റോം: കുട്ടികളും ഗർഭിണികളും യാത്ര ചെയ്യുന്ന കാറിൽ പുകവലി നിരോധിച്ചുകൊണ്ട് ഇറ്റലി. ഈ വർഷം അവസാനം മുതൽ പ്രാബല്യത്തിലാകുന്ന നിയമത്തിന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകാരം നൽകി.

കുട്ടികളും ഗർഭിണികളുമായി യാത്ര ചെയ്യുമ്പോൾ കാറിൽ പുകവലിക്കു നിരോധനം ഏർപ്പെടുത്തുന്ന നിയമം ഹെൽത്ത് മിനിസ്റ്റർ ബിയാട്രിസ് ലോറൻസീൻ ആണ് അവതരിപ്പിച്ചത്. പുകവലിക്കെതിരേ യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശങ്ങൾ തന്നെയാണ് ഇറ്റലിയും പിന്തുടരുന്നത്. പുകവലി മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങൾ വെളിവാക്കുന്ന കൂടുതൽ ചിത്രങ്ങൾ സിഗരറ്റ് പായ്ക്കിംഗിൽ ഉൾപ്പെടുത്താനും ഇറ്റലിയിലെ പുതിയ നിയമം അനുശാസിക്കുന്നു.

ഇലക്ട്രോണിക് സിഗരറ്റ് പായ്ക്കിംഗിലും ആരോഗ്യപരമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. യൂറോപ്പിൽ ഇൻഡോർ പബ്ലിക് പ്ലേസുകളിൽ പുകവലി നിരോധിച്ച മൂന്നാമത്തെ രാജ്യമായതിനു പത്തു വർഷത്തിനു ശേഷമാണ് പുതിയ നിയമം രാജ്യത്തുകൊണ്ടുവരുന്നത്. പുകവലി നിരോധനം നടപ്പിൽ വരുത്തിയതിനു ശേഷം രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ം 23.8 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ വെളിവാക്കുന്നത്.
ഇറ്റലിയിൽ 90 ശതമാനം ആൾക്കാരും പുകവലി നിയമങ്ങൾ അനുസരിക്കുന്നുണ്ടെന്നും പുകവലി സംബന്ധിച്ച ഇൻസ്‌പെക്ഷനുകളിൽ മൂന്നു ശതമാനത്തോളം മാത്രം പിഴ ഈടാക്കുന്നതിൽ എത്തിച്ചേരുന്നുള്ളൂവെന്നുമാണ് വ്യക്തമാകുന്നത്.