മുംബൈ: നായകൻ ആബേൽ ലൂയിസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ സ്പാനിഷ് പട ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലിയെ കീഴടക്കി ഫൈനലിൽ. കലാശ പോരാട്ടത്തിൽ സ്‌പെയിൻ ഇംഗ്ലണ്ടിനെ നേരിടും.തുടർച്ചയായ രണ്ടാംലക്ഷ്യമിട്ട് വന്ന മാലിക്ക് നിരാശരായി മടങ്ങേണ്ടി വന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്‌പെയിനിന്റെ ജയം.

മത്സരത്തിന്റെ 19ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് റൂയിസ് ഗോൾപട്ടിക തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് റൂയിസ് രണ്ടാം ഗോളും നേടി. സീസർ ഗെലാബെർട്ടിന്റെ പാസിൽ നിന്ന് ബോക്‌സിന്റെ വലത് മൂലയിൽ നിന്നാണ് റൂയിസ് പന്ത് വലയിലേക്കെത്തിച്ചത്. ഫെറാൻ ടോറസ്സാണ് സ്‌പെയിനിന്റെ മൂന്നാം ഗോൾ നേടിയത്. 71ാം മിനിറ്റിൽ സെർജിയോ ഗോമസിന്റെ ക്രോസ് പാസിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് ടോറസ്സന്റെ ഗോൾ. 74ാം മിനിറ്റിൽ ലസ്സാനയിലൂടെയായിരുന്നു മാലിയുടെ ആശ്വാസ ഗോൾ.

ഇതിനിടെ 62ാം മിനിറ്റിൽ മാലിയുടെ ചീക്ക ഔമറിന്റെ ബോക്‌സിന് പുറത്തു നിന്നുള്ള ഒരു ഷോട്ട് ഗോൾലൈൻ കടന്നെന്ന് ടീ റീപ്ലേകൾ വ്യക്തമാക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല.ടൂർണമെന്റിൽ ഗോൾലൈൻ ടെക്‌നോളജി ഉപയോഗിക്കാത്തതിനാൽ മാലിക്ക് കൂടുതൽ തർക്കിക്കാനുമായില്ല. ശനിയാഴ്ചയാണ് കലാശപ്പോര്. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം.ലൂസേഴ്‌സ് ഫൈനലിൽ ബ്രസീലും മാലിയും ഏറ്റുമുട്ടും.