- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഒന്നാം നമ്പർ ടീമിനെയും വീഴ്ത്തി; അപരാജിത കുതിപ്പുമായി അസുറിപ്പട യുറോകപ്പ് സെമിയിൽ; ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഒന്നാം സെമിയിൽ ഇറ്റലിക്ക് എതിരാളികൾ സ്പെയിൻ
മ്യൂണിക്ക്: യുറോകപ്പിൽ അപരാജിത കുതിപ്പുമായി ഇറ്റലി സെമിയിൽ. രണ്ടാം ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് അസുറിപ്പട യുറോകപ്പിന്റെ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്.
ഇറ്റലിക്കായി നിക്കോളോ ബരെല്ല, ലോറൻസോ ഇൻസീനി എന്നിവർ സ്‌കോർ ചെയ്തപ്പോൾ പെനാൽട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെൽജിയത്തിനായി ആശ്വാസ ഗോൾ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഈ വിജയത്തോടെ തുടർച്ചയായ 32 മത്സരങ്ങൾ ഇറ്റലി പരാജയമറിയാതെ പൂർത്തിയാക്കി. ജുലൈ 7 ന് ലണ്ടനിൽ നടക്കുന്ന ഒന്നാം സെമിയിൽ സ്‌പെയിനാണ് ഇറ്റലിയുടെ എതിരാളി.
ഗ്രൂപ്പ് ഘട്ടത്തിലെ തകർപ്പൻ പ്രകടനത്തിനുശേഷം പ്രീ ക്വാർട്ടറിൽ ചെറുതായി നിരാശപ്പെടുത്തിയെങ്കിലും, ആരാധകരെ ആവേശത്തിലാഴ്‌ത്തിയാണ് മ്യൂണിക്കിൽ ഇറ്റാലിയൻ ടീം സെമിയിലേക്ക് കടന്നത്. മ്യൂണിക്കിൽ കിക്കോഫ് വിസിൽ മുതൽ ആക്രമിച്ചു കളിച്ച ഇരു ടീമുകളും തുടക്കത്തിൽത്തന്നെ നയം വ്യക്തമാക്കിയിരുന്നു. ആദ്യ മിനിറ്റുകളിൽ ബൽജിയത്തിനായിരുന്നു മുൻതൂക്കമെങ്കിലും പതുക്കെ ഇറ്റലിയും കളംപിടിച്ചു. ഇതിനിടെ ലിയനാർഡോ ബൊനൂച്ചിയിലൂടെ ഇറ്റലി ലീഡെടുത്തെങ്കിലും 'വാറി'ലൂടെ അത് ഓഫ്‌സൈഡായി മാറി.അടിയും തിരിച്ചടിയുമായി പുരോഗമിച്ച മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോളിലൂടെ ആരാധകരുടെ കയ്യടി നേടി.
13-ാം മിനിട്ടിൽ ബൊനൂച്ചിയിലിലൂടെ ഇറ്റലി ഗോൾ നേടിയെങ്കിലും വാറിലൂടെ റഫറി ഓഫ്സൈഡ് വിളിച്ചു.16-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ടിലമെൻസിന്റെ ലോങ്റേഞ്ചർ ഇറ്റാലിയൻ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 21-ാം മിനിട്ടിൽ ബെൽജിയത്തിന്റെ കെവിൻ ഡിബ്രുയിനെയുടെ ഗോളെന്നുറച്ച അത്യുഗ്രൻ ലോങ്റേഞ്ചർ അവിശ്വസനീയമായി ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മ തട്ടിയകറ്റി. 26-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവിന്റെ മികച്ച ഗ്രൗണ്ടറും ഡോണറുമ്മ തട്ടിയകറ്റി ഇറ്റലിയുടെ രക്ഷകനായി.27-ാം മിനിട്ടിൽ ഇറ്റലിയുടെ ഇൻസീനിയുടെ വളഞ്ഞ ലോങ്റേഞ്ചർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാൽ 31-ാം മിനിട്ടിൽ ഇറ്റലി മത്സരത്തിൽ ലീഡെടുത്തു. മധ്യനിര താരം നിക്കോളോ ബരെല്ലയാണ് അസൂറികൾക്കായി ഗോൾ നേടിയത്.
ബെൽജിയം പ്രതിരോധം വരുത്തിയ ചെറിയ പിഴവിൽ നിന്നും പന്ത് കണ്ടെത്തിയ വെറാട്ടി ബെരല്ലയ്ക്ക് പാസ് നൽകി. പാസ് സ്വീകരിച്ച താരം രണ്ട് ബെൽജിയം പ്രതിരോധതാരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ കുർട്വയ്ക്ക് ഒരു സാധ്യതയും നൽകാതെ പന്ത് സെക്കൻഡ് പോസ്റ്റിലിടിച്ച് വലയിലെത്തി. ഇതോടെ ഇറ്റലിയുടെ ആത്മവിശ്വാസം വർധിച്ചു. യൂറോ കപ്പിലെ ബരെല്ലയുടെ ആദ്യ ഗോളാണിത്.
