റോം: വിവാഹമോചനം നേടാൻ ഇനി വർഷങ്ങൾ നീണ്ട കാത്തിരിപ്പു വേണ്ട. ആറു മാസമായി പിരിഞ്ഞു താമസിക്കുകയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാൽ വിവാഹമോചനം അനുവദിക്കുന്ന തരത്തിൽ ഇറ്റലിയിൽ ബിൽ പാസായി.

നിലവിൽ മൂന്നു വർഷം കാത്തിരുന്നാലാണ് ഇറ്റലിയിൽ വിവാഹമോചനം അനുവദിക്കുക. ഇതിന് ഏറെ മാറ്റം വരുത്തിക്കൊണ്ടാണ് ഇറ്റാലിയൻ സെനറ്റ് പുതിയ വിവാഹമോചന ബിൽ പാസാക്കിയിരിക്കുന്നത്. പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബില്ലിൽ ആറു മാസമോ ഒരു വർഷമോ ആയി ദമ്പതികൾ പിരിഞ്ഞു താമസിക്കുകയാണെന്ന് കോടതിയിൽ ധരിപ്പിച്ചാൽ വിവാഹമോചനം അനുവദിച്ചു കൊടുക്കും.

സെനറ്റിൽ പാസായ ബിൽ ഇനി പാർലമെന്റിൽ കൂടി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകും. മേയിൽ കൂടുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചർച്ചയും അരങ്ങേറും. അതിനു ശേഷം മാത്രമായിരിക്കും ഇതു നിയമമാകുക. നിയമം പ്രാബല്യത്തിലായാൽ നിലവിൽ ഫയൽ ചെയ്തിട്ടുള്ള വിവാഹമോചന കേസുകളിൽ ഈ നിയമമാകും നടപ്പാകുക.

പിരിഞ്ഞു താമസിക്കുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകിട്ടാൻ ഏറെ കാലതാമസം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി.