'നീ ജീവിച്ചിരിക്കുന്നതിനേക്കാൾ മൂല്യമുള്ളതു മരിച്ചുകഴിഞ്ഞാണ് ' അമേരിക്കയിലെ ചെറു പട്ടണമായ ബെഡ്‌ഫോർഡ് ഫാൾസിലിൽ , മനുഷ്യ സ്‌നേഹിയും നന്മ നിറഞ്ഞ കഥാപാത്രവുമായ ജോർജ് ബെയ്ലി എന്ന ചെറുകിട ബിസിനെസ്സ്‌കാരൻ തന്റെ സ്ഥാപനം ചതിയിൽ പെട്ട് , ബിസിനസ് പിടിവിട്ടു പോയി നിൽക്കുകയായിരുന്നു. തന്റെ സർവനാശം സ്വപ്നം കാണുന്ന ശത്രുവായ മിസ്റ്റർ പോർട്ടർ എന്ന കഴുകൻ ബിസിനെസ്സ്‌കാരന്റ്‌റെ മുൻപിൽ കടം ചോദിക്കാൻ ചെന്ന അവസ്ഥയിലെ ഒരു സംഭാഷണമാണ് ഇത് . 8,000 ഡോളർ കടം ചോദിച്ച ജോർജ് , തന്റെ കയ്യിൽ ആകെ ഉള്ള ആസ്തി 15,000 ഡോളർ കിട്ടാവുന്ന ,ലൈഫ് ഇൻഷുറൻസ് പോളിസി ആണെന്നു പറയുന്നു. അപ്പോൾ അതിനു കേവലം 500 ഡോളർ മാത്രമേ വിലമതിപ്പുള്ളു എന്ന അറിവിൽ , മിസ്റ്റർ പോർട്ടർ ജോർജിനെ പരിഹസിച്ചു പറയുന്ന സംഭാഷണം ആണ് ഇത്.

എഴുപതു വര്ഷം മുൻപ്, ഫിലിപ്പ് വാൻ ടോരെൻ സ്റ്റെർൺ എഴുതി ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്തു അനശ്വരമാക്കിയ ' ഇറ്റ്'സ് എ വണ്ടർഫുൾ ലൈഫ് ' (1946 ) എന്ന ചലച്ചിത്രം ഇന്നും അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ്‌കാല ചലച്ചിത്രങ്ങളിൽ ഒന്നാണ്. 1945 ലെ ക്രിസ്മസ്സിനു തലേദിവസം, ജോർജ് തന്റെ ബിസിനസ്സും , മാനവും സൽകീർത്തിയും , വിശ്വസ്തതയും താറുമാറായി എന്ന് മനസ്സിലാക്കി. ഇനിയും ആർക്കും ഒന്നിനും തന്നെ രക്ഷപെടുത്താൻ ആവില്ല എന്ന അറിവിൽ , മദ്യപിച്ചു ലെക്കുകെട്ട ആ രാത്രിയിൽ പാലത്തിനു മുകളിൽ നിന്ന്, മരംകോച്ചുന്ന പുഴയിൽ ചാടി തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. 'ഞാൻ അങ്ങനെ പ്രാർത്ഥിക്കാറൊന്നുമില്ല ദൈവമേ, എന്നാലും അങ്ങ് എന്റെ അപേക്ഷ കേൾക്കണേ ' എന്ന് അറിയാതെ പറയുകയും ദൈവം അത് കേട്ട് , തന്റെ കാവൽമാലാഖ ആയ ക്ലാരെന്‌സിനെ അയച്ചു ജോർജിനെ രക്ഷിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽ നിന്നും ക്ലാരെന്‌സിനെ വിടുന്നതിനുമുന്പ് ,തന്റെ ജീവിതത്തിൽ ജോർജ് , മറ്റുള്ളവർക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും മോഹവും സ്വപ്നങ്ങളും മാറ്റിവച്ചു, സഹിച്ച ത്യാഗത്തെ പറ്റിയും അയാളുടെ മനസ്സിന്റെ നന്മകളെപ്പറ്റിയും ദൈവം പറഞ്ഞുകൊടുക്കയാണ് .

