റോം: ദ വോയ്‌സ് ഇറ്റലി എന്ന സംഗീത പരിപാടിയിലൂടെ ലോകപ്രശസ്തയായ സിസ്റ്റർ ക്രിസ്റ്റീന ഇനി നാടകത്തിലും അഭിനയിക്കും. സിസ്റ്റർ ആക്ട്-11 ദ മ്യൂസിക്കൽ എന്ന നാടകത്തിലാണ് ഇരുപത്തേഴുകാരിയായ സിസ്റ്റർ ക്രിസ്റ്റീന അഭിനയിക്കുന്നത്. റോമിലെ ടീട്രോ ബ്രാൻകാസിയോ എന്ന സ്‌റ്റേജിൽ ഡിസംബർ പത്തിന് അരങ്ങേറുന്ന നാടകത്തിലാണ് സിസ്റ്റർ ക്രിസ്റ്റീന പ്രത്യക്ഷപ്പെടുന്നത്.

1992-ൽ റിലീസ് ചെയ്ത ഒരു ചിത്രത്തെ ആധാരമാക്കിയാണ് നാടകം തയാറാക്കിയിരിക്കുന്നത്. നാടകത്തിൽ സിസ്റ്റർ മരിയ റോബർട്ട എന്ന കഥാപാത്രത്തെയാണ് സിസ്റ്റർ ക്രിസ്റ്റീന അവതരിപ്പിക്കുന്നത്.  ലൗകിക ജീവിതവും കന്യാസ്ത്രീ മഠത്തിലെ ജീവിതവും തമ്മിൽ ഏതു തെരഞ്ഞെടുക്കണമെന്നുള്ള ധർമസമ്മടം അനുഭവിക്കുന്ന കഥാപാത്രമായിട്ടാണ് സിസ്റ്റർ ക്രിസ്റ്റീന വേഷമിടുക. അവസാനം ദൈവത്തിന് വേല ചെയ്യാൻ തീരുമാനിക്കുന്ന സിസ്റ്റർ മരിയ റോബർട്ടയുടെ വേഷം തന്റെ ജീവിതത്തോട് സാമ്യപ്പെട്ടിരിക്കുന്നു എന്നാണ് ഊർസുലിൻ സന്യസ്ഥ സഭാംഗമായ സിസ്റ്റർ ക്രിസ്റ്റീന പറയുന്നത്. 2009-ൽ മഠത്തിൽ ചേർന്ന സിസ്റ്റർ ക്രിസ്റ്റീന നിത്യ വ്രതം സ്വീകരിക്കുന്നതിന് മുമ്പ് രണ്ടു വർഷം പാവങ്ങൾക്കൊപ്പം ബ്രസീലിൽ ജോലി ചെയ്തിരുന്നു.

അതേസമയം നാടകത്തിൽ അഭിനയിക്കാൻ മാർപ്പാപ്പയുടെ സമ്മതം ഉണ്ടോയെന്ന ചോദ്യത്തിന് ഫ്രാൻസീസ് മാർപ്പാപ്പ ഇക്കാര്യത്തിലും തന്നെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നാണ് സിസ്റ്റർ ക്രിസ്റ്റീന മറുപടി പറയുന്നത്. സഭയും ജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ദൈവത്തിന്റെ സന്ദേശം തന്റെ സ്വരത്തിലൂടെ എങ്ങും പ്രചരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിസ്റ്റർ ക്രിസ്റ്റീന പറയുന്നു.

ദ വോയ്‌സ് ഇറ്റലിയിൽ ഒന്നാമതെത്തിയ സിസ്റ്റർ ക്രിസ്റ്റീന ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ലക്ഷക്കണക്കിന് ആൾക്കാരാണ് യൂ ട്യൂബിൽ സിസ്റ്റർ ക്രിസ്റ്റീനയുടെ പാട്ടു കേട്ടത്. പിന്നീട് ഒരു സംഗീത ആൽബവും സിസ്റ്റർ ക്രിസ്റ്റീന പുറത്തിറക്കിയിരുന്നു.