കൊച്ചി: ജെ.ആർ ഫിലിം ഹൗസിന്റെ ബാനറിൽ നവാഗത സംവിധായകനായ ശ്യാംമോഹനൻ, അറുപതോളം പുതുമുഖങ്ങളെ അണിനിരത്തി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ടി ഐ. ഐ ടി ഐ എന്ന ക്യാമ്പസ് ഇതുവരെ പൂർണമായി സിനിമയിൽ പ്രതിബാധിക്കാത്ത ഒരു വിഷയമാണ്.

ക്യാമ്പസിനുള്ളിലെ സൗഹൃദം, പ്രണയം, രാഷ്ട്രീയം, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ, നല്ല പാട്ടുകൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഐ ടി ഐ ഒരുക്കുന്നത്. കഴിവുള്ള കുറെയേറെ പുതുമുഖങ്ങളും, കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശ്യാംമോഹനൻ ആണ്.

തിരക്കഥ,സംഭാഷണം രചിച്ചിരിക്കുന്നത് നവാഗതരായ പ്രശോഭ്, മനു, തോമാച്ചൻ എന്നിവർ ചേർന്നാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് തിരക്കഥ രചനയിൽ പങ്കാളി കൂടിയായ മനുവാണ്. കൂടാതെ ടെക്‌നിക്കൽ വിഭാഗത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷന്മാരും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ പകുതിയോടെ ബാംഗ്ലൂർ, എറണാകുളം, തൃശൂർ പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കുന്നു.