വോയ്‌സ് ഇറ്റലിയിലൂടെ ലോകമാകമാനമുള്ള സംഗീതപ്രേക്ഷകരുടെ മനംകവർന്ന സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം പുറത്തിറങ്ങുന്നു. ദ വോയ്‌സ് ഇറ്റലിയുടെ വിധികർത്താക്കളിൽ ഒരാളായ അലിസീയ കീയുടെ നോ വൺ എന്ന ആൽബത്തിലൂടെയാണ് സിസ്റ്റർ ക്രിസ്റ്റീന മറ്റൊരു ചരിത്രം രചിക്കാൻ പോകുന്നത്. യൂണിവേഴ്‌സൽ മ്യൂസിക് കമ്പനിയാണ് നോ വൺ ആൽബം പുറത്തിറക്കുന്നത്.

ആൽബം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സിസ്റ്റർ ക്രിസ്റ്റീന നോ വണിന്റെ റെക്കോർഡിംഗിനായി സ്റ്റുഡിയോയിലെത്തുന്നതും റെക്കോർഡിങ് നടത്തുന്നതിന്റെ ഏതാനും ചില ദൃശ്യങ്ങളും മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉടൻ വരുന്നു...എന്നു മാത്രം സൂചിപ്പിച്ചുകൊണ്ട് ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദൃശ്യം അവസാനിക്കുകയാണ്.

കഴിഞ്ഞ ജൂണിലാണ് ദ വോയ്‌സ് ഇറ്റലിയിൽ സിസ്റ്റർ ക്രിസ്റ്റീന വിജയകിരീടം ചൂടിയത്. വോയ്‌സ് ഇറ്റലിയിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ സിസ്റ്റർ ക്രിസ്റ്റീനയും അതിപ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. അതേസമയം സംഗീതം ഒരു കരിയറായി സ്വീകരിക്കാൻ തയാറല്ലെന്ന് സിസ്റ്റർ ക്രിസ്റ്റീന ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. മ്യൂസിക് കരിയറായി സ്വീകരിക്കാനല്ല താൻ ഇവിടെ എത്തിയതെന്നും എന്നാൽ ഇതിലൂടെ ഒരു സന്ദേശം ലോകത്തെ അറിയിക്കാനാണ് താൻ ദ വോയ്‌സ് ഇറ്റലിയിൽ മത്സരിക്കാൻ തയാറായതെന്നും വോയ്‌സ് ഇറ്റലി കിരീടം ചൂടിയ ശേഷം സിസ്റ്റർ ക്രിസ്റ്റീന വ്യക്തമാക്കിയിരുന്നു.