പാരീസ്: കുടുംബങ്ങളിൽ കൂടുതൽ കുട്ടികളുണ്ടാകുന്നതിന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ടസ്‌ക്കൻ ടൗണിലെ ഒരു ഇടവക. രണ്ടു കുട്ടികൾക്കു ശേഷമുണ്ടാകുന്ന കുട്ടിക്ക് 2000 യൂറോ ബേബി ബോണസായി നൽകിക്കൊണ്ടാണ് കുടുംബങ്ങളിൽ കൂടുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പൊതുവേ ജനനനിരക്ക് കുറഞ്ഞു വരുന്നത് കണ്ടാണ് ബേബി ബോണസുമായി സ്‌റ്റെഫാനോ ബിംബി എന്ന പുരോഹിതൻ രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലീഷിൽ കുട്ടികൾ എന്നർഥമുള്ള ബിംബി എന്ന പേരാണ് ഈ പുരോഹിതനും ഉള്ളത്. ദൈവത്തിന്റെ ദാനമായ കുട്ടികളെ സ്വീകരിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങായിത്തീരാനാണ് പണം നൽകുന്നതെന്ന് പാരീഷ് വെബ്‌സൈറ്റിൽ ഫാ. സ്റ്റെഫാനോ ബിംബി കുറിച്ചിട്ടുണ്ട്.

സിയന്നയിലെ സ്റ്റാഗിയ ഇടവകയിലാണ് ഇത്തരത്തിൽ വലിയ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് പള്ളിക്കമ്മിറ്റി പൂർണപിന്തുണ നൽകിയെന്നാണ് റിപ്പോർട്ട്.  2000 യൂറോ ബേബി ബോണസായി ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ പാരീഷ് കൗൺസിൽ മുന്നോട്ടു വച്ചിട്ടുണ്ട്. പള്ളിയിൽ വച്ച് വിവാഹിതരായ ദമ്പതികൾ ആയിരിക്കണം മാതാപിതാക്കൾ. കൂടാതെ കുടുംബത്തിൽ മൂന്നാമത് കുട്ടി ഉണ്ടാകുമ്പോഴാണ് ഈ ധനസഹായം. മാത്രമല്ല, സ്റ്റാഗിയ ഇടവകയിലുള്ളവരുമായിരിക്കണം.

നിലവിൽ ഇറ്റാലിയൻ പൗരത്വമുള്ളവർക്കു മാത്രമാണ് ഈ ധനസഹായമെങ്കിലും താമസിയാതെ നോൺ ഇറ്റാലിയൻ ആയവർക്കും ഇതു ബാധകമാക്കുമെന്ന് ഫാ. ബിംബി പറയുന്നു. ബേബി ബോണസിന് യോഗ്യത നേടിയ മാതാപിതാക്കൾക്ക് കുട്ടിയുടെ മാമ്മോദീസാ ദിവസം പണം നൽകും. ഇടവകയിൽ ഇതിനോടകം നാലു കുടുംബങ്ങൾ ബേബി ബോണസ് കൈപ്പറ്റിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.