തൃശൂർ: 5000 കോടി രൂപയുടെ ആസ്തിയുള്ള മുഹമ്മദ് നിസാം ഇനി കണ്ണൂർ സെൻട്രൽ ജയിലിലെ 21 രൂപ ദിവസവേതനം പറ്റുന്ന കൂലിവേലക്കാരനായ തടവുകാരൻ മാത്രം. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം കൂടി തടവുശിക്ഷ വിധിച്ചു. ശിക്ഷകൾ പ്രത്യേകം അനുഭവിക്കണം. ശിക്ഷ പ്രകാരം നാൽപ്പതുകാരനായ നിസാം കുറഞ്ഞത് 38 വർഷം ജയിലിൽ കിടക്കേണ്ടി വരും. അതിനിടെ വിധിയിൽ അപ്പീൽ നൽകാൻ നിസാമിന്റെ അഭിഭാഷകർ നീക്കം തുടങ്ങിയിട്ടുണ്ട്. അപ്പീൽ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ എഴുപത്തിയെട്ടാം വയസ്സുവരെ ജയിലിൽ കഴിയാനാകും ഈ ശതകോടീശ്വരന്റെ വിധി.

നിസാമിനെ കണ്ണൂർ ജയിലിൽ തടവിൽ പാർപ്പിക്കാനാണ് കോടതി വാറണ്ടാക്കിയിരിക്കുന്നത്. ഇനി വേണമെങ്കിൽ നിസാമിന് അപേക്ഷ നൽകി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് വരാം. തൃശൂരിൽ കേസിന്റെ വിചാരണ ആരംഭിച്ചപ്പോഴാണ് നിസാമിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. അതുവരെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. തുടക്കത്തിൽ തന്നെ ജയിൽ ജോലികളിൽ പങ്കാളിയാകണം. 21 രൂപ ദിവസേന ലഭിക്കും. പത്തുമാസം പണിയെടുത്താൽ ക്ലാസ് വൺ തൊഴിലാളിയാകും. അപ്പോൾ 30 രൂപ ലഭിക്കും. പിന്നീട് വർഷങ്ങളുടെ പരിചയം ഉണ്ടായാൽ പരമാവധി കൂലി 53 രൂപ. ചപ്പാത്തി നിർമ്മാണത്തിൽ ജോലി ലഭിക്കുകയാണെങ്കിൽ 117 രൂപ ദിവസവേതനം ലഭിക്കും.

നിസാമിന്റെ ചെലവിനായി ബന്ധുക്കൾക്ക് പണം മണിയോർഡർ അയക്കാം. എന്നാൽ 800 രൂപയിൽ കൂടുതൽ ജയിലിനുള്ളിൽ ചെലവഴിക്കാൻ കഴിയില്ല പ്രതിമാസം 150 രൂപയ്ക്ക് ടെലിഫോൺ ചെയ്യാം. 21 മാസം തടവ് അനുഭവിച്ചാൽ പരോളിന് അർഹനാകും. എന്നാൽ പരോൾ ലഭിക്കണമെങ്കിൽ പൊലീസിന്റെയും പ്രബേഷണറി ഓഫീസറുടെ റിപ്പോർട്ടും അനുകൂലമാകണം. ശത കോടീശ്വരന് വേണ്ടി ഇതെല്ലാം അനുകൂലമാകുമെന്ന് ഉറപ്പാണ്. അങ്ങനെ എങ്കിൽ 21 മാസം പിന്നിടുമ്പോൾ പുറത്തുവരാം. റിമാൻഡിൽ കഴിയുമ്പോൾ ജയിലിനുള്ളിൽ പല സൗകര്യങ്ങളും മുതലാളിക്ക് ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് കണ്ണൂരിലേക്ക് കോടതി നിസാമിനെ അയച്ചത്.

ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് നിസാമിനെ ഇന്നലെ ഉച്ചയ്ക്ക് തന്നെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റി. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ ഉണ്ടായ അതേ മുഖഭാവത്തോടെ തന്നെയാണ് ഉച്ചയ്ക്ക് കണ്ണൂർക്കുള്ള യാത്രയ്ക്ക് മുമ്പ് ജയിലിൽ എത്തിയപ്പോഴും നിസാമിന് ഉണ്ടായിരുന്നതെന്ന് ജയിൽ ജീവനക്കാർ പറഞ്ഞു. ബുധനാഴ്ച കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ട് തിരികെ വന്നിട്ടും യാതൊരു ഭാവമാറ്റവും നിസാമിൽ കണ്ടില്ലെന്നും സാധാരണ പോലെ ഭക്ഷണം കഴിച്ചെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് ചന്ദ്രബോസ് വധക്കേസിൽ നിസാമിനെതിരായ വിധി പ്രഖ്യാപനം വന്നത്.. 2015 ജനുവരി 29ന് പുലർച്ചെ മൂന്നോടെയാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. അമല ആശുപത്രിയിൽ 19 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫെബ്രുവരി 16ന് മരിച്ചു. നിസാമിന്റെ കൃത്യം ക്രൂരമാണെങ്കിലും കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നിസാം നിരവധി കേസുകളിൽ പ്രതിയാണെങ്കിലും മുൻപ് ശിക്ഷിക്കപ്പെട്ടിട്ടില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തല്ല നിസാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയത്. അങ്ങനെ ചെയ്തുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനും സാധിച്ചിട്ടില്ല. പെട്ടെന്നുള്ള ദേഷ്യത്തിലാണ് നിസാം കൃത്യം നടത്തിയത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും കുറിച്ച് നിസാമിന് ചിന്തയില്ലെന്നും കോടതി നിരീക്ഷിച്ചു.

വിഷാദരോഗം ഉണ്ടെന്നതിന് തെളിവില്ല. ഒട്ടേറെ സ്ഥാപനങ്ങൾ നടത്തുകയും കുടുംബത്തെക്കുറിച്ച് നല്ല ബോധമുള്ളയാളുമാണ്. ഇത്രയും സ്ഥാപനങ്ങൾ നടത്തുന്നയാൾ ഒരു കാലത്തും നന്നാകില്ലെന്ന് കരുതാൻ കഴിയില്ല. വധശിക്ഷ മാത്രമേ ഇതിന് പറ്റുകയുള്ളൂവെന്ന് തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് കണ്ണൂർ സെൻട്രൽ ജയിലിലെ വാസം. അങ്ങനെ വന്നാൽ പരോൾ നേടലും എളുപ്പമാകും. വിവാദങ്ങൾ ജയിലിലും തുടർന്നാൽ അതിനുള്ള സാധ്യതയും അടയും.