40-ാം മിനിട്ടിൽ ഇറ്റലിയുടെ കിയേസയുടെ ലോങ്റേഞ്ചർ ബെൽജിയം പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോയി. ഗോൾ വീണതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇറ്റാലിയൻ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ സാധിച്ചില്ല. 44-ാം മിനിട്ടിൽ ഇറ്റലി ലീഡുയർത്തി. ഇത്തവണ ലോറൻസോ ഇൻസീനിയാണ് അസൂറികൾക്കായി ഗോൾ നേടിയത്. പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ഒറ്റയ്ക്ക് മുന്നേറിയ ഇൻസീനി തകർപ്പൻ ലോങ്റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. ഇതോടെ ഇറ്റലി 2-0 ന് മുന്നിലെത്തി.
എന്നാൽ ഇറ്റലിയുടെ സന്തോഷത്തിന് അടുത്ത മിനിട്ടിൽ തന്നെ ബെൽജിയം തിരിച്ചടി നൽകി. 45-ാം മിനിട്ടിൽ ബെൽജിയം മുന്നേറ്റതാരം ഡോകുവിനെ ഡി ലോറൻസോ ഇറ്റാലിയൻ ബോക്സിൽ വെച്ചു വീഴ്‌ത്തിയതിന് ബെൽജിയത്തിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു.കിക്കെടുത്ത സൂപ്പർ താരം റൊമേലു ലുക്കാക്കു പന്ത് അനായാസം വലയിലെത്തിച്ച് ബെൽജിയത്തിനായി അക്കൗണ്ട് തുറന്നു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയിൽ ഇറ്റലി 2-1 എന്ന സ്‌കോറിന് ലീഡെടുത്തു.
രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. സമനില ഗോൾ നേടാനായി ബെൽജിയം അതിവേഗത്തിലുള്ള നീക്കങ്ങൾ നടത്തി. എന്നാൽ സ്ട്രൈക്കർ ലുക്കാക്കുവിലേക്ക് പന്തെത്തിക്കുന്നതിൽ മധ്യനിര പരാജയപ്പെട്ടു.നേടിയ ഗോളിനേക്കാൾ റൊമേലു ലുക്കാകു നേടാതെ പോയ ഗോളുകളാകും ബൽജിയത്തെ ഇപ്പോൾ വേദനിപ്പിക്കുന്നുണ്ടാകുക. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടു സുവർണാവസരങ്ങളാണ് ലുക്കാകു പാഴാക്കിക്കളഞ്ഞത്. ആദ്യം ഇറ്റാലിയൻ പോസ്റ്റിനു സമാന്തരമായി വന്ന ക്രോസിൽ തലവച്ചാൽ മാത്രം മതിയായിരുന്നു ലുക്കാകുവിന്. പന്തിനു കണക്കാക്കി വായുവിൽ ഉയർന്നു ചാടിയെങ്കിലും തലവയ്ക്കാനായില്ല. പിന്നീട് ലുക്കാകുവിന് ലഭിച്ച മറ്റൊരു അവസരം പോസ്റ്റിനു തൊട്ടരികെ സ്പിനാസോളയുടെ കാലിൽത്തട്ടി പുറത്തുപോയി.
അവസാന മിനിട്ടുകളിൽ സമനില ഗോൾ നേടാൻ ആഞ്ഞുശ്രമിച്ചെങ്കിലും ബെൽജിയം മുന്നേറ്റനിരയെ അസൂറികൾ സമർത്ഥമായി തന്നെ നേരിട്ടു. അർഹിച്ച വിജയം സ്വന്തമാക്കി കെല്ലിനിയും സംഘവും സെമി ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു.മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ലിയനാർഡോ സ്പിനാസോളയുടെ സേവനം ഇറ്റലിക്ക് സെമിയിൽ ലഭിക്കാൻ സാധ്യത വിരളം.
മാൻചീനിയുടെ കീഴിൽ അദ്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി സെമിഫൈനലിൽ സ്പെയിനിനെ നേരിടും. ബെൽജിയം തുടർച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായി. 2016 യൂറോ കപ്പിലും ചുവന്ന ചെകുത്താന്മാർ സെമി കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ തവണ ഇറ്റലിയും ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.
സ്പോർട്സ് ഡെസ്ക്