കോതമംഗലം: ഇറ്റലിക്കാരൻ ലൂക്കോ ബെൽട്രാമി (38)യും യേയും സഹായിയേയും വാഹന ഡ്രൈവറെയും വനംവകുപ്പധികൃതർ തടഞ്ഞുവച്ച സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെ കൂട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് പിരിധിയിലെ കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വിട്ടയച്ച ലൂകക്കായോട് മൂവാറ്റുപുഴ ഡി വൈ എസ് പിയാണ് വിവരങ്ങൾ ശേഖരിച്ചത്.രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ഉന്നതാധിൃതർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതെന്നാണ് സൂചന.

അനധികൃതമായി കൂട്ടമ്പുഴയിലെ ആദിവാസി-വന മേഖലകളിൽ സന്ദർനം നടത്തി എന്നാരോപിച്ചാണ് ലൂക്കായെയും ഗൈഡ് ഉടുമ്പന്നൂർ സ്വദേശി എല്യസിനേയും ഇന്നലെ ഉച്ചയോടെ കുട്ടമ്പുഴ റെയിഞ്ചിലെ കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവച്ചത്. രാവിലെ ലൂക്കോ സഹായിക്കൊപ്പം കുടുയേറ്റ മേഖലയായ കല്ലേലിമേട്ടിലേക്ക് പോയതായി വനം വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. തിരിച്ചെത്തുബോൾ ഫോറസ്റ്റ് സ്റ്റേഷനിൽ വരണമെന്ന് ലൂക്കോയോട് വനംവകുപ്പധികൃതർ ദൂതന്മുഖേന അറിയിച്ചിരുന്നു.

ഒരു മണിയോടെ ഇദ്ദേഹം കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായി.താൻ കൊക്കോകായ് സംസ്‌കരിച്ച് വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നുണ്ടെന്നും ഇത് ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് കല്ലേലിമേട്ടിൽ വന്നതെന്നും വഴിക്ക് കണ്ട ഫോറസ്റ്റ് ജഡീവനക്കാരോട് കാര്യം വ്യക്തമാക്കിയാണ് യാത്രയായതെന്നും ലൂക്കോ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം വനം വകുപ്പ് ജീവനക്കാർ വകവച്ചില്ല.ലൂക്കോ വനത്തിൽക്കയറി എന്നും അതിനാൽ അനധികൃതമായി വനത്തിൽ പ്രവേശിച്ചു എന്ന കുറ്റം ചുമത്തി കേസെടുക്കുമെന്നുമായിരുന്നു ജീവനക്കാരുടെ നിലപാട്.വൈകിട്ടോടെയാണ് വിവരം പുറത്തായത്.

കുട്ടമ്പുഴ സ്വദേശി ടോണിയുടെ ജീപ്പിലാണ് ലൂക്കോയും സഹായിയും കല്ലേലിമേട്ടിലേക്ക് യാത്രയായത്.ജീപ്പ് ഡ്രൈവറെ വനംവകുപ്പുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നറിഞ്ഞതോടെ ജനക്കൂട്ടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തി.ഇതറിഞ്ഞ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയെങ്കിലും വനം വകുപ്പധികൃതർ മുൻ നിലപാടിൽ ഉറച്ചുനിന്നു. രാത്രി 11 മണിയോടെ മണികണ്ഠംചാൽ സെന്റ് ജോർജ്ജ് പള്ളിവികാരി ഫാ.റോബിൻ വിവരമറിഞ്ഞ് ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരവരങ്ങൾ ആരാഞ്ഞു.കേസെടുക്കുമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ ഫാ.റോബിൻ വിവരം ജോയ്സ് ജോർജ്ജ് എം പി യെ അറിയിച്ചു.

എം പി വനംവകുപ്പ് ജീവനക്കാരുമായി ബന്ധപ്പെട്ടെന്നും എഫ് ഐ ആർ രജഡിസ്റ്റർ ചെയ്തെന്നും ഇത് റദ്ദാക്കാനാവില്ലന്ന് ഇക്കൂട്ടർ എം പി യെ അറിയിച്ചു എന്നുമാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. രാത്രി 12 മണിയോടുത്ത് ഫ്.റോബിന്റെ സാന്നിദ്ധ്യത്തിലാണ് ലൂക്കോയെയും ഡ്രൈവറെയും സഹായിയേയും വനംവകുപ്പധികൃതർ മോചിപ്പിച്ചത്. ഇതിനകം വിവരം പൊലീസ് തലപ്പത്തെത്തിയിരുന്നു.ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നറങ്ങിയ ലൂക്കോയെത്തേടി കുട്ടമ്പുഴ പൊലീസും എത്തി.മനുഷ്യവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ലൂക്കോയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തിലാണ് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടത്.

