റോം; വിദേശ വനിതകൾക്ക് ജോലി ചെയ്യാൻ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലി ഏറ്റവും പിന്നിൽ. നാഷണൽ ഇക്കോണമി, ജോബ് സുരക്ഷ, കുറഞ്ഞ ശമ്പളം തുടങ്ങിയവ കണക്കിലെടുക്കുമ്പോഴാണ് ഇറ്റലി വിദേശ വനിതകളുടെ അപ്രിയ രാജ്യമാകുന്നത്. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശ വനിതകളിൽ 43 ശതമാനം പേരും അസംതൃപ്തരാണെന്നാണ് സർവേ വ്യക്തമാക്കുന്നത്. എക്‌സ്പാറ്റ് നെറ്റ് വർക്കിങ് സൈറ്റായ ഇന്റർ നാഷൻസ് ആണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്.

ഇന്റർനാഷൻസ് തയാറാക്കിയ പട്ടികയിൽ അമ്പത്താറാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്. മൊത്തം അമ്പത്തേഴു രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇറ്റലിക്ക് പിന്നിൽ നിൽക്കുന്ന രാജ്യം ഗ്രീസ് മാത്രമാണ്.  ലക്‌സംബർഗ്, തയ്വാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്തു ഹംഗറിയാണ്. ബഹ്‌റൈൻ, ഓസ്‌ട്രേലിയ, ഇക്വഡോർ, ന്യൂസീലൻഡ്, നോർവേ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് പിന്നീട് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

ഇറ്റലിയിൽ ജോലി നോക്കുന്ന വിദേശ വനിതകളിൽ ചെറിയൊരു ശതമാനം മാത്രമാണ് മികച്ച തൊഴിൽ ചെയ്യുന്നത്. 22 ശതമാനം പേരാണ് കോർപറേറ്റ് മേഖലകളിൽ അല്ലെങ്കിൽ മാനേജർമാരായി ജോലി ചെയ്യുന്നത്. അതേസമയം ഗ്ലോബൽ നിരക്ക് 36 ശതമാനമാണ്. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കല്ല ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.