കുടിയേറ്റവിരുദ്ധത പ്രചരിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയം കണ്ടത്.. ഇതേ വഴിക്കുതന്നെയാണ് പാശ്ചാത്യലോകത്തെ പല നേതാക്കളുമെന്നാണ് സൂചന. ഇറ്റലിയിൽ മുൻ പ്രധാനമന്ത്രി സിൽവിയോ ബുർലുസ്‌കോനി കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി വീണ്ടും രംഗത്തെത്തി. ആറുലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം.

ഏതുസമയത്തും പൊട്ടാവുന്ന സോഷ്യൽ ബോംബാണ് കുടിയേറ്റമെന്ന് ബുർലുസ്‌കോനി വിശേഷിപ്പിക്കുന്നു. തന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണി, അവകാശമില്ലാതെ ഇറ്റലിയിൽ തുടരുന്ന എല്ലാവരെയും പുറത്താക്കുമെന്നും ടിവി അഭിമുഖത്തിൽ സംസാരിക്കവെ ബുർലുസ്‌കോനി പറഞ്ഞു. കുടിയേറ്റമാണ് ഏറ്റവും അടിയന്തരമായി ഉത്തരം നൽകേണ്ട പ്രശ്‌നം. ഇടതുപക്ഷ സർക്കാർ രാജ്യത്ത് ആറുലക്ഷത്തോളം പേരെ അനധികൃതമായി താമസിപ്പിച്ച് പ്രശ്‌നം വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റവിരുദ്ധതയാണ് ഇറ്റലിയിൽ ഇപ്പോൾ ഏറ്റവും ശക്തമായി ഉന്നയിക്കപ്പെടുന്ന വിഷയം. ജനങ്ങൾക്കിടയിലും ഇത് കടുത്ത അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം വടക്കൻ ഇറ്റലിയിലെ മസെറേറ്റ് പട്ടണത്തിൽ വലതുപക്ഷ തീവ്രവാദിയുടെ വെടിയേറ്റ് ആറ് ആഫ്രിക്കൻ വംശജർക്ക് പരിക്കേറ്റിരുന്നു. കുടിയേറ്റം അനിയന്ത്രിതമായ അവസ്ഥയിലെത്തിയെന്നും ഇക്കാര്യത്തിൽ നിയന്ത്രണം നമുക്ക് നഷ്ടമായെന്നും ബുർലുസ്‌കോനി അഭിമുഖത്തിൽ പറഞ്ഞു.

രാജ്യത്തെ തെരുവുകൾ സുരക്ഷിതമാകേണ്ടതുണ്ട്. ഇതിനായി എല്ലാ തെരുവുകളിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് സേഫ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സൈന്യത്തെയും തെരുവുകളിൽ നിയോഗിക്കണം. ഇറ്റാലിയൻ പൗരന്മാർക്ക് സുരക്ഷിതമായി തെരുവുകളിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.

ആഫ്രിക്കയിൽനിന്നും സിറിയയിൽനിന്നുമുള്ള അഭയാർഥികൾ ഇറ്റലിയിലേക്ക് പ്രവഹിച്ചപ്പോൾ ആ പ്രശ്‌നത്തിലിടപെടാൻ യൂറോപ്യൻ യൂണിയൻ തയ്യാറായില്ലെന്ന് ബുർലുസ്‌കോനി കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണിയനിൽ ഇറ്റലിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും ആ വിശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.