തിരുവനന്തപുരം: അടുത്തകാലത്തായി മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രണ്ട് വാർത്താ ചാനലുകളെ കുറിച്ചാണ്. ഒന്ന്, മലയാളത്തിലെ നമ്പർ വൺ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ കുറിച്ചും മറ്റേത് ദേശീയ തലത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുകയും മലയാളികൾ കൂട്ടത്തോടെ കടന്നാക്രമിക്കുകയും ചെയ്ത റിപ്പബ്ലിക് ചാനലാണ് മറ്റേത്. സൈബർ ലോകത്ത് അടുത്ത കാലത്ത് ഇത്രയേറെ വിവാദങ്ങൾ ഉണ്ടാക്കിയ മറ്റൊരു ചാനൽ കാണില്ല. ഈ രണ്ട് ചാനലുകളുടെയും മുതലാളിയായ രാജീവ് ചന്ദ്രശേഖരൻ ബിജെപിയുടെ എംപി കൂടിയായ വ്യക്തിയാണ്. കേരളത്തിൽ എൻഡിഎ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം. എന്നാൽ, രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരിയായി ബിസിനസ് താൽപ്പര്യങ്ങൾ തന്നെയാണ് രാജീവിനെ മുന്നോട്ടു നയിക്കുന്നതെന്ന കാര്യവും വ്യക്തമാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരകിക്കയാണ് ഏഷ്യാനെറ്റ് ഉടമ.

വിപണിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് രാജീവ് വ്യക്തമാക്കിയത്. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകൾ പ്രവർത്തിക്കുന്നത്. വിപണിയിൽ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്നും രാജീവ്് വ്യക്തമാക്കി. വിപണി കീഴടക്കുന്നതിന് ഇടത് ചായ്വ് പ്രകടിപ്പിക്കണമെങ്കിൽ അങ്ങനെ അതല്ല വലതു ചായ്വോ, ബിജെപി അനുകൂലമോ വേണമെങ്കിൽ അങ്ങനെ, വിപണിയാണ് പ്രധാനം. തന്റെ ഉടമസ്ഥതയിലുള്ള വിവിധ ചാനലുകൾ വിവിധ രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ പറയുന്നു. സ്‌ക്രോൾ.കോമിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

കേരളത്തിൽ പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഭരണകക്ഷിയായ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നാണ് രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. റിപ്പബ്ലിക് ടിവിക്കും കന്നഡ ചാനലിനും വ്യത്യസ്തമായ നിലപാടാണ് ഉള്ളത്. റിപ്പബ്ലിക്ക് ടിവി ബിജെപിയുടെ വക്താക്കൾ ആണ് എന്ന് ആളുകൾ പറയുന്നു, അത് എഡിറ്റർ ആണ് വിശദീകരിക്കേണ്ടത്, ഓഹരി ഉടമകളല്ല. വിപണി കീഴടക്കുന്നതിന് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ നയം- അദ്ദേഹം പറഞ്ഞു.

പ്രേക്ഷകരെ ഇത്തരത്തിൽ ഉയർത്തിക്കൊണ്ടുവരുമ്പോൾ താങ്കൾ എങ്ങനെയാണ് വിശ്വാസ്യത ഉറപ്പുവരുത്തുക എന്ന ചോദ്യത്തിന് വിശ്വാസ്യത ആർജ്ജിക്കുന്നതിനേക്കാൾ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നായിരുന്നു മറുപടി. 'വിശ്വസനീയത പ്രേക്ഷകരുടെ വലിപ്പത്തിൽ നിന്നാണ് വരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഒരു ബ്രാൻഡ് ഉയർന്നുവന്നാൽ അതിന് വിശ്വസ്യത താനേ ഉണ്ടായിക്കോളും. ഒരു ബ്രാൻഡിൽ കുറച്ച് അധികം ആളുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ താനേ അതിലേക്ക് എത്തിച്ചേർന്നോളും' രാജീവ് ചന്ദ്രശേഖരൻ പറയുന്നു.

വാർത്തകളിൽ നിന്നും എന്തെല്ലാം മറയ്ക്കണണെന്ന് എഡിറ്റർ തീരുമാനിക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ആളുകൾ തന്നെ ഇങ്ങോട്ട് വാർത്തയാവശ്യപ്പെടുകയാണ്. എന്നാൽ ചില എഡിറ്റർമാർ ഇത് ഇഷ്ടപ്പെടില്ല. എന്നാൽ അതാണ് വരാനിരിക്കുന്നത്. രണ്ട് വിദ്വാന്മാർ ഇരുന്ന് അവർക്ക് തോന്നുന്നത് പറയുന്ന കാലമല്ല ഇനി വരാനിരിക്കുന്നത്. റിപ്പബ്ലികിനെ വിമർശിക്കുന്നവരോടും തന്നെ വിമർശിക്കുന്നവരോടും തനിക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.

മാധ്യമ മുതലാളി, എംപി, വ്യവസായി എന്നിങ്ങനെ മൂന്ന് തലക്കെട്ടുകളിൽ ഉൾപ്പെട്ട രാജീവ് ചന്ദ്രശേഖരൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലെ മുഖ്യ നിക്ഷേപകൻ എന്ന നിലയിലായിരുന്നു. അതിദേശീയ വാദം ഉന്നയിച്ചും സംഘപരിവാറിനെ പിന്തുണച്ചുള്ള ഏകപക്ഷീയ വാർത്താ നിലപാടുകളുടെ പേരിലും നിരന്തരം വിവാദത്തിലകപ്പെടുന്ന വാർത്താ അവതാരകൻ കൂടിയാണ് അർണബ് ഗോസ്വാമി. ജെഎൻയു പ്രക്ഷോഭകരെ രാജ്യദ്രോഹികളായി മുദ്രകുത്തിയും, കേരളത്തെ പാക്കിസ്ഥാനായി ഉപമിച്ചും, ശശിതരൂരിനെതിരായി മാധ്യമ വേട്ട നടത്തിയുമുള്ള അർണബിന്റെ നിലപാടുകൾ പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൈംസ് നൗവിൽ നിന്നും രാജിവെച്ച് സ്വന്തമായി ചാനൽ തുടങ്ങിയ അർണബിനെ പിന്തുണച്ചവരിൽ പ്രമുഖനായിരുന്നു രാജീവ് ചന്ദ്രശേഖരൻ.

കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ കൂടിയായ രാജീവ് ബംഗ്ളൂരു ആസ്ഥാനമായ ജുപ്പീറ്റർ ക്യാപിറ്റൽ എന്ന കമ്പനിയുടെ തലവനാണ്. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാർത്താ ചാനലായ സുവർണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓൺലൈൻ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസബിൾ എന്നിവ പ്രവർത്തിക്കുന്നതും.