എടുക്കുമോ? വിധി വന്നതിനുശേഷം എല്ലാവരുമായി ചർച്ച ചെയ്യാം എന്നതാണ് എൽ ഡി എഫ് നിലപാട്. ഇത് വിശ്വാസ സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ്. ഈ നിലപാട് സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്.
എന്നാൽ ഗവൺമെന്റ് അതിനെതിരെ നിലപാടെടുക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതിനുശേഷം ചർച്ച ചെയ്യാം എന്നു പറയുന്നത് കബളിപ്പിക്കാനാണ്. ശബരിമലയിൽ വിശ്വാസികളോടൊപ്പം ആണെങ്കിൽ ഈ സർക്കാർ നിലവിലെ സത്യവാങ്മൂലം പിൻവലിച്ച് അനുകൂലമായി സത്യവാങ്മൂലം നൽകാൻ തയ്യാറാകണം. നിലപാട് പറയാതെ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകർത്തു കൊണ്ടുള്ള നിലപാടാണ് ശബരിമല വിഷയത്തിൽ ഗവൺമെന്റ് സ്വീകരിച്ചത്.
താൽക്കാലിക നിയമനങ്ങൾ പാർട്ടി സഖാക്കൾക്ക് മാത്രം ലഭിക്കുകയാണ്. മുൻ എംപിമാരുടെ ഭാര്യമാർക്ക് ലഭിക്കുന്ന നിയമനങ്ങളെ സംബന്ധിച്ച് എന്തുകൊണ്ടാണ് പാർട്ടി നിലപാട് വ്യക്തമാക്കാത്തത്? കാലടി സർവകലാശാലയിലെ അസിസ്റ്റൻഡ് പ്രൊഫസർ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണെന്ന് പറഞ്ഞത് ഇന്റർവ്യൂ ബോർഡിലെ സബ്ജെക്ടസ് എക്സ്പേർട്ടുകളാണ്. അവരാരും കോൺഗ്രസുകാരോ കോൺഗ്രസ് അനുഭാവികളോ അല്ല. ഇടതുപക്ഷ അനുഭാവികളാണ്.
സത്യം പറയാൻ ധൈര്യം കാണിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തേജോവധം ചെയ്യുന്നത് ഈ സർക്കാരും പാർട്ടിയും എത്രമാത്രം ജീർണ്ണാവസ്ഥ നേരിടുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ്. കള്ളത്തരം കണ്ടു പിടിക്കുമ്പോൾ അത് കണ്ടുപിടിക്കുന്ന ആളെ മോഷ്ടാവാക്കുന്ന നടപടിയാണ് സർക്കാർ ചെയ്യുന്നത്. സർക്കാരും പാർട്ടിയും ഉന്നയിക്കുന്ന ഉപജാപക സിദ്ധാന്തം അപഹാസ്യമാണ്. മൂന്നു സബ്ജക്റ്റ് എക്സ്പേർട്ടുകളും സർവകലാശാല വി സിക്ക് നൽകിയ കത്ത് ഉപജാപകത്തിനാണ് എന്നാണ് സർക്കാർ പറയുന്നത്. സഖാക്കൾ ഇനിയെങ്കിലും കുറച്ചുകൂടെ വിശ്വാസയോഗ്യമായ കളവുകൾ പറയണം.
മറുനാടന് മലയാളി ബ്യൂറോ