റോം: രാജ്യത്തെ കാൽഭാഗത്തോളം സ്‌കൂൾ കാന്റീനിലും ശുചിത്വ നിലവാരം തീരെ മോശമാണെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് സ്‌കൂൾ കാന്റീനുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തിന്റെ ഗുണമേന്മയിലും വൃത്തിയിലും വിഭവങ്ങളുടെ കാര്യത്തിലും ഇവ തീരെ പിന്നോക്കം നിൽക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ അഡ്‌മിനിസ്‌ട്രേറ്റീവ് നടപടികളിലും ഏറെ പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

2015-ലും 2016-ലുമായി 2678 സ്‌കൂൾ കാന്റീനുകളിൽ നടത്തിയ പരിശോധനകളിൽ 670 കാന്റീനുകളിലും വേണ്ടത്ര ശുചിത്വമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഹെൽത്ത് പൊലീസ് നടത്തിയ ഈ പരിശോധനയുടെ ഫലം ഹെൽത്ത് മിനിസ്റ്റർ ബിയാട്രിസ് ലോറൻസീൻ തന്നെയാണ് പുറത്തുവിട്ടത്. സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ ശുചിത്വത്തോടും മേന്മയോടും കൂടി നൽകണമെന്ന് ഹെൽത്ത് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ടിനെ തുടർന്ന് സ്‌കൂൾ കാന്റീനുകളിൽ മിന്നൽ പരിശോധനകൾ നടത്തുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ആഹാരപദാർഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ശുചിത്വ പരിശോധനയിൽ ഏറെ പിന്നോക്കം പോയ 37 സ്‌കൂൾ കാന്റീനുകൾ അധികൃതർ പൂട്ടി. കൂടാതെ ഇവിടങ്ങളിൽ നിന്നും കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത 4264 കിലോ ആഹാരപദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.