ഒരു വയോധികന്റെ വേഷത്തിൽ ക്ലാരൻസ് നദിയിൽ ചാടുകയും, ജോർജ് അയാളെ നദിയിലേക്കു ചാടി രക്ഷപ്പെടുത്തുകയും ചെയ്യുന്ന നാടകീയ മുഹൂർത്തങ്ങൾ. താനാണ് ജോർജിനെ രക്ഷിച്ചതെന്നു ബോധ്യപ്പെടുത്താൻ ക്ലാരെന്‌സിനു നന്നേ പാടുപെടേണ്ടി വരുന്നു . തനിക്കു ചിറകൊന്നും ഇല്ലാത്തതിനാൽ ഇദ്ദേഹം മാലാഖയാണെന്ന് ജോർജിനും വിശ്വസിക്കാൻ പ്രയാസം. താൻ നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ ഓരോ മണിനാദം കേൾക്കാമെന്നും , അപ്പോഴാണ് തനിക്കു ചിറകു മുളക്കുന്നതെന്നും ക്ലാരെൻസ് പറയാൻ ശ്രമിച്ചു .തന്റെ ദൗത്യം പൂര്ണമാക്കണമെങ്കിൽ ജോർജ് തെന്നെ വിശ്വസിച്ചേ മതിയാകയുള്ളൂ. അതുകൊണ്ടു ജോർജ് ഇല്ലാതിരുന്ന ഒരു കാലത്തേയ്ക്ക് ജോർജിനെ കൂട്ടികൊണ്ടു പോകയാണ് ക്ലാരൻസ് . ആ കാലത്തെ ആളുകളും ഇടങ്ങളും ജോർജിന് പരിചിതമായിരുന്നില്ല , സ്വന്തം അമ്മയും അച്ഛനും പോലും ജോർജിനെ തിരിച്ചറിയുന്നില്ല. താൻ പോന്ന വഴിയിൽ ഉപേക്ഷിച്ചു പോയ കാറും ഒന്നും കാണാൻ സാധിക്കുന്നില്ല. ഇത് ജോർജിനെ ആകെ ഭ്രാന്തനാക്കി. ക്ലാരൻസ് ശരിക്കും മാലാഖയാണോ എന്ന് തോന്നിത്തുടങ്ങി , എങ്ങനെ എങ്കിലും സ്വന്തം ഭവനത്തിൽ എത്തണം എന്ന ആഗ്രഹം മാത്രം ബാക്കിയായി .

