കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ പാറയിൽ നിന്ന് വഴുതി വീണ നടി കീർത്തി സുരേഷല്ലെന്ന് വ്യക്തമായി.സമൂഹ മാധ്യമങ്ങളിലാണ് നടി വീഴുന്നതിന്റെ വീഡിയോ പ്രചരിച്ചത്. പാറയിൽ നിന്ന് വീണ് പരുക്കേറ്റത് പുതുമുഖ താരം ലിൻഡ കുമാറിനാണ്. സിദ്ദിഖ് ചേന്ദ്മംഗലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

കോഴിക്കോട് പേരാമ്പ്രയ്ക്ക് അടുത്തുള്ള ജാനകിക്കാടായിരുന്നു ലൊക്കേഷൻ.നടി ലിൻഡ കുമാറിന്റെ കൈക്കും കാലിനും പരുക്കേറ്റു. 10 ദിവസത്തെ വിശ്രമത്തിന് ശേഷം നടി ഷൂട്ടിങ്ങിന് തിരിച്ചെത്തും.അതേസമയം കീർത്തി സുരേഷ് സുഖമായിരിക്കുന്നുവെന്നും താരമിപ്പോൾ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണെന്നും അറിയുന്നു.