റോം: ഇറ്റലിയിൽ തൊഴിലില്ലായ്മ നിരക്ക് മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. നിലവിൽ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 500,000 ആയി ചുരുങ്ങിയിട്ടുണ്ടെന്നും 2015 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് ഇത് രണ്ടു ശതമാനം കുറവാണെന്നുമാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.3 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.

2012 നവംബർ മാസത്തിനു ശേഷം ഇപ്പോഴാണ് തൊഴിലില്ലായ്മ നിരക്കിൽ ഇടിവു രേഖപ്പെടുത്തുന്നത്. അന്ന് ഇത് 11.2 ശതമാനമായിരുന്നു. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിച്ചത് തന്റെ ലേബർ നിയമങ്ങളിലുള്ള പരിഷ്‌ക്കാരത്തിന്റെ ഫലമാണെന്നും ജോബ്‌സ് ആക്ട് വിജയകരമായി നടപ്പിലാക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി മാറ്റിയോ റെൻസി ചൂണ്ടിക്കാട്ടി. ഇറ്റലി തിരികെ അതിന്റെ ട്രാക്കിൽ പ്രവേശിച്ചു കഴിഞ്ഞു. തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുകയെന്നതാണ് ഏറ്റവും മികച്ച കാര്യമെന്നും റെൻസി ട്വീറ്റ് ചെയ്തു.

ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മയ്ക്കും നവംബറിൽ ഇടിവുണ്ടായിട്ടുണ്ട്. 15നും 24നും മധ്യേ പ്രായമുള്ളവർക്കിടയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം 38.1 ശതമാനമായിരുന്നത് 1.2 ശതമാനം ഇടിഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടുമാസത്തെ ഇടിവിനു ശേഷം നവംബർ മാസത്തിൽ 0.2 ശതമാനം ഉയർച്ചയാണ് തൊഴിൽ നേടിയവരുടെ എണ്ണത്തിൽ ഉണ്ടായത്. മൊത്തം 36,000 പേർക്ക് ഈ കാലയളവിൽ തൊഴിൽ നേടാൻ സാധിച്ചു.