ചെറുപ്പത്തിൽ ജോർജിന്റെ ഇളയ സഹോദരൻ ഹാരിയെ അപകടത്തിൽ നിന്ന് രക്ഷിക്കുമ്പോൾ ജോർജിന്റെ ഒരു ചെവിയുടെ കേഴ്‌വി നക്ഷ്ടപ്പെട്ടിരുന്നു. സ്‌കൂൾ പഠന കാലത്തു പാർട്ട് ടൈം ജോലി നോക്കിയ മരുന്ന്കട ഉടമ മിസ്റ്റർ ഗോവർ തന്റെ മകൻ മരിച്ച വിഷാദത്തിൽ, മരുന്നിൽ വിഷം അറിയാതെ ചേർത്തത് ജോർജ് കണ്ടുപിടിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ ഒരു ചെവിയുടെ കേഴ്‌വിക്കുറവ് കാരണം അത് നടന്നില്ല , പകരം സഹോദരൻ ഹാരിയെ പഠിക്കാനയച്ചു. യുദ്ധത്തിൽ പങ്കെടുത്ത ഹാരിക്ക് വീരബഹുമതി നേടാനുമായി. തന്റെ ജീവിതം രക്ഷപെടണമെങ്കിൽ ആ നാട്ടിൽ നിന്നും പുറത്തു പോയേ മതിയാകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ച ജോർജ്, ഓരോ കാരണങ്ങളാൽ നാട്ടിൽ തന്നെ തങ്ങുവാനും, പിതാവിന്റെ അപ്രതീക്ഷമായ മരണം മൂലം കുടുംബ ബിസിനസ് നടത്തിക്കൊണ്ടുപോകുവാനും ഒരുങ്ങുന്നു. തന്റെ നാട്ടിലെ ഏറ്റവും ധനികനും ക്രൂരനുമായ മിസ്റ്റർ പോർട്ടർ , ജോർജിനു വച്ചുനീട്ടുന്ന ചതികളും കെണികളും, പട്ടണത്തിലെ ആളുകളെമുഴുവൻ ചതിക്കുഴയിൽ തളച്ചിടാൻ പോർട്ടർ കാണിക്കുന്ന ഓരോ ശ്രമവും ജോർജ് തകർക്കുന്നു , അങ്ങനെ അവർ തമ്മിൽ ശത്രുക്കളാവുന്നു. ഏറ്റവും ഒടുവിൽ തന്റെ അങ്കിൾ ബില്ലിയുടെ കൈയബദ്ധം മൂലം നഷ്ട്ടപ്പെടുന്ന 8,000 ഡോളർ ലോൺ തിരിച്ചടക്കാനാകാതെ തകർന്നാണ് എല്ലാം ഉപേക്ഷിച്ചു സ്വയം മരണം ഏറ്റെടുക്കാൻ തയ്യാറായി ജോർജ് പാലത്തിനു മുകളിൽ കയറിയത്. അവിടെവച്ചു ക്ലാരൻസ്, ജോർജിനെ തന്റെ ജീവിതം കൊണ്ട് മറ്റുള്ള ജീവിതങ്ങളെ എങ്ങനെ സഹായിച്ചു, അതിനു താൻ എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു എന്ന് മനസ്സിലാക്കികൊടുക്കുന്നു . അതാണ് ജീവിതത്തിന്റെ ശരിയായ അർദ്ധം എന്ന് തിരിച്ചറിഞ്ഞ ജോർജ് വീട്ടിലേക്കു തിരിച്ചുപോകാൻ കലശലായിവെമ്പൽ കൊള്ളുകയാണ്.


അന്ന് രാത്രി തന്റെ സഹോദരൻ ഹാരിക്ക് നഗരം വൻ സ്വീകരണം ഒരുക്കിയിരുന്നു . വീട്ടിൽ തിരിച്ചെത്തിയ ജോർജിനെ കുടംബവും , സഹോദരൻ ഹാരിയും നഗരം മുഴുവനും ചേർന്ന് സ്വീകരിക്കുകയും, എല്ലാവരും ചേർന്ന് നഷ്ടപ്പെട്ടുപോയ പണം പിരിച്ചു എടുത്തു ജോർജിന്റെ തകരുന്ന ബിസിനസ് വീണ്ടെടുക്കയും ചെയ്യുന്ന മനോഹരമായ ഒരു കഥയാണ് ' ഇറ്റ്'സ് എ വണ്ടർഫുൾ ലൈഫ് '.

മറ്റുള്ള ജീവിതങ്ങൾക്ക് ഒരു കൈത്തിരി കത്തിക്കാൻ ആയെങ്കിൽ, അതിനായി എത്ര ത്യാഗങ്ങൾ അനുഭവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജീവിതത്തിന്റെ മാറ്റ് അളക്കപ്പെടുന്നത് . നമ്മുടെ ജീവിതങ്ങളിൽ കാലങ്ങളായി അറിയാതെ കൈപിടിച്ച് കൊടുത്ത ,മറന്നുപോയ കണക്കു പുസ്തകങ്ങൾ, അവ ഒന്ന് തിരിഞ്ഞുനോക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതുവരെയുള്ള ജീവിതത്തിന്റെ പ്രസക്തി കൂടിയേനെ . പക്ഷെ നമുക്ക് അതിനു കഴിയില്ല, ചിറകില്ലാത്ത കാവൽമാലാഖമാരെ നമുക്ക് തിരിച്ചറിയാനുമാകുന്നില്ല . ലോകത്തിന്റെ ശബ്ദബഹുലതയിൽ മണിനാദം കേൾക്കാനുമാകുന്നില്ല . സൂഷ്മത്തിൽ അനാഥരോ അന്യരോ ആയിത്തീരുന്ന മനുഷ്യൻ അവരുടെ വീടുകളിൽ അവനവനെത്തന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നതെന്നു ശ്രീ. കല്പറ്റ നാരായണൻ പറഞ്ഞത് എത്രയോ സത്യമാണ്. സമൂഹമല്ലാതായിത്തീര്ന്ന ഈ ഒറ്റപ്പെട്ട കാലഘട്ടത്തിൽ ലോകം സ്‌നേഹപൂര്ണവും ത്യാഗപൂർണവും ആയിത്തീരാൻ , ഒരു രീതി പറഞ്ഞുകൊടുക്കാൻ, ചില പഴങ്കഥകൾ തെന്നെ ആശ്രയിക്കേണ്ടി വരുന്നു.

അടുത്ത കാലത്തു ഇവിടെ അമേരിക്കയിൽ ഒരാളുടെ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ചടങ്ങിൽ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട പ്രസംഗകർ അടിച്ചുവിടുന്ന സ്തുതിവചനകൾ കേട്ടപ്പോൾ ഇദ്ദേഹം ഒരു വലിയ സംഭവം ആണെന്ന് അറിയില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയി. അദ്ദേഹത്തെ വര്ഷങ്ങളായി അടുത്തറിയാവുന്ന ഒരാൾ സഹികെട്ടു പിറുപിറുക്കുന്നതു കേട്ട് നടുങ്ങാതിരുന്നില്ല . 'ഇങ്ങേരു സ്വന്തം വീട്ടുകാർക്കല്ലാതെ ഒരു മനുഷ്യനും ഒരു സഹായവും ചെയ്തിട്ടില്ല, സ്വന്തം വീട്ടുകാർക്കുപോലും ഉപകാരം ചെയ്തിട്ടില്ല, ആകെ ഭാര്യവീട്ടുകാരെ മാത്രം കൈവിട്ടു സഹായിച്ചു , അവർ സംഘടിപ്പിച്ച ചടങ്ങാ, ഇതും സഹിക്കണമല്ലോ ' . ഒന്നിനും കൊള്ളാത്തവർ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ചുറ്റിലും സ്വന്തം ജീവിതരീതിയും ആദർശങ്ങളും കാണിച്ചുകൊടുക്കാനുള്ള കാവൽവിളക്കുകൾ ഇന്ന് അപ്രത്യക്ഷമായി, ചുമടുതാങ്ങികൾ ഇന്ന് എവിടെയും കാണാനില്ല.

ജീവിതം കയറിന്റെ അറ്റത്തു ചെന്ന് നിൽക്കുന്നവർ, താൻ ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയവർ, ഒരു ദൈവത്തിനും തന്നെ രക്ഷിക്കാൻ കഴിവില്ല എന്ന് വിശ്വസിച്ചുപോയവർ , ഒക്കെ നമ്മുടെ ചുറ്റും നിർവികാരരായി നില്പുണ്ട്. ഒരു ജീവിതത്തിലും ഇടപെടാതെ സ്വന്തം കാര്യം മാത്രം നോക്കി വെറുതെ ജീവിച്ചു തീർക്കുന്ന പാഴ് ജന്മങ്ങളും നമുക്ക് ചുറ്റും കാണാം. ഒന്നിലും ആരിലും വിശ്വാസമില്ലാത്ത അവസ്ഥയിൽ , ദൈവദൂതനുപോലും സഹായിക്കാൻ കഴിയാത്ത ജീവിത പ്രതിസന്ധികളിൽ ഒരു ചെറിയ മണിനാദമാണ് നമ്മുടെ പ്രത്യാശകൾക്കു ചിറകു മുളപ്പിക്കുന്നത്. അതെ, അങ്ങനെയാണ് കാവൽമാലാഘമാർക്കു ചിറകു ലഭിക്കുന്നത് .

'Every time bell rings, an angel get his wings'