- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ നേഷൻസ് ലീഗ്: ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി; ജയം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്; മൂന്നാം സ്ഥാനം ഉറപ്പിച്ച് അസൂറിപ്പട; ഫ്രാൻസ് - സ്പെയ്ൻ കലാശപ്പോര് രാത്രി 12.30 ന്
ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. ഇതോടെ ടൂർണമെന്റിലെ മൂന്നാം സ്ഥാനം ഇറ്റലി സ്വന്തമാക്കി. സെമിയിൽ ബെൽജിയത്തെ ഫ്രാൻസും ഇറ്റലിയെ സ്പെയ്നുമാണ് കീഴടക്കിയത്. കലാശപ്പോരാട്ടം രാത്രി 12.30 ന് നടക്കും
ഇറ്റലിക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽട്ടിയിലൂടെ ഡൊമനിക്കോ ബെറാഡിയും ലക്ഷ്യം കണ്ടപ്പോൾ ചാൾസ് ഡി കെറ്റലാറെ ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി.
ഇറ്റലിയും ബെൽജിയവും പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് കളിക്കാനിറങ്ങിയത്. ഇറ്റലിയിൽ സീറോ ഇമ്മൊബിലെ, ചെല്ലിനി, വെറാട്ടി, ഇൻസീന്യെ, ബൊനൂച്ചി എന്നിവരൊന്നും കളിച്ചില്ല. സൂപ്പർ താരം റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, തോർഗാൻ ഹസാർഡ് തുടങ്ങിയ താരങ്ങൾ ബെൽജിയത്തിനുവേണ്ടിയും കളിച്ചില്ല.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബരെല്ലയിലൂടെ ഇറ്റലി ലീഡെടുത്തു. താരത്തിന്റെ തകർപ്പൻ ലോങ്റേഞ്ചർ ബെൽജിയം ഗോൾകീപ്പർ കുർട്വയെ മറികടന്ന് വലയിലെത്തി. 65-ാം മിനിട്ടിൽ ഇറ്റാലിയൻ മുന്നേറ്റതാരം കിയേസയെ ബോക്സിനകത്ത് കാസ്റ്റാഗ്‌നെ വീഴ്‌ത്തിയതോടെ ഇറ്റലിക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു.
കിക്കെടുത്ത ബെറാഡിക്ക് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ഇറ്റലിക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച ബെൽജിയം ഒടുവിൽ 86-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. കെവിൻ ഡിബ്രുയിനെയുടെ പാസ് സ്വീകരിച്ച് മുന്നേറിയ കെറ്റലാറെ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മയെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
സ്പോർട്സ് ഡെസ്ക്