മൂവാറ്റുപുഴ ഡി വൈ എസ് പി ഓഫീസിലെത്തി വിവരങ്ങൾ ധരിയ്‌പ്പിക്കണമന്ന ലോക്കൽ പൊലീസിന്റെ അഭ്യർത്ഥനയെ മാനിച്ച് ഉടൻ ലൂക്കോയും സഹായിയും ടോണിയുടെ വാഹനത്തിൽ മൂവാറ്റുപുഴയ്ക്ക് പുറപ്പെട്ടു.ഇവരെത്തുന്നതും കാത്ത് ഡി വൈ എസ് പി ബിജുമോൻ ഓഫീസിൽ കാത്തിരിക്കുന്നുംണ്ടായിരുന്നു. തടഞ്ഞുവച്ച നടപടിയിൽ ദുഃഖമുണ്ടെന്നും എന്നാൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ്സുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലന്നും അവരോട് താൻ ക്ഷമിച്ചു എന്നുമാണ് ലൂക്കാ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുള്ളതെന്ന് ഡി വൈ എസ് പി മറുനാടനോട് വ്യക്തമാക്കി.

സംഭവത്തിൽ വനംവകുപ്പധികൃതർക്ക് പിടിപ്പുകേടുണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.ഫോറസ്റ്ററും റെയിഞ്ചോഫീസറും തമ്മിലുള്ള ശീതസമരത്തിൽ ലൂക്കോയെ വലിച്ചിടുകയായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. ലൂക്കോ കല്ലേലിമേട്ടിലേയ്ക്ക് പോയവിവരം ഫോറസ്റ്റർ അറിഞ്ഞിരുന്നെന്നും നിരോധിത മേഖലയല്ലാത്തതിനാൽ തടയേണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ കീഴ്ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു എന്നുമാണ് അറിയുന്നത്. എന്നാൽ സംഭവം അറിഞ്ഞ റെയിഞ്ചോഫീസർ രാജൻ ലൂക്കോയെ കസ്റ്റഡിയിലെടുക്കാൻ ഫോറസ്റ്ററോട് ആവശ്യപ്പെട്ടുവെന്നും തന്നോട് ചോദിക്കാതെ വിദേശിയോട് മൃതുസമീപനം സ്വീകരിച്ചതിൽ ഈ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയെന്നും ഇതേത്തുടർന്നാണ് ലൂക്കോയെ ഫോറസ്റ്റേഷനിൽ തടഞ്ഞ് വച്ച് നടപടികൾ സ്വീകരിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

2020 വരെ ഇന്ത്യയിൽ തങ്ങുന്നതിന് ആവശ്യമായ രേഖകൾ ലൂക്കോയുടെ കൈവശം ഉണ്ടായിരുന്നു. ഇത് പരിശോധിച്ച് ഉറപ്പുവരുത്താൻ കഷ്ടി ഒരു മണിക്കൂർ പോലും ആവശ്യമില്ലന്നാണ് പരക്കെയുള്ള നിഗമനം.ഈ സാഹചര്യത്തിലാണ് 10 മണിക്കൂറോളം ലൂക്കോയെ വനം വകുപ്പധികൃതർ ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവച്ചത്. തന്റെ ഭാഗം വിശദമാക്കിയപ്പോൾ വനംവകുപ്പ് ജീവനക്കാർ ആശ്ലീലം പറഞ്ഞെന്നും അവഹേളിക്കുന്ന തരത്തിൽ പെരുമാറിയെന്നും കേസ് നടപടികൾക്കായി സമയം കളയാനില്ലന്നും ഇതിനാലാണ് പൊലീസിൽ ഇത് സംമ്പന്ധിച്ച് രേഖാമൂലം പരാതി നൽകാത്തതെന്നും ലൂക്കോ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായും അറിയുന്നു.

മൂവാറ്റുപുഴ പൊലീസ് തരപ്പെടുത്തി നൽകിയ വാഹനത്തിലാണ് ഇന്നലെ അർത്ഥരാത്രിയിൽ ലൂക്കോയും സഹായിയും ഉടുമ്പന്നൂരിലെ താമസ സ്ഥലത്തേയ്ക്ക് തിരിച്ചത്.