റോം: ഔദ്യോഗികമായി സമ്മർ ആയെന്ന് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇറ്റലിയുടെ പല ഭാഗങ്ങളിലും താപനില ഉയർന്നു. അടുത്ത ഏതാനും ദിവസങ്ങളിലും താപനില വർധിച്ചുകൊണ്ടേയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം രാജ്യത്തെ പലയിടങ്ങളിലും ആഞ്ഞുവീശുന്ന ചുടുകാറ്റിൽ പൊള്ളുകയാണ് ഇറ്റലിക്കാർ.

രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടുകൂടിയ സ്ഥലം ടസ്‌കാനിയാണ്. 34 ഡിഗ്രി ചൂടിൽ വെന്തുരുകുകയാണ് ടസ്‌കാനി. നോർത്തേൺ സിറ്റിയായ ടൂറിനിലും 30 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തെക്കൻ മേഖലകളിലാണ് ഇപ്പോൾ പൊതുവേ ചൂട് കുറവ് അനുഭവപ്പെടുന്നത്. കലാബ്രിയയിൽ 28 ഡിഗ്രിയും പൂഗ്ലിയയിൽ 27 ഡിഗ്രിയുമാണ് താപനില. എന്നാൽ ബേസിലികാറ്റയിൽ മഴയ്ക്കു സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

മുമ്പ് 2012-ലാണ് യൂറോപ്പിനെ പൊള്ളിച്ചുകൊണ്ട് ചൂടുകാറ്റ് വീശിയത്. അന്ന് ഇറ്റലിയിൽ താപനില 44.7 ഡിഗ്രി വരെ ഉയർന്നിരുന്നു. 2012 സമ്മറിലൂടനീളം താപനില മുപ്പതുവർഷത്തെ ശരാശരിയിലും 2.32 ഡിഗ്രി ഉയർന്നായിരുന്നു രേഖപ്പെടുത്തിയത്. ഇറ്റലിയിൽ വീശിയ ചൂടുകാറ്റിൽ അന്ന് 15 പേർ മരിച്ചിരുന്നു. കൂടാതെ 500 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.

യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ചൂടുകാറ്റ് വീശുന്നുണ്ട്. ചൂടുകാറ്റിന്റെ ആധിക്യം മൂലം ജർമനിയിൽ മോട്ടോർവേകളിൽ നിലവിൽ സ്പീഡ് ലിമിറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌പെയിനിൽ താപനില 36 ഡിഗ്രി വരെയെത്തുമെന്നാണ് പറയുന്നത്.