റോം: ഇറ്റലിയിലെ സിസിലിയിലുള്ളവർ പിശാച് ബാധിച്ചാൽ ആദ്യമോടുന്നത് 80 കാരനായ കത്തോലിക്കാ വൈദികൻ കറ്റാൽഡോ മിഗ്ലിയാസോയുടെ അടുത്തേക്കാണ്. ഒരു പൂവ് നുള്ളിയെടുക്കുന്ന ലാഘവത്തോടെയാണ് ഈ ഫ്രാൻസിസ്‌കൻ പിതാവ് പിശാചിനെ ഒഴിപ്പിച്ചെടുക്കുന്നത്. ഇക്കാര്യത്തിൽ ഇറ്റലിയിലെ ഈ കത്തനാരെ തോൽപ്പിക്കാൻ ഭൂമി മലയാളത്തിൽ ഒരൊറ്റ പാസ്റ്ററും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഈ കത്തോലിക്കാ വൈദികന്റെ പിശാച് പിടിത്തത്തിന്റെ വീഡിയോ വൈറലാവുകയാണ് ഇപ്പോൾ.

ആഴ്ചതോറും നടത്തി വരുന്ന മന്ത്രവാദത്തിലൂടെ നിരവധി പേരിൽ നിന്നും ഒറ്റയടിക്ക് പിശാചിനെ ഒഴിപ്പിക്കാൻ കറ്റാൽഡോയ്ക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാലെർമോയിലുള്ള തന്റെ ചർച്ചിൽ വച്ചാണ് ഇദ്ദേഹത്തിന്റെ പ്രകടനങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഈ പുരോഹിതനെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ലിബറ നോസ് എന്നാണീ ഡോക്യുമെന്ററിയുടെ പേര്. ' ഡെലിവർ അസ്' എന്ന് ഈ ടൈറ്റിലിനെ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാം. ഒരേ സമയം എട്ട് പേരിൽ നിന്നു വരെ ഒറ്റയടിക്ക് പിശാചിനെ ഒഴിപ്പിക്കാൻ ഈ പുരോഹിതന് സാധിക്കുന്നുണ്ട്.

പിശാച് ബാധിച്ചവരെ നിരത്തി നിർത്തി പ്രത്യേക വചനങ്ങൾ ഉരുവിട്ട് പിശാചിനെ ഒഴിപ്പിക്കുന്ന പുരോഹിതന്റെ ദൃശ്യങ്ങൾക്ക് വൻ പ്രചാരണമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പുരോഹിതൻ നൽകുന്ന നിർദ്ദേശങ്ങളെ തുടർന്ന് പിശാച് ബാധിതരിൽ വ്യത്യസ്തമായ പ്രതികരണങ്ങളുണ്ടാകുന്നതും കാണാം. ഒരു സ്ത്രീക്ക് ഇതിനെ തുടർന്ന് ഓട്ടുപാത്രത്തിൽ നിന്നും നിലവിളിയും ഞരക്കവും കേൾക്കാൻ സാധിച്ചുവെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ ഇത്തരം കർമങ്ങൾക്ക് വിധേയനായ ഒരു പുരുഷൻ വായുവിൽ കടിക്കുന്നതായി കാണാൻ സാധിച്ചിരുന്നു. ഒരു ആൺകുട്ടി മാതാപിതാക്കളുടെ കൈകളിൽ കിടന്ന് കരയുന്നതാണ് കാണാൻ സാധിച്ചത്.

 

ഇത്തരം ഒരുകർമത്തിന് വിധേയയായ മറ്റൊരു സ്ത്രീ നിലത്ത് കിടന്ന് തന്റെ മുഖം എറിയുന്ന ആംഗ്യം കാണിക്കുന്ന വീഡിയേ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മറ്റൊരു സ്ത്രീ ഒന്നും രണ്ടും പറഞ്ഞ് പിറുപിറുക്കുകയും തുപ്പുകയും കാർപെറ്റിൽ കിടന്നുരുളുകയും ചെയ്യുന്നുണ്ട്. മറ്റൊരു പുരുഷൻ ബ ാധയൊഴിപ്പിക്കലിന് വിധേയനാകുമ്പോൾ കുരിശ് നേരെ പിടിക്കുന്ന വൈദികന് നേരെ ചീറുന്നത് കാണാം. പിശാച് ബാധയൊഴിപ്പിക്കൽ നിലവിൽ വർധിച്ച് വരുന്ന പ്രതിഭാസമായിത്തീർന്നിരിക്കുന്നുവെന്നാണ് ലിബറ നോസ് ഡോക്യുമെന്ററിയുടെ ഡയറക്ടറായ ഫെഡറിക്ക ഡി ഗിയാമോ പറയുന്നത്. ഡോക്യുമെന്ററിയുടെ മറ്റൊരു ഭാഗത്ത് ഈ പുരോഹിതൻ ഓരോ വ്യക്തികളെ പ്രത്യേകമായി വീടുകളിൽ വച്ചും ചർച്ചുകളിൽ വച്ചും പിശാച് ഒഴിപ്പിക്കലിന് വിധേയമാക്കുന്നത് കാണാം.എന്തായാലും കറ്റാൽഡോ മിഗ്ലിയാസോയുടെ അടുത്തെത്തുന്നവർക്ക് പിശാചിന്റെ ഉപദ്രവം പിന്നീടുണ്ടാവുന്നില്ലെന്നാണ് റിപ്പോർട്ട്.