റോം: ഇറ്റലിയിലെ വൻകിട ഓയിൽ ആൻഡ് ഗ്യാസ് കോൺട്രാക്ടറായ സായ്‌പെം അടുത്ത രണ്ടു വർഷത്തിൽ 8800 തൊഴിലാളികളെ പിരിച്ചുവിടുന്നു. കമ്പനി വൻ നഷ്ടത്തിലായ സാഹചര്യത്തിലാണ് തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.

കമ്പനിയുടെ ലാഭവിഹിതത്തിൽ 900 മില്യൺ യൂറോയുടെ കുറവു വന്നതോടെയാണ് തൊഴിലാളികളെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള ചെലവു ചുരുക്കൽ നടപടിയിലേക്ക് കടക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ കമ്പനിയേയും അത് സാരമായി ബാധിക്കുകയായിരുന്നു. ഇറ്റാലിയൻ  ഓയിൽ കമ്പനിയായ Eni-ക്കാണ് സായ്‌പെമ്മിന്റെ 43 ശതമാനത്തോളം ഓഹരികൾ.

എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ കമ്പനിയെ ഇത് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് കണ്ടാണ് കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റെഫാനോ കാവോ പ്രസ്താവനയിൽ അറിയിച്ചു. മൊത്തം 50,000 ത്തോളം തൊഴിലാളികൾ ഉള്ള കമ്പനിയിൽ 8800 പേരെ പിരിച്ചുവിടുന്നതോടെ 2017-ഓടെ 1.3 ബില്യൺ യൂറോയുടെ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം തന്നെ ബ്രസീൽ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപാരവും കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്.

കമ്പനിയുടെ ഈ വർഷത്തെ നഷ്ടം തന്നെ 800 മില്യൺ യൂറോയാണ്. ജൂൺ വരെയുള്ള കാലയളവിൽ കമ്പനിക്ക് കടമായിട്ടുള്ളത് 5.53 ബില്യൺ യൂറോയാണെന്നാണ് കണക്കാക്കപ്പെടുന്നത്. സായ്‌പെം കമ്പനിയിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയായിരിക്കുകയാണ്. ഏഴു വർഷത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന സമ്പദ് ഘടനയ്ക്ക് ഇത്തരത്തിൽ പിരിച്ചുവിടലുകൾ തിരിച്ചടികളാണ് നൽകുന്നത്.