ഗുവാഹത്തി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചായ വിൽപ്പനക്കാരന്റെ കഥ വീണ്ടും ഓർത്തെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മോദി വീണ്ടും ചായവിൽപ്പനക്കഥ പുറത്തെടുത്തത്.

അന്നു താൻ വിറ്റിരുന്നത് അസം ചായ ആയിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണു വോട്ടു ലക്ഷ്യമാക്കി അസം തേയിലയെ മോദി കൂട്ടുപിടിച്ചത്.

ഏപ്രിലിലാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി തന്റെ ചായക്കടക്കാലത്തെ ഓർമിപ്പിച്ച് വോട്ടുപിടിക്കാനുള്ള ശ്രമം.

ആളുകളിൽ ഉന്മേഷം പകരാൻ അസം തേയിലക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അസം തേയില ഉപയോഗിച്ചാണ് ഞാൻ ചായ ഉണ്ടാക്കിയിരുന്നത്. അതിനാൽ അസമിനോട് വളരെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഭരിക്കാൻ അറുപത് വർഷം നൽകിയ നിങ്ങളോട് ഞാൻ അഞ്ചുവർഷമാണ് ചോദിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് രാജ്യത്തെ അഞ്ചു വികസിത സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു അസാം. ഇന്നാകട്ടെ മോശം സംസ്ഥാനങ്ങളിൽ ഒന്നായി അസം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ ഫോർ അസം എന്നു കുട്ടികൾ വരെ പറയുന്ന ഒരുകാലം അസമിനുണ്ടാകുമെന്നും മോദി പറഞ്ഞു.

രണ്ടുഘട്ടങ്ങളിലായാണ് ഏപ്രിലിൽ അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 നിയമസഭ മണ്ഡലങ്ങളിൽ ബിജെപി 91 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി 24 സീറ്റുകളിൽ ബിജെപിയുമായി സഖ്യത്തിലുള്ള അസം ഗണ പരിഷത്തും, പിന്നീടുള്ള സീറ്റുകളിൽ ബോഡോ പീപ്പീൾസ് ഫ്രണ്ടും മറ്റ് ചെറിയ പാർട്ടികളുമാണ് മത്സരിക്കുന്നത്. അസാമിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ചുറാലികളിലാണ് പ്രധാനമന്ത്രി ഇന്നു പങ്കെടുത്തത്.