റോം: പ്രധാനമന്ത്രി മറ്റിയോ റെൻസിയുടെ സാമ്പത്തിക സാമൂഹിക നയങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 12ന് ഇറ്റലിയിൽ തൊഴിലാളി സമരം അരങ്ങേറും. സിജിഐൽ, യുഐഎൽ എന്നീ പ്രമുഖ ഇറ്റാലിയൻ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ മറ്റൊരു തൊഴിലാളി സംഘടനയായ സിഐഎസ്എൽ ഈ പണിമുടക്കിൽ  പങ്കെടുക്കില്ലെന്നും റിപ്പോർട്ടുണ്ട്.

ഇറ്റാലിയുടെ തൊഴിൽ വിപണിയെ മാറ്റിമറിക്കുന്ന ജോബ് ആക്ട് കൊണ്ടു വരാനുള്ള റെൻസിയുടെ നീക്കമാണ് തൊഴിൽ സംഘടനകളെ പ്രകോപിതരാക്കിയിരിക്കുന്നത്. ഇപ്പോൾ ഈ നിയമം പാർലമെന്റിന്റെ പരിഗണന കാത്ത് കിടക്കുകയാണ്. കമ്പനികൾക്ക് തൊഴിലാളികളെ നിയമിക്കാനും പിരിച്ചു വിടാനുമുള്ള പ്രക്രിയകൾ എളുപ്പമാക്കുന്നതാണീ നിയമം. സ്‌റ്റേറ്റ് സ്‌പെൻഡിങ് വെട്ടിച്ചുരുക്കാനുള്ള റെൻസി സർക്കാരിന്റെ നീക്കങ്ങളും തൊഴിൽ സംഘടനകളുടെ അസംതൃപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്.

സമരം യഥാർത്ഥത്തിൽ ഡിസംബർ അഞ്ചിനാരംഭിക്കുമെന്നായിരുന്നു സിജിഐഎൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഘടനകൾ നിയമം ലംഘിക്കുകയാണെന്ന് പറഞ്ഞ് റെൻസിയുടെ കൂട്ടാളികൾ രംഗത്തെത്തിയതിനാൽ അത് മാറ്റുകയായിരുന്നു. സമരത്തിന് മുന്നോടിയായി സിയുബി, യുഎസ്‌ഐ, എഡിഎൽ കോബാസ് എന്നീ സംഘടനകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ  വിവിധ നഗരങ്ങളിൽ ശക്തമായ സംഘർഷങ്ങൾ അഴിച്ച് വിട്ടിരുന്നു.  20 നഗരങ്ങളിലാണ് ഈ സംയുക്ത സൂചന സമരം അരങ്ങേറിയത്.