തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസിൽ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പരിശോധന. വൻതോതിൽ നികുതി വെട്ടിപ്പു നടക്കുന്നു എന്ന പരാതിയെ തുടർന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. കൊശമറ്റത്തിന്റെ ബ്രാഞ്ചുകളിൽ രാജ്യവ്യാപകമായി പരിശോധനയാണ് ഇന്ന് രാവിലെ മുതൽ തുടങ്ങിയത്. കേരളത്തിലെ 40 ബ്രാഞ്ചുകളിലും ഹെഡ് ഓഫീസിലും ഇതിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലും പരിശോധന നടക്കുന്നുണ്ട്.

60 കേന്ദ്രങ്ങളിലായി ഒരേസമയാണ് ഇൻകം ടാക്‌സിന്റെ പരിശോധന നടക്കുന്നത്. മുത്തൂറ്റ് ഫിനാൻസ്, ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് മേലും ആദായനികുതി വകുപ്പിന്റെ പിടിവീണിരുന്നു. ഇതിന് ശേഷം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണ് കൊശമറ്റ ഫിനാൻസ്. മുത്തൂറ്റ് ഗ്രൂപ്പിലേതിന് സമാനമായ സാമ്പത്തിക തട്ടിപ്പ് ഇവിടെയും നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തെ നികുതി വെട്ടിച്ചു എന്ന് വ്യക്തമായതിനെ തുടർന്ന് മുത്തുറ്റ് ഫിനാൻസിൽ നിന്നും 800 കോടി രൂപയും ജോയ് ആലുക്കാസിൽ നിന്നും 300 കോടി രൂപയും പിഴ ഈടാക്കാൻ വിധിച്ചിരുന്നു. ഗോകുലം ഫിനാൻസിന് മേൽ 1000 കോടിയുടെ പിഴയാണ് ഉദ്യോഗസ്ഥർ ചുമത്തിയിരുന്നത്. പണയം വെച്ച സ്വർണം എടുക്കാതെ വരുമ്പോൾ ലേലം ചെയ്യുന്ന വേളയിൽ ഈ സ്വർണം കമ്പനിയുടെ തന്നെ ആളുകൾ ചുരുങ്ങിയ വിലക്ക് കൈവശപ്പെടുത്തിയാണ് നികുതിവെട്ടിപ്പിന് അവസരം ഒരുക്കുന്നത്. ഈ സംഭവം പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പതിവായി നടക്കുന്നതാണെന്നാണ് ആരോപണം.

അടുത്തിടെ കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട അതീവ റിസ്‌ക്കുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ കൊശമറ്റം ഫിനാൻസും ഉൾപ്പെട്ടിരുന്നു. നേരത്തെ തന്നെ കേന്ദ്രത്തിന്റെ ഹിറ്റ്‌ലിസ്റ്റിൽപെട്ട സ്ഥാപനത്തിൽ പരാതി കൂടി ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥർ പരിശോധനയുമായി എത്തിയത്. നേരത്തെ മുത്തൂറ്റിൽ നടന്നത് 400 കോടിയിലേറെ വരുന്ന സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. സാധാരണ പലിശ നിരക്കിൽ സ്വർണം പണയവായ്പ നൽകിയാൽ ഇങ്ങനെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാൾ 2 ശതമാനം വരെ കൂടുതൽ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാൻ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണ് മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്നിട്ടുള്ളതെന്നാണ് പരിശോധയനിയൽ വ്യക്തമായിരുന്നത്. സമാന മാർഗ്ഗം കൊശമറ്റം ഫിനാൻസും സ്വീകരിച്ചോ എന്നതാണ് ഉയരുന്ന ചോദ്യം.

സ്വർണം പണയം വെയ്ക്കുന്ന ഉപഭോക്താവിൽ നിന്ന് നിയമം അനുശാസിക്കുന്നതിനേക്കാൾ ഉയർന്ന പലിശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിവരം പണയം വെയ്ക്കുന്ന ആൾ പലപ്പോഴും അറിയാറില്ല . പലിശയ്ക്ക് ബിൽ നല്കാതിരിക്കുന്നതാണ് പ്രധാന കാരണം. സ്വർണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അത് നൽകും. എന്നാൽ എത്ര പലിശ ഈടാക്കി എന്നത് രേഖപ്പെടുത്തിയ ബിൽ നൽകാറില്ല. ഇങ്ങനെയാണ് ഈ സ്ഥാപനങ്ങൾ കോടികളുടെ പലിശ വെട്ടിപ്പ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

പണയം വച്ച സ്വർണം ലേലം ചെയ്തുവിൽക്കുന്ന നടപടിക്രമങ്ങളിൽ വൻക്രമക്കേടാണ് മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. പണയം വച്ച സ്വർണം ഉടമസ്ഥൻ തിരിച്ചെടുത്തില്ലെങ്കിൽ ധനകാര്യസ്ഥാപനങ്ങൾക്ക് ലേലം ചെയ്തുവിൽക്കാം. ഇതിന് പക്ഷെ കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട് . ആദ്യം ഉടമസ്ഥനെ അറിയിക്കണം. ലേല വിവരം പത്രത്തിൽ പരസ്യം ചെയ്യണം. മുത്തൂറ്റ് സ്ഥാപനങ്ങളിൽ ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. ഉടമസ്ഥന്റെ സാന്നിധ്യത്തിൽ വേണം ലേലം നടത്താൻ. ലേലത്തിൽ ലഭിക്കുന്ന അധിക തുക സ്വർണ്ണത്തിന്റെ ഉടമസ്ഥന് തിരികെ നൽകണം. എന്നാൽ മുത്തൂറ്റിന്റെ ആളുകൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാറ്.

ഇവർ സ്വർണം കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ചെടുക്കും. സ്വർണം മുത്തൂറ്റിന് സ്വന്തം. ഉടമസ്ഥന് അധിക തുക ലഭിക്കാറുമില്ല. ലേലത്തിൽ ലഭിച്ച തുകകൾ രേഖപ്പെടുത്തിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചപ്പോൾ ആദായ നികുതി വകുപ്പിന് വ്യക്തമായി. ഈ രീതി വഴി കോടിക്കണക്കിനു രൂപയാണ് അനധികൃതമായി മുത്തൂറ്റ് ഗ്രൂപ്പുകൾ സ്വന്തമാക്കിയത്. സമാനമായ തട്ടിപ്പാണ് കൊശമറ്റത്തും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.